ശീമനെല്ലി പഴവർഗത്തിൽപ്പെടുന്ന ഒരു ചെടിയാണ്. കേരളത്തിൽ നന്നായി വളരുമെന്നതിനാൽ മിക്കയിടങ്ങളിലും ഈ ചെടി നട്ടുവളർത്തിയിരിക്കുന്നതു കാണാവുന്നതാണ്. വീട്ടുമുറ്റങ്ങളിലെയൊരു അലങ്കാരച്ചെടി കൂടിയാണിത്. അധികം ഉയരം വയ്ക്കാത്ത ഈ ചെടിയുടെ മറ്റൊരു പേരാണ് ലവിലവി. പഴുത്താൽ പുളി കലർന്ന മധുരമുള്ള ഇതിൻ്റെ കായ്‌കൾക്കു ചുവപ്പുനിറമാണ്. കായ്കൾ കുലകളായി കാണപ്പെടുന്നു.
അച്ചാറുകൾ, ജാം എന്നിവ ഉണ്ടാക്കുന്നതിനാണ് ശീമനെല്ലി ഉപയോഗിക്കുക. എല്ലാ കാലാവസ്‌ഥയിലും വളരുന്നു. നല്ല നീർവാർച്ചയുള്ള പശിമരാശി കുറഞ്ഞ മണ്ണാണ് കൃഷിക്ക് ഉത്തമം. വിത്തു മുളപ്പിച്ചുള്ള തൈകളോ പതിവച്ച തൈകളോ ആണ് മുഖ്യ നടീൽ വസ്തു.
മൂപ്പുകുറഞ്ഞ ശിഖരങ്ങളുടെ അഗ്രത്തിൽ നിന്ന് ഒരടിയോളം താഴ്ത്തി 2-2.5 സെ. മീ. വീതിയിൽ വൃത്താകൃതിയിൽ തൊലി ഇളക്കി നീക്കണം. ഇതിൽ ഈർപ്പമുള്ള ചകിരിച്ചോറ്, ചാണകപ്പൊടി, മണൽ എന്നിവ കലർന്ന മിശ്രിതം പോളിത്തീൻഷിറ്റിൽ നിരത്തിയതു കൊണ്ട് പൊതിഞ്ഞു കെട്ടണം. ഈ ഭാഗത്ത് മൂന്നു മുതൽ അഞ്ച് ആഴ്‌ചകൾ കൊണ്ടു വേരു പൊടിച്ചു തുടങ്ങും.
വേരുകൾ വേണ്ട അളവിലായാൽ അതിനു താഴെ വച്ചു കമ്പു മുറിച്ചെടുക്കുക. ഇനി പോട്ടിംഗ് മിശ്രിതം നിറച്ച ചട്ടിയിൽ നട്ട് തളിരുകൾ ആകുന്നതോടെ പ്രധാനസ്‌ഥലത്തു നടാവുന്നതാണ്.
അര മീറ്റർ വീതം നീളം വീതി താഴ്ച്‌ചയുള്ള കുഴിയെടുത്തതിൽ മേൽമണ്ണും ചാണകപ്പൊടിയും കലർത്തി നിറച്ചു തൈ നടാം. വേനൽക്കാലത്തു നനയ്ക്കണം. നട്ടു രണ്ടുമൂന്നു വർഷം കൊണ്ടു കായ്ച്ചു തുടങ്ങും. പഴുത്തു തുടങ്ങുമ്പോൾ കായ്‌കൾ പറിച്ചെടുക്കാം.