പറിച്ചെടുത്ത തിരികൾ ഒന്നോ രണ്ടോ ദിവസം ചാക്കിൽ കെട്ടി വയ്ക്കുകയോ കൂട്ടിയിട്ടു മൂടിവെക്കുകയോ ചെയ്ത ശേഷം ഉതിർത്തെടുത്താൽ മണികൾ വേഗം വേർപെട്ടു കിട്ടും. ഭൂരിഭാഗം കർഷകരും പാദം കൊണ്ടു ചവിട്ടിയാണ് മണി ഉതിർത്തെടുക്കുന്നത്. എന്നിട്ടും പൊഴിയാത്തവ കൈവിരൽ കൊണ്ട് ഉതിർക്കുന്നു. കാലും കൈയ്യും വൃത്തിയാക്കിയ ശേഷം വേണം മണികൾ വേർപെടുത്തുന്ന ജോലിയിൽ ഏർപ്പെടാൻ. കുരുമുളക് മെതിച്ചെടുക്കാനുള്ള മെതിയന്ത്രങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
ഉണക്കൽ
മണികൾ ഉണക്കുന്നതിനു മുമ്പ് തിളച്ച വെള്ളത്തിൽ ഒരു മിനിട്ട് മുക്കി വെച്ച ശേഷം ഉണക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്താൽ മണികൾക്ക് നല്ല തിളങ്ങുന്ന കറുപ്പു നിറം ലഭിക്കുന്നു.
മണികൾ വേഗം ഉണക്കിക്കിട്ടാനും ഈ രീതി സഹായിക്കും. കുരുമുളക് പൂപ്പൽ ബാധിക്കുന്നതിനെയും ഒരു പരിധിവരെ തടയാൻ ഈ രീതി സഹായകമാണ്.
വെയിലിന്റെ കാഠിന്യവും അന്തരീക്ഷത്തിലെ ഈർപ്പവുമനുസരിച്ച് ഉണങ്ങാനുള്ള സമയത്തിൽ ഏറ്റക്കുറച്ചിലുകൾ കാണാം. നല്ല വണ്ണം ഉണങ്ങിയ കുരുമുളകിൻ്റെ പുറന്തൊലി ചുളിഞ്ഞിരിക്കും.
മണിയിലെ ഈർപ്പം 10-12 ശതമാനമായി കുറച്ചു കൊണ്ടു വരണം. ഈർപ്പത്തിന്റെ തോത് കൃത്യമായറിയാൻ മോയിസ്‌ചർ മീറ്റർ ഇന്ന് വിപണിയിൽ ലഭ്യമാണ്.
ശുചീകരണം
ഉണങ്ങിയ മുളക് വൃത്തിയാക്കുന്നതും പ്രധാനമാണ്. കുരുമുളകിൽ കാണുന്ന പൊടി, പൊള്ള്, ചീര് അഥവാ മൊട്ടുമണി, തിരിയുടെയും ഞെട്ടിൻ്റെയും അവശിഷ്‌ടങ്ങൾ തണ്ട്, ഇല എന്നിവയുടെ ഭാഗങ്ങൾ ഇവ നീക്കം ചെയ്യണം. ഉണങ്ങിയ മുളക് പാറ്റി വൃത്തിയാക്കണം. പാറ്റുമ്പോൾ പോകാത്ത മാലിന്യങ്ങൾ പെറുക്കി കളയണം. വൃത്തിയാക്കിയ കുരുമുളക് പോളിത്തീൻ ലൈനിംഗുള്ള പുതിയ ചണച്ചാക്കുകളിലാക്കി സൂക്ഷിക്കാം.