പുതിയിന കൃഷിയിടത്തിൽ വളർത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. എളുപ്പത്തിൽ നട്ടു വളർത്താൻ പറ്റുന്ന എന്നാൽ ഒരല്പം ശ്രദ്ധ നൽകേണ്ട ഒരു ചെടിയാണ് പൊതീന. പുതിയിനയുടെ കൃഷിരീതി താഴെ വിശദമായി പരിചയപ്പെടാം.
കേരളത്തിൽ എല്ലാ സമയത്തും ചെയ്യാൻ പറ്റുന്ന കൃഷിയാണ് പുതിനകൃഷി. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണില്‍ പുതിന എളുപ്പം കൃഷി ചെയ്യാം. കാര്യമായ പരിചരണം ആവശ്യമില്ല താനും. തണ്ടുകള്‍ ഉപയോഗിച്ചാണ് ഇവ കൃഷി ചെയ്യേണ്ടത്. കടകളില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ ബാക്കി വരുന്നത് നട്ടാൽ മതി. വിഷമടിച്ച പുതിനയുടെ ഉപയോഗിക്കുന്നത് ഒഴിവാക്കാനുമാകും.
ഭാഗികമായി തണലും മിതമായ ജലസേചനവുമാണ് ഈ കൃഷിക്ക് ആവശ്യമായി വേണ്ടത്. ചാണകപ്പൊടി പോലെയുള്ള ജൈവ വളങ്ങള്‍ വല്ലപ്പോഴും ചേർത്തു കൊടുക്കണം.
ചെറിയ കവറുകളിലോ അല്ലെങ്കില്‍ ഗ്രോ ബാഗുകളിലോ മണ്ണും ജൈവ വളങ്ങളും മണ്ണ് നിറക്കുക. അതിലേക്കു പുതിനയുടെ തണ്ടുകള്‍ നടുക. നനക്കുന്നത് കൂടുതലാകരുത്. തണ്ടുകൾ ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. ഗ്രോബാഗ് തണലത്തു തന്നെ സൂക്ഷിക്കണം. നാലഞ്ചു ദിവസങ്ങള്‍ കൊണ്ട് പുതിയ ഇലകള്‍ മുളച്ചു തുടങ്ങും.
ചെറിയ കവറുകളില്‍ നട്ട തണ്ടുകള്‍ വളര്‍ന്ന ശേഷം മണ്ണിലേക്കോ ഗ്രോബാഗുകളിലേക്കോ ചട്ടികളിലേക്കോ മാറ്റി നടാവുന്നതാണ്. നല്ലവണ്ണം വെയിൽ കിട്ടുന്ന സ്ഥലങ്ങൾ ഒഴിവാക്കി വീടിന്‍റെ പാരപ്പറ്റിന് താഴെയോ മരങ്ങൾക്കു താഴെയോ ചെറിയ രീതിയിൽ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളിൽ വെക്കാവുന്നതാണ്.
തണ്ട് എളുപ്പത്തിൽ മുളയ്ക്കാനായി ഒരു ഗ്ലാസിൽ ഒരല്പം വെള്ളം എടുത്ത് അതിൽ കട്ടിയുള്ള തണ്ട് മുക്കി വയ്ക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് തണ്ടിൽ നിന്ന് എളുപ്പത്തിൽ വേരുകൾ ഉണ്ടാകാൻ സഹായിക്കും. അമിതമായ വെയിൽ കൊള്ളുന്നത് കരിഞ്ഞു പോകാനും വെള്ളം കെട്ടിനിൽക്കുന്നത് അഴുകിപ്പോവാനുള്ള സാഹചര്യമുണ്ടാകും. എന്നാൽ മിതമായ കാലാവസ്ഥയിൽ വേണം നടാൻ.