വലിപ്പത്താലും ഭംഗിയാലും ഏതൊരാളെയും ആകർഷിക്കും അശോകമരത്തിൻ്റെ സാന്നിദ്ധ്യം. കടും പച്ച ഇലകളാൽ സമൃദ്ധമായ അശോകത്തെ ഒരു തണൽമരമായും വഴിയോരമരമായും പാതകളുടെ ഇരുവശങ്ങളിലും വച്ചു പിടിപ്പിക്കാറുണ്ട്.
നടീലും പരിചരണവും
കാലവർഷാരംഭത്തോടെ ചതുരാകൃതിയുളള കുഴികളിൽ നടീൽ മിശ്രിതം നിറച്ച ശേഷം അശോകത്തൈകൾ (വിത്ത് മുളപ്പിച്ചോ പതിവച്ചോ തയ്യാറാക്കിയവ) നട്ടു കൊടുക്കാം -തമ്മിൽ മൂന്നു മീറ്റർ അകലത്തിൽ.
വർഷത്തിൽ രണ്ട് തവണയായി ജൈവവളം നൽകണം. തൈയൊന്നിന് ആദ്യ വർഷം 2 കി.ഗ്രാം, രണ്ടാമത്തെ വർഷം 4 കി.ഗ്രാം എന്നിങ്ങനെ വർഷം തോറും 2 കി.ഗ്രാം വീതം ക്രമമായി വർദ്ധിപ്പിച്ച്, അഞ്ചാം വർഷം മുതൽ മരമൊന്നിന് 10 കി.ഗ്രാം ജൈവവളം നൽകണം. അശോകത്തിന് പൊതുവേ രോഗ- കീടം കാണാറില്ല.
അശോകത്തൈകൾ മൂന്നു വർഷം പ്രായമായാൽ പൂത്തു തുടങ്ങും, മരുന്നിനുള്ള ആവശ്യാനുസരണം പൂങ്കുലകൾ ശേഖരിക്കാം. പാകത്തിന് വണ്ണം വച്ച ശാഖകളിൽ നിന്നും പുറംതൊലിയെടുക്കാവുന്നതാണ്.
മരം മുറിച്ചോ അല്ലാതെയോ, അശോകമരത്തിൽ നിന്നും മരപ്പട്ട ശേഖരിക്കാം. ഇരുപതുവർഷത്തോളം - പ്രായമുള്ള മരത്തിനെ തറയിൽ നിന്നും 15 സെ.മി. - ഉയരത്തിൽ വച്ചു മുറിച്ച ശേഷം, അവശേഷിക്കുന്ന കടഭാഗത്ത് നന്നായി നനച്ച്. ആവശ്യാനുസരണം വളം ചേർത്തു കൊടുക്കാം. ക്രമേണയുണ്ടാകുന്ന പുതിയ ചിനപ്പുകൾ വളർന്ന് അഞ്ചാം വർഷത്തോടെ വീണ്ടും വിളവെടുപ്പിന് പാകമാകുന്നു.
മരം മുറിക്കാതെ തൊലിയെടുക്കുന്ന രീതിയിൽ, പാകമായ ശാഖകളുടെ ഒരു വശത്തെ പട്ട നെടുകേ ഉരിഞ്ഞെടുക്കുന്നു. ഈ ഭാഗത്ത് പുതിയ പുറംതൊലിയുണ്ടാകുന്നതിന് രണ്ടു വർഷത്തോളം ആവശ്യമാണ്. അടുത്ത തവണ മറുഭാഗത്തെ പട്ടയാണ് ഉരിഞ്ഞെടുക്കേണ്ടത്. ഇത്തരത്തിൽ ഇരുവശങ്ങളിൽ നിന്നും മാറി മാറി ഒട്ടേറെ വർഷങ്ങളോളം വിളവെടുക്കാം.