വാൻഡയെയും ഡെൻഡ്രോബിയത്തെയും അപേക്ഷിച്ച് അരാക്നിസ് പൂങ്കുലകൾക്ക് നീളമുള്ള പെട്ടി വേണം. താരതമ്യേന ഒതുക്കവും ബലവുമുള്ളതായതിനാൽ അരാക്നിസ് പൂങ്കുലകൾ കൂടുതൽ അടുപ്പിച്ച് പൊതിഞ്ഞു കെട്ടാം. എന്നാൽ, ഫലനോപ്സിസ്, ഓൺസീ ഡിയം മുതലായവ പാക്ക് ചെയ്യുമ്പോൾ കൂടുതൽ സ്ഥലം വേണ്ടി വരും; കാരണം അവയുടെ പൂങ്കുലകൾ ശിഖരങ്ങളുള്ളതും പൂക്കൾ നേർത്തതുമാണ്. പെട്ടിയുടെ വശങ്ങളിൽ വായുസഞ്ചാരത്തിന് സുഷിരങ്ങൾ ഇടണം.
ഒരു പെട്ടിയിൽ നാലഞ്ചു പൂങ്കുലകൾ വരെ പാക്ക് ചെയ്യാം. പെട്ടിയുടെ ഉൾഭാഗം ടിഷ്യുപേപ്പറോ സാധാരണ കടലാസോ കൊണ്ട് ലൈനിങ് പിടിപ്പിക്കണം. പൂത്തണ്ടിന്റെ മുറിച്ച് അറ്റം നനഞ്ഞ പഞ്ഞി കൊണ്ട് മൂടി പൊതിയണം. എന്നിട്ട് അതിനു മീതേ കനം കുറഞ്ഞ പോളിത്തീൻ ഷീറ്റ് ചുറ്റി റബർ ബാൻഡിട്ട് കെട്ടുന്നു. പൂക്കൾ നിർദ്ദിഷ്ട സ്ഥലത്തെത്തുന്നതുവരെ പെട്ടി തണുത്തിരിക്കാനുള്ള സംവിധാനം ചെയ്യുന്നതാണ് ഏറ്റവും നല്ലത്. പെട്ടിക്കുള്ളിൽ കടലാ സിനു പകരം ചിലർ വാഴയിലയും ഉപയോഗിക്കാറുണ്ട്.
പൂക്കൾ എത്തേണ്ട സ്ഥലത്ത് എത്തിയാലുടൻ പെട്ടിയിൽ നിന്ന് പുറത്തെടുക്കണം. എന്നിട്ട് ചുവടറ്റത്തു നിന്ന് 1 - 2 സെ.മീറ്റർ നീളം മുറിച്ചു കളയും. തുടർന്ന് വെള്ളം നിറച്ച ഫ്ളാസ്ക്കിൽ വയ്ക്കും. ശരിയായ രീതിയിൽ മുറിച്ച് പാക്ക് ചെയ്ത പൂത്തണ്ടാണെങ്കിൽ അത് പിന്നെയും മൂന്നാഴ്ചയോളം തെല്ലും ഭംഗി കുറയാതെ നിൽക്കും. ഓരോ മൂന്നു ദിവസം കൂടുമ്പോഴും പൂത്തണ്ടിന്റെ ചുവടറ്റത്തു നിന്ന് അര മുതൽ ഒന്നര വരെ സെ.മീറ്റർ നീളത്തിൽ മുറിച്ചു നീക്കണം. ചുവടറ്റത്തെ നിർജീവമായ കോശങ്ങളെ ഒഴിവാക്കാനാണിത്. ഇങ്ങനെ ചെയ്താൽ അറ്റത്തുള്ള കോശങ്ങൾ വെള്ളം വലിച്ചെടുക്കുകയും അങ്ങനെ ദീർഘനാൾ പുതുമ കൈവിടാതെ നിൽക്കുകയും ചെയ്യും.