ഉഷ്ണകാലങ്ങളിൽ വളർത്താൻ യോജിച്ച വെള്ളരിക്ക് മിതമായ ശൈത്യം പോലും സഹിക്കുവാനുള്ള കഴിവില്ല. മണ്ണിൽ പടർന്നു വളരുന്ന സസ്യഭാഗങ്ങൾ കൂടുതൽ ഈർപ്പം തട്ടിയാൽ രോഗങ്ങളും മറ്റും വന്ന് അഴുകിപ്പോകുന്നു. അതിനാൽ കൂടുതൽ സൂര്യപ്രകാശം കിട്ടുന്നതും കൂടുതൽ അന്തരീകഷ ഈർപ്പം ഇല്ലാത്തതുമായ സ്ഥലങ്ങളാണ് വെള്ളരി കൃഷിക്ക് അനുയോജ്യം. എല്ലാത്തരം മണ്ണിലും വെള്ളരി കൃഷി ചെയ്യാവുന്നതാണ്. മണൽ കലർന്ന പശിമരാശി മണ്ണാണ് വെള്ളരി കൃഷിക്ക് ഏറ്റവും അനുയോജ്യം.
മണ്ണ് നന്നായി കിളച്ചു വിത്തു നടാനുള്ള തടങ്ങൾ എടുക്കണം. തടങ്ങൾക്ക് 60 സെ.മീറ്റർ വ്യാസവും 40 സെ.മീറ്റർ ആഴവും ഉണ്ടായിരിക്കണം. തടങ്ങൾ നിർമിക്കുമ്പോൾ വരികൾ തമ്മിൽ 2 മീറ്റർ അകലവും ചെടികൾ തമ്മിൽ 1.5 മീറ്റർ അകലവും നൽകണം. തടങ്ങളിൽ കരിയിലയോ ചവറോ ഇട്ട് കത്തിക്കേണ്ടതാണ്. ഓരോ തടത്തിലും 1-2 കിലോഗ്രാം ചാണകപ്പൊടിയും രണ്ടു കൈ ചാരവും മേൽമണ്ണുമായി കലർത്തണം.
ഓരോ തടത്തിലും 3-4 വിത്തുകൾ വീതം പാകണം. വിതയ്ക്കുന്നതിന് മുമ്പ് 24 മണിക്കൂർ സമയം വിത്ത് വെള്ളത്തിൽ മുക്കി വയ്ക്കുന്നത് ബീജാങ്കുരുണം ത്വരിതപ്പെടുത്താൻ സഹായിക്കും. വിത്ത് മുളച്ച് രണ്ടാഴ്‌ച കഴിയുമ്പോൾ ഓരോ തടത്തിലും രണ്ട് തൈ വീതം നിർത്തി ബാക്കി പറിച്ചുകള യണം. ഒരു ഹെക്ടർ സ്ഥലത്തെ കൃഷിക്ക് 500-750 ഗ്രാം വിത്ത് വേണ്ടി വരും.
അടിവളമായി ഉണങ്ങിയ ചാണകപ്പൊടി ഇടാം. കുഴിയൊന്നിന് 50 ഗ്രാം എല്ലുപൊടി കൂടി നല്‍കണം. രണ്ടുമീറ്റര്‍ അകലത്തിലുള്ള കുഴികളില്‍ എടുത്ത് അവയില്‍ നാലു-അഞ്ച് വിത്തുകള്‍ വിതയ്ക്കാം. വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു രണ്ടുമണിക്കൂര്‍ വെച്ചതിനുശേഷം നടുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. രാവിലെയും വൈകുന്നേരവും മിതമായി നനച്ചു കൊടുക്കണം.
വള്ളി വീശുമ്പോഴും പൂവിടുമ്പോഴും വീണ്ടും ചാണകപ്പെടി ചേര്‍ത്തുകൊടുക്കാം. പൂവിട്ടുകഴിഞ്ഞാല്‍ 10 ദിവസത്തിലൊരിക്കല്‍ ഒരുകിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് ഉത്പാദകവര്‍ധനയ്ക്ക് സഹായിക്കും.
45-55 ദിവസം കഴിയുമ്പോൾ വിളവെടുപ്പ് തുടങ്ങാം. രണ്ടു മാസത്തോളം വിളവെടുപ്പ് നീണ്ടു നിൽക്കും. 5-7 ദിവസം ഇടവിട്ട് വിളവെടുപ്പ് നടത്താം. ഹെക്‌ടർ ഒന്നിന് 8-10 ടൺ വിളവ് ലഭിക്കും.