നല്ല നീർവാർച്ചയുള്ള ഏതുതരം മണ്ണിലും റോസ് കൃഷി ചെയ്യാമെങ്കിലും വളക്കൂറുള്ള എക്കൽ മണ്ണാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. നീർവാർച്ച കുറഞ്ഞ മണ്ണാണെങ്കിൽ മണലും ചരലുംകൂടി കലർത്തി നീർവാർച്ച മെച്ചപ്പെടുത്താവുന്നതാണ്. മണ്ണിലെ pH. 6.0 മുതൽ 7.5 വരെയാകാം.
നല്ല സൂര്യപ്രകാശവും വായു സഞ്ചാരവുമുള്ള സ്ഥലങ്ങൾ കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. ദിവസം 6 മണിക്കൂറെങ്കിലും നല്ല സൂര്യപ്രകാശം ലഭിച്ചാലേ നല്ല രീതിയിൽ പൂക്കൾ ഉണ്ടാവുകയുള്ളൂ.
നിലം ഒരുക്കലും നടീലും
റോസാ ചെടികൾ ബെഡുകളിലും കുഴികളിലും ചട്ടികളിലും നടാവുന്നതാണ്. ബെഡുകൾ തയാറാക്കുമ്പോൾ മറ്റു കൃഷിപ്പണികൾ ചെയ്യുന്നതിനുള്ള സൗകര്യത്തിനായി 6 × 1.2 മീറ്റർ അല്ലെങ്കിൽ 6 x 1.65 മീറ്റർ വലിപ്പത്തിൽ ബെഡുകൾ എടുക്കുന്നതായിരിക്കും നല്ലത്. നടുന്നതിനു വേണ്ടി എടുക്കുന്ന വൃത്താകൃതിയിലുള്ള കുഴികൾക്ക് 75 മുതൽ 90 സെൻ്റീമീറ്റർ വരെ വ്യാസം ഉണ്ടായിരിക്കണം. ഇതിന് 60 മുതൽ 75 സെൻ്റീമീറ്റർ ആഴവും ഉണ്ടായിരിക്കേണ്ടതാണ്. ചെടികൾ തമ്മിൽ 60 X 30 സെൻ്റീമീറ്റർ അകലം പാലിക്കണം. മേൽമണ്ണും ചാണകപ്പൊടിയും കൊണ്ട് കുഴികൾ മൂടിയ ശേഷമാണ് ചെടികൾ നടേണ്ടത്.
ബെഡുകളിൽ നടുമ്പോൾ മണ്ണ് നന്നായി ഒരുക്കിയെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല മണ്ണിൽ മിതമായ ഈർപ്പം നിലനിർത്തുകയും വേണം.
വേണ്ടത്ര അകലത്തിൽ 20 മുതൽ 30 സെൻ്റീമീറ്റർ വരെ വ്യാസമുള്ള ചെറിയ കുഴികളെടുത്താണ് ചെടികൾ നടുന്നത്. ഇപ്രകാരം ബെഡുകളിൽ നടുന്നതിന്, വേരുപടലം മണ്ണു കൊണ്ട് പൊതിഞ്ഞിരിക്കുന്ന അവസ്ഥയിലുള്ള തൈകളാണ് തിരഞ്ഞെടുക്കേണ്ടത്. ബഡ് ചെയ്‌ത ഭാഗം മണ്ണിന്നടിയിലായി പോകാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.
അനുയോജ്യമായ തായ്ത്തടി വളർത്തി വലുതാക്കിയ ശേഷം അതിൽ നല്ലയിനം റോസുകളുടെ ബഡുകൾ വച്ചുപിടിപ്പിക്കുകയാണ് നല്ലയിനം റോസുകൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഒരു മാർഗം. ഇങ്ങനെ ബഡു ചെയ്‌ത് എടുക്കാൻ കഴിയാത്തവർക്ക് നഴ്‌സറികളിൽ നിന്നും ബഡു ചെയ്‌ത തൈകൾ തിരഞ്ഞെടുക്കാവുന്നതാണ്.
കളനിയന്ത്രണം, വളപ്രയോഗം, പ്രൂണിങ്, ജലസേചനം തുടങ്ങിയവയാണ് റോസിലെ പ്രധാന കൃഷിപ്പണികൾ.