കൊമ്പൻചെല്ലിയുടെ പൂർണ്ണ വളർച്ചയെത്തിയ വണ്ടാണ് തെങ്ങിനെ ആക്രമിക്കുന്നത്. അവയുടെ പുഴുക്കൾ ജൈവാവശിഷ്ടങ്ങൾ ഭക്ഷിച്ച് വളരുന്നതിനാൽ കമ്പോസ്റ്റ് കുഴികളിലോ ചാണകക്കുഴികളിലോ കാണപ്പെടുന്നു.
ലക്ഷണങ്ങൾ
വിരിഞ്ഞു വരുന്ന കൂമ്പോലകൾ ത്രികോണാകൃതിയിൽ വെട്ടിയിട്ടിരിക്കുന്നതു പോലെ കാണപ്പെടുന്നു. മടലിൽ ദ്വാരങ്ങളും കാണപ്പെടുന്നു.
നിയന്ത്രണ മാർഗ്ഗങ്ങൾ
തോട്ടത്തിൽനിന്നും ജൈവാവശിഷ്ടങ്ങൾ നീക്കം ചെയ്ത് തോട്ടം വൃത്തിയായി സൂക്ഷിക്കുക.
വളക്കുഴികളിൽ 5 കിലോ വീതം പെരുവലം 100 കിലോ ചാണകത്തിന് എന്ന തോതിൽ ചേർത്തു കൊടുക്കുക.
മെറ്റാറൈസിയം എന്ന മിത്രകുമിൾ വളക്കുഴികളിൽ ചേർത്തു കൊടുക്കുന്നതും ചെല്ലിയുടെ പുഴുക്കളേയും സമാധിദശയേയും നശിപ്പിക്കാൻ സഹായകമാണ്. ഒരു ക്യുബിക് മീറ്റർ ജൈവവസ്‌തുവിന് 250 ഗ്രാം മെറ്റാറൈസിയം 750 മില്ലി വെള്ളത്തിൽ കലക്കി വളകുഴികളിൽ ഒഴിച്ച് കൊടുക്കുക.
വേപ്പിൻ പിണ്ണാക്ക് 250 ഗ്രാം, തുല്യ അളവ് മണലുമായി ചേർത്ത് നാമ്പോലയ്ക്ക് ചുറ്റുമുള്ള ഓലക്കവിളുകളിൽ നിറക്കുക. ഓരോ തെങ്ങിനും 250 ഗ്രാം എന്ന തോതിൽ ഉപയോഗിക്കുക.
പാറ്റഗുളിക ഒരു തെങ്ങിന് നാല് എന്ന തോതിൽ ഓലക്കവിളുകളിൽ വയ്ക്കുക. മണൽ കൊണ്ട് മൂടുന്നത് നല്ലതാണ്. 45 ദിവസത്തിനുശേഷം മാറ്റി ഉപയോഗിക്കുക
പഴകിയ മീൻവലകൾ തെങ്ങിൻ കവിളുകളിൽ ചുറ്റി വച്ചും ആക്രമണത്തെ പ്രതിരോധിക്കാം.
മിത്ര നിമാവിരകളെ വളർത്തിയ കഡാവറുകൾ ഉപയോഗിച്ചും കൊമ്പൻചെല്ലിയെ നിയന്ത്രിക്കാം. 10 മുതൽ 15 വർഷം വരെ പ്രായമായ തെങ്ങുകൾക്ക് 10 കഡാവർ വീതവും 15 വർഷത്തിൽ കൂടുതൽ പ്രായമായ തെങ്ങുകൾക്ക് 30 കഡാവർ വീതവും ഉപയോഗിക്കണം. ഇവയുടെ നിലനിൽപ്പിനും സഞ്ചരിക്കാനും ജലാംശം അത്യാവശ്യമായതിനാൽ ഈർപ്പം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
ഫിറമോൺ കെണികൾ ഹെക്‌ടറിന് ഒന്ന് എന്ന തോതിൽ ഉപയോഗിക്കുക. ഒരു ഫിറമോൺ കെണി മൂന്ന് നാല് മാസം വരെ നില നിൽക്കുന്നതാണ്. അതിനു ശേഷം പുതിയവ വച്ച് കൊടുക്കണം തെങ്ങിൻ തോട്ടത്തിന് പുറത്ത് കെണികൾ സ്ഥാപിക്കുന്നതാണ് അഭികാമ്യം.
ക്ലൊറാൻട്രനിലിപ്രോൾ 0.4G, 50 ഗ്രാം വീത്രം 2 കിലോ മണലുമായി ചേർത്ത് 250 ഗ്രാം ഓരോ തെങ്ങിന് എന്ന രീതീയിൽ നൽകുക.
ക്ലൊറാൻട്രനിലിപ്രോൾ 0.4 G, 3 ഗ്രാം വീതം സുഷിരങ്ങളുള്ള പാക്കറ്റുകളിൽ നിറച്ച് കൂമ്പോലക്ക് ചുറ്റുമുള്ള ഓലക്കവിളുകളിൽ വയ്ക്കുക.