വാഴയ്ക്കുണ്ടാകുന്ന ഗുരുതരമായ രോഗങ്ങളിൽ ഒന്നാണ് കൂമ്പടപ്പ് അഥവാ കുറുനാമ്പു രോഗം. കുറുനാമ്പുരോഗ നിർണയത്തിന് സഹായകമായ ഏറ്റവും പ്രധാനപ്പെട്ടതും ആദ്യ ലക്ഷണവുമാണ് നാമ്പിലകളുടെ അടിഭാഗത്ത് തണ്ടിനോട് ചേർന്ന ഭാഗത്തുളള ഇലഞരമ്പുകളിലും തണ്ടുകളിലും ഉണ്ടാകുന്ന കടുംപച്ചനിറത്തിലുള്ള ചെറിയ പൊട്ടുകളും വരകളും.
ഇലഞരമ്പുകളിലെ ഇത്തരം അടയാളങ്ങൾ ഇലയുടെ മധ്യത്തിലെ തണ്ടുകളിലേക്ക് എത്തുമ്പോൾ വളഞ്ഞു കാണപ്പെടുന്നു. ഈ ലക്ഷണവും നാമ്പിലകൾ വിടർന്നു വരുന്നതിനുള്ള കാലതാമസവുമാണ് കുറുനാമ്പു രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ. അതിനു ശേഷം ഉണ്ടാകുന്ന ഇലകളുടെ നിറം വിളറുകയും ഇവ വലിപ്പം കുറഞ്ഞ് കുത്തനെ മുകളിലേക്ക് എഴുന്നു നിൽക്കുകയും ചെയ്യുന്നു. ക്രമേണ ഇങ്ങനെ ചെറുതായ ഇലകളെല്ലാം കൂടി ഒത്തുചേർന്നു മുകളിലേക്ക് എഴുന്നു നിൽക്കുമ്പോൾ കുറുനാമ്പു രോഗത്തിന്റെ സർവ്വ സാധാരണ ലക്ഷണമായിത്തീരുന്നു. ഇളം പ്രായത്തിൽ വാഴകൾക്ക് രോഗം ബാധിച്ചാൽ വളർച്ച നിലച്ച് കുമ്പടച്ച് നശിച്ചു പോകുന്നു. കുല പുറത്തു വരുന്നതിനു മുമ്പായി രോഗം ബാധിച്ചാൽ ശുഷ്‌ക്കിച്ച ചെറിയ കുലകൾ ആയിരിക്കും പുറത്തു വരുന്നത്. രോഗം ബാധിച്ച വാഴയുടെ മാണവും വേരും ക്രമേണ ചിയും.
ബനാന ബഞ്ചിടോപ്പ് എന്ന സൂക്ഷ്‌മാണു മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. രോഗ ബാധ ഉണ്ടാകുന്നതിൻ്റെ പ്രധാന കാരണം കൂമ്പടപ്പു വന്ന വാഴയുടെ കന്നുകൾ നടുന്നത് മൂലമാണ്. രോഗം ബാധിച്ച വാഴയുടെ കന്നുകളിൽ മിക്കതും തന്നെ ഈ രോഗം ഉള്ളവയായിരിക്കും. ഇത്തരം കന്നുകൾ നട്ടാൽ നേർത്ത് വിളറിയ ചെറിയ ഇലകൾ മാത്രം ഉണ്ടാകുകയും വാഴ ഒരു മീറ്ററിലധികം ഉയരം വയ്ക്കാതെ ബൊക്കെ മാതിരി നിൽക്കുകയും ചെയ്യും.
പെന്റിലോണിയ നൈഗ്രോനെർവോസ എന്ന വാഴപ്പേൻ ഈ രോഗം പരത്തുന്നു. കൂമ്പടപ്പു രോഗം ബാധിച്ച വാഴയുടെ നീരു കുടിച്ച ശേഷം അതേ വാഴപ്പേൻ തന്നെ പിന്നീട് രോഗബാധയില്ലാത്ത വാഴയിൽ ചെന്ന് നീരു കുടിക്കാൻ ഇടയായൽ വാഴപ്പേനിൻ്റെ ഉമിനീരിൽ ക്കൂടി ഈ രോഗത്തിനു കാരണമായ വൈറസ് പകരുന്നു. വാഴപ്പേൻ കുറഞ്ഞത് 17 മണിക്കൂർ നേരത്തേക്കെങ്കിലും രോഗമുള്ള വാഴയിലിരുന്നു നീരു കുടിച്ചാൽ മാത്രമെ വൈറസിനെ പകർത്തുവാൻ കഴിവുളളതായിത്തീരുകയുളളൂ.
പക്ഷെ ഈ രോഗം ആരോഗ്യമുളള വാഴയിലേക്ക് പകർത്താൻ ഇങ്ങനെ നീരുറ്റിക്കുടിച്ച ഒരൊറ്റ വാഴപ്പേൻ തന്നെ മതിയാകും. ഇങ്ങനെയുളള ഒരു വാഴപ്പേനിന് 13 ദിവസം വരെ രോഗസംക്രമണ ശേഷി ഉണ്ടായിരിക്കും. വാഴപ്പേനുകൾ നീരു കുടിച്ച ശേഷം ഏകദേശം 30-40 ദിവസങ്ങൾ കഴിഞ്ഞാണ് വാഴയിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. വാഴയിലകൾ തമ്മിൽ തൊടുന്നതു മൂലമോ മണ്ണിൽക്കൂടിയോ കാറ്റിൽ പറന്നോ ആണ് ഈ വാഴപ്പേനുകൾ ഒരു വാഴയിൽ നിന്നു മറ്റു വാഴകളിലേക്കെത്തിച്ചേരുന്നത്.