കുരുന്നു തൈകളെ കൾച്ചർ ഫ്ളാസ്കുകളിൽ നിന്നും നേരിട്ട് പുറത്തേക്കു നടാൻ പ്രയാസമാണ്. അങ്ങനെ ചെയ്യുന്നപക്ഷം അവ പെട്ടെന്ന് വാടി കരിഞ്ഞു പോകും. ഈ തൈകളുടെ ആന്തരികവും ബാഹ്യവുമായ ചില പ്രത്യേകതകളാണ് ഇതിനു കാരണം. കൾച്ചർ ഫ്ളാസ്‌കുകൾക്കുള്ളിൽ സസ്യങ്ങൾ മാധ്യമത്തെ ആശ്രയിച്ചു വളരുന്നതിനാൽ പ്രകാശസംശ്ളേഷണം ചെയ്യാനുള്ള കഴിവ് തുലോം കുറവായിരിക്കും. എന്നാൽ പുറത്തേക്കു മാററി നട്ടുകഴിയുമ്പോൾ പൊടുന്നനെ ഇത്തരമൊരാവശ്യം സംജാതമാകുന്നു.
കൾച്ചർ ഫ്ളാസ്‌കുകൾക്കുള്ളിലെ അധികരിച്ച ഈർപ്പനില മൂലം സസ്യങ്ങളുടെ ക്യൂട്ടിക്കിൾ ശരിയാം വിധം രൂപപ്പെടുകയില്ല. ക്യൂട്ടിക്കിളിന്റെ പുറത്തുള്ള മെഴുകിൻ്റെ ഉൽപ്പാദനവും തകരാറിലാകുന്നു. ഇലകളിൽ മിസോഫിൽ കലകളും പാലിസേഡ്‌കലകളും വളരെ കുറവായിരിക്കും. മീസോഫിൽ ഭാഗത്തെ വായു അറകൾ ചെറുതായിരിക്കും. ആസ്യരനങ്ങൾ പ്രതികൂലാവസ്‌ഥയിലും തുറന്നുതന്നെയിരിക്കുന്നു. പലപ്പോഴും വേരുകളും കാണ്ഡവും തമ്മിലുള്ള സംവഹനബന്‌ധം (Vascular Connection) വേണ്ടരീതിയിൽ രൂപപ്പെട്ടിട്ടില്ലാത്തതിനാൽ ചെടിക്ക് ജലാംശം ലഭിക്കാതെ വരുന്നു.
മേൽപ്പറഞ്ഞ പ്രതിബന്‌ധങ്ങളെ അതിജീവിക്കാൻ വേണ്ടി, കുരുന്നു തൈകളെ സാധാരണ അന്തരീക്ഷത്തിലേക്ക് മാറ്റി നടുന്നതിനു മുമ്പ്, ചില പ്രത്യേക രീതിയിൽ പരിചരണം നൽകേണ്ടതുണ്ട്. ഈ പ്രക്രിയയ്ക്ക് ദൃഢപ്പെടുത്തൽ (hardening) എന്നു പറയുന്നു.
അന്തരീക്ഷത്തിൻ്റെ ക്രമീകരണമാണ് ഇതിനു വേണ്ടി പ്രധാനമായും നടത്തുന്നത്, തുടക്കത്തിൽ കൂടുതൽ ഈർപ്പവും തണലും നൽകണം. ക്രമേണ ഇവ രണ്ടും കുറച്ചു കൊണ്ടു വരണം.
ഈ കാലയളവിൽ സസ്യങ്ങൾ സ്വയം കരുത്താർജിക്കുന്നു. ആസ്യരന്ധ്രങ്ങൾ അവയുടെ പ്രതികരണശേഷി വീണ്ടെടുക്കുന്നതായി കാണാം. പുതുതായി ഉണ്ടാകുന്ന ഇലകൾക്ക് പ്രകാശസംശ്ളേഷണത്തിനുള്ള കഴിവ് ഉണ്ടായിരിക്കും. ഈ അവസരത്തിൽ സസ്യങ്ങളെ നല്ല സൂര്യപ്രകാശത്തിൽ സൂക്ഷിക്കുന്നതും കാർബൺഡൈ ഓക്സൈഡ് കൂടുതലടങ്ങിയ അന്തരീക്ഷത്തിൽ വളർത്തുന്നതും നല്ലതാണ്.