മേയ് രണ്ടാംവാരം മുതൽ ആഗസ്റ്റ് വരെയാണ് മഞ്ഞക്കടമ്പിന്റെ പൂക്കാലം. കാലാവസ്ഥയിലെ നേരിയ മാറ്റങ്ങൾ പുതുതളിരുകൾ പൊട്ടി വിടരുന്നതിന് കാല വിളംബമുണ്ടാക്കും. പുതുതായി വളരുന്ന ഇളം തലപ്പുകളിലാണ് ഗോളാകൃതിയിലുള്ള പുഷ്‌പമഞ്ജരികൾ പ്രത്യക്ഷപ്പെടുക. നന്നേ ചെറിയ വിത്തുകളാണ് ഇതിന്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഫലം പാകമാകും. പാകമായ ഫലങ്ങൾ നിലത്തു വീണ് വംശവർധനവ് നടക്കുന്നു. ഇത് വന്യമായി വളരുന്ന സാഹചര്യത്തിലാണ്. പാകമായ കായ്‌കൾ പറിച്ച് ഉണക്കി വിത്ത് ശേഖരിക്കാം.
ഒരു മീറ്റർ വീതിയിൽ ആവശ്യാനുസരണം നീളത്തിൽ താവരണ തയാറാക്കുക. ചെറിയ വിത്താകയാൽ തടത്തിൻ്റെ ഉപരിതലം നേർമയാക്കി നിരത്തണം. വിത്ത് വിതറി വിതയ്ക്കാം. തടം മണ്ണിന് നനവുണ്ടായിരിക്കാൻ മാത്രം നനയ്ക്കുക. പത്തു ദിവസത്തിനുള്ളിൽ 60 ശതമാനത്തോളം വിത്തും മുളയ്ക്കും. മുളച്ചു കഴിഞ്ഞാലും രണ്ടു മൂന്നാഴ്‌ച വളർച്ച മന്ദഗതിയിലായിരിക്കും. മുളച്ചു കഴിഞ്ഞ് ഉണക്കിയ ചാണകപ്പൊടി വിതറി ആവശ്യത്തിനു മാത്രം നനയ്ക്കുന്ന രീതി ആദിവാസി ഊരുകളിൽ നിലവിലുണ്ട്. വിത്തു പാകുന്ന സ്ഥലത്ത് തണൽ പാടില്ലന്നാണ് വിശ്വാസം. നനവും ആവശ്യത്തിനു മാത്രം. ഒന്നരമാസം പ്രായമെത്തിയാൽ തുടർന്നുള്ള വളർച്ചാശൈലി വിഭിന്നമാണ്. രണ്ടുമാസത്തിനും ഒരു വർഷത്തിനുമിടയിൽ മഞ്ഞക്കടമ്പിൽ തൈകൾ തകൃതിയായി വളരും. ഏഴാം മാസം എട്ടില പരുവമാകും ഏഴുമാസത്തിനു മേൽ തൈകൾ പ്രധാനസ്ഥലത്തേക്ക് മാറ്റി നടണം.
അരമീറ്റർ നീളവും വീതിയും താഴ്‌ചയുമുള്ള കുഴിയിൽ തൈ നടണം. ഓരോ കുഴിയിലും 4 കിലോ ഉണങ്ങിയ ചാണകം മേൽമണ്ണുമായി ചേർത്തിളക്കുക. കുഴി നിറച്ച് തൈകൾ നടുക. തൈകൾ പിടിച്ചു കിട്ടുന്നതുവരെ ചുവട്ടിലെ മണ്ണ് ഉണങ്ങരുത്.
മറ്റു പരിചരണങ്ങൾ
സാമാന്യം ജൈവസമ്പത്തുള്ള മണ്ണിൽ വളപ്രയോഗത്തിന്റെ ആവശ്യമില്ല. മഴയെ ആശ്രയിച്ചു വളരാൻ കെൽപ്പുണ്ട്. ചുവട്ടിലെ മണ്ണ് ഉണങ്ങാതിരിക്കാൻ വർഷമഴ കഴിഞ്ഞ് ഉപരിതലത്തിലെ മണ്ണ് ഉണങ്ങുന്നതിനു മുൻപ് കരിയിലയോ മറ്റ് ജൈവവസ്‌തുക്കളോ കൊണ്ട് 10 സെ.മീറ്റർ കനത്തിൽ ചെടിയുടെ ചുവട്ടിൽ ഒന്നരമീറ്റർ ചുറ്റളവിൽ പുതയിടണം. കളകളുടെ വളർച്ച ഇങ്ങനെ തടയാം. ഒപ്പം മേൽമണ്ണിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നതും ഒഴിവാക്കാം.