എല്ലാത്തരം മണ്ണിലും വെണ്ട കൃഷി ചെയ്യാമെങ്കിലും നല്ല ഫലപുഷ്ടിയുള്ള പശിമരാശിമണ്ണാണ് കൃഷിക്ക് ഏറ്റവും യോജിച്ചത്. നല്ല ആഴവും ഇളക്കവും നീർവാർച്ചയുമുള്ള മണ്ണിൽ വെണ്ട നന്നായി വളരുന്നു. വിത്തു മുളയ്ക്കാൻ അനുയോജ്യമായ താപനില 20° C ആണ്.
വെണ്ടകൃഷി ചെയ്യാൻ അനുയോജ്യമായ സീസൺ
മേയ്-ജൂൺ, സെപ്റ്റം-ഒക്ടോബർ ,ഫെബ്രു- മാർച്ച് മാസങ്ങളാണ് കേരളത്തിൽ കൃഷിക്ക് പറ്റിയ സമയം.
ഒരു ഹെക്ടർ പ്രദേശത്ത് വെണ്ടകൃഷി ചെയ്യാൻ ആവശ്യമുള്ള വിത്ത്
ഒരു ഹെക്ടർ പ്രദേശത്ത് വേനൽക്കാല വിളവായി കൃഷിയിറക്കാൻ 8.5 കി.ഗ്രാം വിത്ത് വേണം. ഇടയകലം 60 x 30 സെ.മീറ്റർ നൽകണം. മറ്റു സമയങ്ങളിലെ കൃഷിക്ക് 7 കി.ഗ്രാം വിത്ത് ഉപയോഗിച്ചാൽ മതിയാകും. ഇടയകലം 60 x 45 സെ.മീറ്റർ നൽകണം. വിത്ത് 2 സെ.മീറ്ററിൽ കൂടുതൽ താണുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ കുഴിയിലും 3-4 വിത്തുകൾ വീതം വിതയ്ക്കണം. 5 ദിവസമാകുമ്പോൾ വിത്ത് മുളച്ചു പൊങ്ങുന്നു. നല്ല കരുത്തുള്ള 2 തൈകൾ നിർത്തി മറ്റുള്ളവ പിഴുതു കളയണം.
നിലമൊരുക്കുന്ന വിധം
നല്ലവണ്ണം കിളച്ച്, കട്ടകൾ ഉടച്ച്, കളകൾ മാറ്റിയ ശേഷം കാലിവളം ചേർക്കണം. ശേഷം രണ്ടടി അകലത്തിൽ (60 സെ.മീറ്റർ) ചാലുകളും വരമ്പുകളും എടുക്കണം. മഴക്കാലത്ത് വരമ്പിലും വേനൽക്കാലത്തു ചാലുകളിലുമാണ് വിത്ത് പാകേണ്ടത്. മഴക്കാലത്ത് ചെടികളിൽ പൊതുവെ വളർച്ച കൂടുതലായതിനാൽ അവ ഒന്നര ഇരട്ടി (45 സെ.മീറ്റർ) അകലം നൽകി വിത്ത് പാകണം. വേനൽക്കാലത്ത് വിത്തുകൾ തമ്മിലുള്ള അകലം 30 സെ.മീറ്റർ നൽകിയാൽ മതി.
വേനൽക്കാലത്ത് വിത്ത് പാകുന്നതിനു മുമ്പ് 24 മണിക്കൂർ വെള്ളത്തിലിട്ട് കുതിർക്കുന്നത് വിത്ത് പെട്ടെന്ന് മുളയ്ക്കാൻ സഹായകമാകും. നട്ട് ആറാഴ്‌ച കഴിയുമ്പോൾ വെണ്ട പൂത്ത് തുടങ്ങും. പൂവ് വിരിഞ്ഞ് 7 ദിവസം കഴിയുമ്പോൾ വെണ്ടയ്ക്ക പറിച്ചെടുക്കാം. ശേഷം രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ വിളവെടുപ്പ് നടത്താം. ഇങ്ങനെ 10 -15 വിളവെടുപ്പ് നടത്താൻ കഴിയുന്നു. ഒരു ഹെക്ടറിൽ നിന്നും കുറഞ്ഞത് 10 ടണ്ണോളം വെണ്ടയ്ക്ക് ലഭിക്കുന്നു.