പൈപ്പ് കമ്പോസ്റ്റിംഗിന് 20 സെ. മീ. ഡയമീറ്ററും ഒരുമീറ്റർ നീളവും ISI അടയാളത്തോടുകൂടിയതുമായ രണ്ട് പി.വി.സി. / അലുമിനിയം / ഫെറോ സിമന്റ് / ജി. ഐ. ഷീറ്റ് കൊണ്ട് നിർമിച്ച അടപ്പുകളും ആവശ്യമാണ്.
സൗകര്യമായ ഭാഗത്ത് രണ്ടുകുഴികൾ 30 സെ. മീ. താഴ്ചയിൽ എടുത്ത് പൈപ്പുകളെ നിർത്തി മണ്ണിട്ട് ഉറപ്പിക്കുക. അപ്പോൾ ഒരു മീറ്റർ പൈപ്പിൽ 0.7 മീറ്റർ പുറത്ത് കാണുകയും 30 സെ. മീ. മണ്ണിനടിയിലുമായിരിക്കും. പൈപ്പിനുള്ളിൽ ജൈവമാലിന്യം ചെറുതായി മുറിച്ച് ഇട്ടു തുടങ്ങുക. അതാത് ദിവസത്തെ മാലിന്യം ഒരു പൈപ്പിലേക്കിട്ട് അതിനെ അടപ്പു കൊണ്ട് മൂടിവെക്കുക. ഇടയ്ക്കിടക്ക് ചാണകവെള്ളമോ, ചെറുചൂടുള്ള കഞ്ഞിവെള്ളമോ, പുളിപ്പിച്ച തൈര്, മോര് ഇവയിലേതെങ്കിലുമോ മാലിന്യത്തിന്റെ കൂടെ തളിക്കുന്നത് കമ്പോസ്റ്റിംഗ് പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് സഹായിക്കും.
ഒരു പൈപ്പ് നിറഞ്ഞതിനു ശേഷം അതിനെ അടപ്പു കൊണ്ട് അടച്ചു മാറ്റിയിട്ട് രണ്ടാമത്തെ പൈപ്പിൽ മാലിന്യങ്ങൾ നിക്ഷേപിച്ച് തുടങ്ങുക. ദിവസവും ഒരു കിലോ ജൈവമാലിന്യങ്ങൾ വീതം 60 ദിവസത്തേക്ക് നിക്ഷേപിക്കാൻ ഒരു പൈപ്പ് മതിയാകും. രണ്ടാമത്തെ പൈപ്പ് നിറഞ്ഞു കഴിയുമ്പോൾ, അതായത് നാലുമാസത്തിനു ശേഷം ആദ്യത്തെ പൈപ്പിൽ നിക്ഷേപിച്ച മാലിന്യങ്ങൾ വളമായി മാറിയിട്ടുണ്ടാകും.
ആ പൈപ്പ് പുറത്ത് വലിച്ചെടുത്ത് അതിലുള്ള കമ്പോസ്റ്റ് ഒരു കമ്പ് ഉപയോഗിച്ച് പുറത്തേക്ക് തള്ളി സംഭരിച്ച് വളമായി ഉപയോഗിക്കാവുന്നതാണ്. വീണ്ടും ഈ പൈപ്പ് തിരികെ മണ്ണിൽ നിർത്തി മാലിന്യം നിക്ഷേപിച്ചു തുടങ്ങാവുന്നതാണ്.
പൈപ്പ് കമ്പോസ്റ്റിംഗിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മാലിന്യത്തിലെ ജലാംശം കഴിയുന്നത് കുറഞ്ഞ രീതിയിലാക്കി വേണം പൈപ്പിലേക്ക് നിക്ഷേപിക്കാൻ. ഇതിനായി പലതരം മാലിന്യങ്ങൾ കൂട്ടികലർത്തി ഈർപ്പം കുറച്ച് ചെറിയ കഷണങ്ങളായി മുറിച്ച് / അരിഞ്ഞ് ഇടാൻ ശ്രദ്ധിക്കണം. ജലാംശം കുറയാനോ കൂടാനോ പാടില്ല.