ഏതുതരം കാലാവസ്ഥയും മണ്ണുമാണ് സോയാബീനിൻ്റെ കൃഷിക്ക് അനുയോജ്യം
സാമാന്യം നല്ല ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് സോയാബീൻ കൃഷിക്ക് അനുയോജ്യം. കഠിനമായ തണുപ്പും കടുത്ത ചൂടും ഇതിന്റെ കൃഷിക്ക് യോജിച്ചതല്ല. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ കേരളത്തിൽ എല്ലാക്കാലത്തും ഇത് കൃഷി ചെയ്യാം. ഏറ്റവും പറ്റിയ സമയം ജൂൺ-ആഗസ്റ്റ് മാസങ്ങളാണ്.
എല്ലാത്തരം മണ്ണിലും സോയാബീൻ വളരുമെങ്കിലും നീർവാർച്ചയും വളക്കൂറുമുള്ള പശിമരാശി മണ്ണാണ് ഏറ്റവും അനുയോജ്യം. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലം ഇതിൻ്റെ കൃഷിക്ക് പറ്റിയതല്ല.
സോയാബീനിന്റെ കൃഷിരീതി എങ്ങനെയെന്ന് വിശദമാക്കാമോ
ഉയരമുള്ള വാരങ്ങൾ കോരി അതിൽ വേണം വിത്തു വിതയ്ക്കാൻ.
മണ്ണിൽ നീർവാർച്ച ഉറപ്പാക്കാൻ വേണ്ടിയാണ് 30 സെ.മീറ്റർ ഉയരത്തിൽ വാരങ്ങൾ കോരുന്നത്. വരികൾ തമ്മിൽ 45 സെ.മീറ്ററും ചെടികൾ തമ്മിൽ 15-20 സെ.മീറ്ററും അകലം നൽകണം.
സോയാബീൻ കൃഷി ചെയ്യുമ്പോൾ എന്തെല്ലാം വളങ്ങൾ എത്ര വീതം എപ്പോൾ നൽകണം
ഒരു ഹെക്ടറിൽ 20 ടൺ കാലിവളം ചേർക്കണം. കൂടാതെ 100 കി.ഗ്രാം അമോണിയം സൾഫേറ്റ്, 165 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 15 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ കൂടി ചേർക്കേണ്ടതാണ്.
അടുക്കളത്തോട്ടത്തിൽ കൃഷിയിറക്കുമ്പോൾ സെൻ്റൊന്നിന് 80 കി.ഗ്രാം കാലിവളവും 250 ഗ്രാം അമോണിയം സൾഫേറ്റ്, 2.5 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 250 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ രാസവളങ്ങളും ചേർക്കണം. അമോണിയം സൾഫേറ്റിന്റെ മൂന്നിലൊന്നും മറ്റു വളങ്ങളും അടിവളമായി നൽകണം. ബാക്കിയുള്ള അമോണിയം സൾഫേറ്റ് രണ്ടു ഗഡുക്കളായി നൽകണം. വള്ളി വീശുമ്പോഴും പൂക്കുമ്പോഴും.
വിതച്ചു ഒരാഴ്ചയ്ക്കുള്ളിൽ വിത്ത് മുളച്ചു പൊങ്ങും. നിവർന്നു വളരുന്ന സ്വഭാവമാണ് സോയാബീനിൻത്.
സോയാബീൻ കൃഷി ചെയ്യുമ്പോൾ എന്തെല്ലാം മറ്റു കൃഷിപ്പണികളാണ് ആവശ്യം
വിതച്ച് 15-ാം ദിവസവും 35-ാം ദിവസവും കളയെടുക്കണം. രണ്ടു പ്രാവശ്യം ഇടയിളക്കണം. ഏതാണ്ട് 45-50 ദിവസം പ്രായമാകുമ്പോൾ പുഷ്പിക്കുന്നു.