മേയ് അവസാനം അല്ലെങ്കിൽ ജൂൺ ആദ്യം മഞ്ഞൾ നടുന്നതാണ് കേരളത്തിൽ നല്ലത്. ഇഞ്ചിക്കൃഷി പോലെ തന്നെ പണകൾ എടുത്താണ് കൃഷി. ഇവിടെ ഫിംഗേഴ്സ് (Fingers) എന്നറിയപ്പെടുന്ന ചെറുകഷണങ്ങളും ബൾബ് (Bulb) എന്നറിയപ്പെടുന്ന തടിച്ച മാതൃഭാഗവും (തട, കൊണ്ട) നടീൽ വസ്തുക്കളായി ഉപയോഗിക്കാം. കൃഷിസ്ഥലം നല്ല നീർവാർച്ച ഉള്ളതായിരിക്കണം. ഒരു സെൻ്റിൽ 2 കിലോ കുമ്മായം പണ (വാരം) കോരുമ്പോൾ മണ്ണിൽ നന്നായി ചേർത്തിളക്കണം. അടിസ്‌ഥാന വളമായി സെൻ്റിന് 100 കിലോ അഴുകിപ്പൊടിഞ്ഞ കാലിവളം ചേർക്കണം. ഒരു സെന്ററിലേക്ക് 5-6 കിലോ വിത്ത് വേണ്ടിവരും.
പണയിൽ മഞ്ഞൾ നട്ടു കഴിഞ്ഞ് നല്ല കനത്തിൽ കരിയിലകൾകൊണ്ടു പുതയിടണം. വളപ്രയോഗം ഇഞ്ചിയിലെ പോലെ തന്നെ ചെയ്യണം. നടുമ്പോൾ സെൻ്റിന് ഒരു കിലോ റോക്ക് ഫോസ്ഫേറ്റ് ചേർത്തു കൊടുക്കാം. നട്ട് ഒന്നര മാസം കഴിഞ്ഞും മൂന്നു മാസം കഴിഞ്ഞും മേൽവളങ്ങൾ കൊടുക്കാം. രണ്ടോ മൂന്നോ തവണ ചെറിയ തോതിൽ ഇടയിളക്കുന്നത് കിഴങ്ങുകൾ വലുതാകാൻ സഹായിക്കും. എരുക്കു പോലെയുള്ള ചെടികളുടെ തോല് മണ്ണിൽ ചേർക്കുന്നത് കൂടുതൽ പൊട്ടാസ്യം കിട്ടാൻ സഹായിക്കും.
നട്ട് 7-8 മാസങ്ങൾ കഴിഞ്ഞ്, ഇലകൾ മഞ്ഞളിച്ച് ഉണങ്ങിക്കഴിയുമ്പോൾ വിളവെടുക്കാം. തണലിനെ സഹിക്കുന്ന വിളയായതിനാൽ തെങ്ങിൻ തോട്ടങ്ങളിൽ ഇടവിളയായി വളർത്താം. മികച്ച ഇനങ്ങൾക്കായി കോഴിക്കോടുള്ള ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി (IISR ) ബന്ധപ്പെടാം .
കരിയിലകളോ വൈക്കോലോ കൊണ്ട് പുതയിടുമ്പോൾ മണ്ണൊലിപ്പ് തടയാനും മുളശേഷി കൂട്ടാനും മണ്ണിലെ ഈർപ്പം നിലനിർത്താനും മണ്ണിൻ്റെ ജൈവാംശം കൂട്ടാനും അനുകൂല സൂക്ഷ്‌മജീവികളുടെ എണ്ണം കൂട്ടാനും സാധിക്കും.