ചതുരപ്പയറിന്റെ പ്രത്യേകതകൾ
ചതുരപ്പയറിന്റെ എല്ലാ ഭാഗങ്ങളും കറിവയ്ക്കാൻ ഉപയോഗിക്കുന്നു. ഇളം കായ്കൾ, വിത്തുകൾ, ഇലകൾ, പൂക്കൾ എന്നിവയെല്ലാം പച്ചക്കറിയായി ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ മാംസളമായ വേരുകളും പാകം ചെയ്ത് കഴിക്കാൻ സാധിക്കുമെന്നതാണ് മറ്റു പയർവർഗ ചെടികളിൽ നിന്നും ഇതിനുള്ള വ്യത്യാസം. ചതുരപ്പയറിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
ഏതുതരം കാലാവസ്ഥയും മണ്ണുമാണ് ചതുരപ്പയർ കൃഷിക്ക് അനുയോജ്യം
ചതുരപ്പയർ ഒരു ഉഷ്ണകാല വിളയാണ്. എങ്കിലും സമശീതോ ഷ്ണാവസ്ഥയിലും ഇവ വളരുന്നു. നല്ല ചൂടിനെയും വരൾച്ചയേയും ചതുരപ്പയറിന് ചെറുത്തു നിൽക്കാനുള്ള കഴിവുണ്ട്.
കേരളത്തിൽ കൃഷി ചെയ്യുവാൻ അനുയോജ്യമായ ഇനങ്ങൾ
ചതുരപ്പയറിന്റെ പുതിയ ഇനങ്ങൾ കുറവാണ്. നാടൻ ഇനങ്ങളാണ് സാധാരണ കൃഷി ചെയ്യാറുള്ളത്. വെള്ളാനിക്കര ഹോർടികൾച്ചർ കോളേജിൽ 'രേവതി' എന്ന പേരിൽ അത്യുൽപ്പാദന ശേഷിയുള്ള ഒരു ചതുരപ്പയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന് 110 മുതൽ 120 ദിവസത്തെ മൂപ്പുണ്ട്. കായ്‌കൾക്ക് ഉദ്ദേശം 16 സെ.മീറ്റർ നീളമുണ്ട്. ശരാശരി 6-7 ടൺ വിളവ് ഒരു ഹെക്ടറിൽ നിന്നും ലഭിക്കുന്നു.
ചതുരപ്പയർ കൃഷി ചെയ്യാൻ നിലമൊരുക്കുന്ന രീതിയും വിത്തു പാകുന്ന വിധവും
മണ്ണ് നല്ലവണ്ണം കിളച്ച് കളകൾ നീക്കി നിരപ്പാക്കിയ സ്ഥലത്ത് 45 സെ.മീറ്റർ വീതിയിലും 30 സെ.മീ. ഉയരത്തിലും വാരങ്ങൾ കോരി അതിൽ വിത്ത് വിതയ്ക്കണം. നടുമ്പോൾ വിത്തുകൾ തമ്മിൽ 30 സെ.മീ അകലം നൽകണം. ഒരു ചുവട്ടിൽ 3 വിത്തുകൾ വീതം വിതയ്ക്കണം. വിത്ത് പാകി 10 ദിവസം കഴിഞ്ഞേ മുള പുറത്തു വരുകയുള്ളു. ആദ്യത്തെ ഒരു മാസം വളർച്ച വളരെ സാവധാനമായിരിക്കും. അതിനു ശേഷം വേഗം വളരാൻ തുടങ്ങും. ഒരു ഹെക്ടറിലേക്ക് 15-20 കി.ഗ്രാം വിത്തു വേണ്ടി വരും.
ചതുരപ്പയറിന് ഏതെല്ലാം വളങ്ങൾ എത്ര വീതം എപ്പോൾ നൽകണം
ഒരു ഹെക്ടറിൽ 20 ടൺ കാലിവളവും 110 കി.ഗ്രാം യൂറിയയും 555 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റും 85 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നൽകണം.
അടുക്കളത്തോട്ടം നിർമിക്കുമ്പോൾ ഒരു സെൻ്റിൽ 80 കി.ഗ്രാം കാലിവളവും 400 ഗ്രാം യൂറിയയും 2 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റും 330 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നൽകണം.
ചതുരപ്പയറിന് മറ്റു കൃഷിപ്പണികൾ എന്തെല്ലാം ചെയ്യണം
ചെടികൾ ഒരടി ഉയരം വയ്ക്കുമ്പോൾ പടർന്ന് കയറുവാൻ താങ്ങോ പന്തലോ നൽകണം. ആഴ്‌ചയിൽ ഒരിക്കൽ എന്ന ക്രമത്തിൽ ഉണക്കത്ത് നന്നായി നനച്ചു കൊടുക്കണം.
വിത്തിട്ട് എത്ര ദിവസം കഴിയുമ്പോൾ വിളവെടുക്കാൻ തുടങ്ങാം
വിത്തിട്ട് ഏതാണ്ട് 70-75 ദിവസങ്ങൾക്കു ശേഷം കറിക്ക് യോജിച്ച ഇളം കായ്കൾ പറിക്കാൻ പാകമാകും. പരാഗണം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് കായകൾ ശരിക്ക് വലിപ്പം വയ്ക്കുന്നത്. എന്നാൽ മൂന്നാഴ്‌ച കഴിഞ്ഞാൽ കായിൽ നാരുകൾ വർധിക്കുന്നു. അതിനാൽ കറിക്ക് പറ്റുകയില്ല. ഒരു ഹെക്ടറിൽ നിന്നും ശരാശരി 15 ടൺ വിളവു ലഭിക്കുന്നു.