റബ്ബർ തോട്ടങ്ങളിലെ നീർക്കുഴികൾ ജല സംഭരണത്തിനുള്ള ഉത്തമ ഉപാധിയാണ്. റബ്ബർ കുരുവിന്റെ തോട് നല്ല ഒരു ഇന്ധനമായി ഉപയോഗിക്കാം. തടിയുടെ ആവശ്യങ്ങൾക്ക് റബ്ബറിന്റെ ഉപയോഗം വ്യാപകമാക്കിയാൽ പ്രതിവർഷം ആറു ലക്ഷം ഹെക്ടർ വനം സംരക്ഷിക്കാനാകും. റബ്ബർ തോട്ട വിസ്തൃതിയുടെ മൂന്നിലൊരു ഭാഗത്തിലധികം ഔഷധ കൃഷി ചെയ്യരുത്.
ജൂൺ-ജൂലൈ മാസങ്ങളിലാണ് റബ്ബർ തോട്ടങ്ങളിൽ ഔഷധച്ചെടികൾ നടാൻ പറ്റിയത്. ഇടയകലം കൂട്ടി റബ്ബർ നടുന്ന പക്ഷം റബ്ബർ തോട്ടത്തിൽ കൊക്കോ കൃഷിയും ചെയ്യാം. റബ്ബർ വെട്ടുമ്പോൾ അടഞ്ഞ പാൽക്കുഴൽ തുറക്കാൻ മാത്രം ആവശ്യത്തിന് പട്ട അരിഞ്ഞാൽ മതി. കൂടുതൽ കനത്തിൽ പട്ട അരിയുന്നതുകൊണ്ട് കൂടുതൽ പാൽ ലഭിക്കുകയില്ല.
കരിംകുറിഞ്ഞി, വലിയ ആടലോടകം, ചെറിയ ആടലോടകം, ചുവന്ന കൊടുവേലി, അരത്ത, കച്ചോലം, ചെങ്ങനീർക്കിഴങ്ങ് ഇവ റബ്ബർ തോട്ടത്തിൽ നന്നായി വളരും. അടപതിയൻ മഴക്കാലത്ത് റബ്ബർ തോട്ടത്തിൽ നന്നായി വളരും.
റബ്ബർപ്പാലിൽ ചേർക്കാനുള്ള ഫോർമിക് ആസിഡ് നേർപ്പിക്കുന്നത് 100 ഇരട്ടി വെള്ളം ചേർത്താണ്. അതായത് 10 മി.ലി. ആസിഡിന് ഒരു ലി. വെള്ളം.
ചെറിയ റബ്ബർ ചെടികളുടെ ഇലകളിൽ ചൈനാ ക്ലേ ലായനി തളിച്ചു കൊടുക്കുന്നത് വരൾച്ചയിൽ നിന്നും രക്ഷ നേടാൻ നല്ലതാണ്.
റബ്ബർ ഷീറ്റുകൾക്ക് അരക്കിലോഗ്രാം ഭാരം മതി. അതിൽ കൂടിയാൽ പുകച്ചാൽ പോലും അവ നന്നായി ഉണങ്ങുകയില്ല. തന്മൂലം ഷീറ്റുകൾ താഴ്ന്ന ഗ്രേഡിലായിപ്പോകും.
മൂന്നു വർഷം വരെ പ്രായമുള്ള റബ്ബർ ചെടികളുടെ തടിയിൽ തവിട്ടു നിറത്തിലുള്ള ഭാഗം വെള്ള പൂശുന്നത് കനത്ത വെയിലിൽ നിന്നും സംരക്ഷണം നൽകാൻ ആവശ്യമാണ്. മൂന്നു വർഷം പ്രായം കഴിഞ്ഞാൽ വെള്ള പൂക്കൾ തുടരേണ്ടതില്ല.