ഏതു രീതിയിലുള്ള മണ്ണും കാലാവസ്‌ഥയുമാണ് ഇലന്ത കൃഷി ചെയ്യുവാൻ അനുയോജ്യം
ഇന്ത്യയിലെ എല്ലാ കാലാവസ്ഥയിലും ഇലന്ത മരങ്ങൾക്ക് വളരാൻ കഴിയുന്നു. കടൽനിരപ്പിൽ നിന്നും 1250 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ ഇവ വളരുന്നു. അതിനു മുകളിലും ചെടികൾക്ക് വളരാൻ കഴിയുമെങ്കിലും കായ്ക്കാറില്ല. വളരെ ആഴത്തിൽ ഇതിന്റെ വേരുകൾ വളരുന്നതിനാൽ വരണ്ട കാലാവസ്ഥയിലും വളരാൻ ഇവയ്ക്ക് കഴിയുന്നു. മോശപ്പെട്ട മണ്ണിൽ പോലും ഇലന്തയ്ക്ക് തഴച്ചു വളരാൻ കഴിയുന്നതിന്റെ കാരണം ഇതാണ്. അമ്ലരസം കുറഞ്ഞ മണ്ണിലാണ് ഇവ നന്നായി വളരുന്നത്. ഈർപ്പമുള്ള അന്തരീക്ഷം ഇലന്തപ്പഴത്തിന്റെ ഗുണം കുറയ്ക്കുന്നു.
ഏതു രീതിയിലുള്ള പ്രവർധനമാണ് ഇലന്തയിൽ സ്വീകരിച്ചു വരുന്നത്
നാടൻ മരങ്ങൾ ധാരാളമായി കായ്ക്കുമെങ്കിലും സ്വാദ് വളരെ കുറവാണ്. ആയതിനാൽ മെച്ചപ്പെട്ട ഇനങ്ങളുടെ മുകുളം ശേഖരിച്ച് നാടൻ ഇനങ്ങളിൽ വളയ മുകുളനം നടത്തുകയോ ഷീൽഡു മുകുളനം നടത്തുകയോ ചെയ്യുന്നു. മേയ്-ജൂൺ മാസങ്ങളിലാണ് ഇത്തരം മുകുളനം നടത്തേണ്ടത്. വിത്ത് തവാരണകളിൽ പാകുന്നതിനു മുമ്പ് അതിന്റെ കട്ടി കൂടിയ തോട് പൊട്ടി കിട്ടുവാൻ വീര്യം കൂടിയ സൾഫ്യൂറിക് അമ്ലത്തിൽ മുക്കി വയ്ക്കുകയോ അല്ലെങ്കിൽ ഈർപ്പമുള്ള മണലിൽ 60 ദിവസം സൂക്ഷിക്കുകയോ ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് വിത്ത് പെട്ടെന്ന് മുളയ്ക്കുന്നു. മുകുളനം നടത്തേണ്ട രീതിയും മറ്റും അന്യത്ര ചേർത്തിട്ടുണ്ട്.
ഇലന്തയ്ക്ക് ഒട്ടു പരുക്കൻ ചെടിയാ
ഇലന്ത ഒരു പരുക്കൻ ചെടിയാണെങ്കിൽ കൂടി അവയ്ക്ക് നല്ല വാട്ടി ചരണം ആവശ്യമാണ്. വർഷം തോറും ചെടി ഒന്നിന് 20-30 കി.ഗ്രാം ചാണകം ഇട്ടു കൊടുക്കേണ്ടതാണ്.
ഇലന്തയ്ക്ക് സ്വീകരിക്കേണ്ട ജലസേചനരീതി
വേനലിൽ തൈകൾ നനച്ചു കൊടുക്കേണ്ടതാണ്. പ്രത്യേകിച്ചും മുകുളനം നടത്താനായി തായ്ത്തടികളായി വളർത്തുന്ന തൈകളെ നനച്ചു കൊടുക്കേണ്ടതാണ്. തന്മൂലം ചെടികളുടെ വളർച്ച ത്വരിതപ്പെടുകയും മുകുളനം കൂടുതൽ എളുപ്പവും വിജയകരമാകുകയും ചെയ്യുന്നു.
കൊമ്പുകോതൽ
ഇളംപ്രായത്തിൽ ചെടിയുടെ ചില ശാഖകൾ മുറിച്ചു മാറ്റുന്നതു കൊണ്ട് ഉള്ള ശാഖകൾക്ക് വളരാൻ ആവശ്യമായ സ്ഥലം ലഭിക്കുന്നതിനുപരി ചെടി വളരെ ഉയരം വയ്ക്കാതിരിക്കുകയും ചെയ്യുന്നു. പ്രായം ചെന്ന മരങ്ങളിൽ വർഷം തോറും ശിഖരങ്ങൾ കോതുന്നത് പുതിയ ശാഖകൾ വളരുന്നതിനും തന്മൂലം കൂടുതൽ പൂക്കളും കായ്കളും ഉണ്ടാകുന്നതിനും സഹായിക്കുന്നു. പഴങ്ങൾ പറിച്ചെടുത്ത ശേഷവും ചെടി പൂക്കുന്നതിന് അൽപ്പം മുമ്പായിട്ടുമാണ് സാധാരണ ശിഖരങ്ങൾ കോതുന്നത്.
ഇലന്തയുടെ പഴക്കാലം എപ്പോഴാണ്
നവംബർ മുതൽ മാർച്ച് വരെയാണ് ഇലന്തയുടെ പഴക്കാലം. നല്ല ഇനത്തിൽപ്പെട്ടവയാണെങ്കിൽ ഒരു മരത്തിൽ നിന്നും 40 മുതൽ 90 വരെ കി.ഗ്രാം പഴങ്ങൾ ലഭിക്കുന്നു.