ജലസേചന സൗകര്യമുള്ളിടത്ത് ശക്തമായ മഴക്കാലത്തെ ഒഴിച്ചു നിറുത്തി മറ്റ് എല്ലാ സമയത്തും മരച്ചീനി നടാവുന്നതാണ്. അമ്ലത നിയന്ത്രിക്കാൻ കാൽസ്യം വസ്തുക്കൾ ആവശ്യത്തിന് ചേർത്ത് കിളച്ചൊരുക്കിയ സ്ഥലത്ത് ഏക്കറിന് 5 ടൺ ജൈവവളം ചേർത്ത് കൂനകൾ എടുത്തും വാരങ്ങൾ തയ്യാറാക്കിയും മരച്ചീനി നടാം. നന്നായി ഇളക്കമുള്ള മണ്ണിൽ 30/ 45 സെ.മീ. ഉയരത്തിൽ കൂനകൾ കൂട്ടിയോ വാരങ്ങളെടുത്തോ മൂന്ന് നാല് കണ്ണുകളുള്ള 10-15 സെ.മീ. നീളത്തിൽ മുറിച്ച കപ്പതണ്ടുകൾ നടാം.
നല്ല നീർവാർച്ചയും നിരപ്പും ഉള്ള പ്രദേശങ്ങളിൽ നന്നായി കിളച്ചിളക്കിയ മണ്ണിൽ കമ്പുകൾ (കുഴികപ്പ) നട്ടാലും മതി.
മൂപ്പെത്തിയതും 2-3 സെ.മീ. വ്യാസമുള്ളതുമായ ആരോഗ്യമുള്ള മരച്ചീനി കമ്പുകളുടെ മുകളിലെ മൃദുലമായ ഭാഗവും അടിഭാഗത്തെ കട്ടിയുള്ള ഭാഗവും ഒഴിവാക്കി വിത്തിനായ് എടുക്കാം.
വിത്തുകമ്പുകൾ നട്ട് ഒരു മാസത്തിനകം എതിർദിശയിൽ വളരുന്ന ഏറ്റവും ആരോഗ്യമുള്ള രണ്ട് ചിനപ്പുകൾ നിറുത്തിയ ശേഷം മറ്റുള്ളവ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് നീക്കം ചെയ്യണം. നട്ട് ഒന്ന് രണ്ട് മാസത്തിനകം കളകൾ നീക്കി മേൽവളം കൊടുക്കണം ചാരം ഇട്ടു കൊടുക്കുന്നത് വിളവ് കൂട്ടും. മേൽവളമായി സംപുഷ്ടീകരിച്ച ആട്ടിൻ വളം, ജീവാമൃതം, പഞ്ചഗവ്യം എന്നിവ ഉപയോഗിക്കാം പഞ്ചഗവ്യം മുള വരുമ്പോഴും മുളച്ച് രണ്ടാം മാസവും ഉപയോഗിച്ചാൽ കൂടുതൽ വിളവ് കിട്ടും.