പരാഗണം നടന്ന ശേഷം അശോക മരത്തിന്റെ കായ്‌കൾ പൂർണ വളർച്ചയെത്തുമ്പോൾ ഫലങ്ങൾക്ക് മഞ്ഞനിറവും തുടർന്ന് ഇരുണ്ട തവിട്ടുനിറവും ആകും. ഫലങ്ങൾക്കുള്ളിൽ സാധാരണ അഞ്ചെട്ടു വിത്ത് കാണാം. പൂർണ വളർച്ചയെത്തി ഉണങ്ങി തുടങ്ങുന്ന മുറയ്ക്ക് ഫലങ്ങൾ പറിച്ച് ഒന്നോ രണ്ടോ ദിവസം മണൽ വിരിച്ച് സൂര്യപ്രകാശത്തിൽ ഉണക്കാം. തുടർന്ന് നാലഞ്ചു ദിവസത്തോളം മരച്ചുവട്ടിൽ ഉണക്കുക.
വിത്ത് ചെടിയിൽ നിന്നു ശേഖരിച്ച് ഉടൻ തന്നെ നടാൻ ശുപാർശയില്ല. ചുരുങ്ങിയത് 10 ദിവസത്തെ വിശ്രമം കഴിഞ്ഞു വേണം പാകാൻ പുതുവിത്ത് മുളയ്ക്കാൻ താമസിക്കുമെന്നതാണ് ഒരു കാരണം. പക്ഷേ, ചെടികളുടെ ആയുർദൈർഘ്യത്തെ ബാധിക്കുമെന്നാണ് അനുഭവസമ്പന്നരുടെ പക്ഷം.
വിത്ത് പാകി മുളപ്പിച്ച് തൈകൾ പറിച്ചു നടുന്ന രീതിയാണ് അഭികാമ്യം. 15x20 സെ.മീ വലിപ്പവും ജലനിർഗമനത്തിന് ഒന്നോ രണ്ടോ സുഷിരങ്ങളുമുള്ള പോളിത്തീൻ കവറുകളിൽ മുക്കാൽഭാഗം മൺമിശ്രിതം നിറച്ച് വിത്ത് നടാം. കവർ നിറയ്ക്കാൻ നേർമയുള്ള മേൽമണ്ണും ഒപ്പം സമം ഉണങ്ങിയ ചാണകപ്പൊടിയും കൂട്ടാം. കവറിലെ മൺമിശ്രിതം ലോലമായി അമർത്തിയ ശേഷം മൺപരപ്പിൽ നിന്ന് 2 സെ.മീ. താഴ്ചയിൽ 'ഒരു വിരൽപാട്' അകലത്തിൽ രണ്ട് വിത്ത് കുത്തുക.
ജൂൺ മാസമാണ് വിത്ത് പാകേണ്ടത്. മണ്ണ് ഉണങ്ങാതെ ആവശ്യത്തിന് നനയ്ക്കണം. ചെറു തൈകൾക്ക് നേരിയ തോതിലുള്ള തണൽ ആവശ്യമാണ്. നാലില പ്രായമെത്തിയ തൈകൾ പറിച്ചു നടാം. പറിച്ചു നടുന്നതിന് ഒരാഴ്ച മുൻപ് തണൽ മാറ്റി നന്നായി സൂര്യപ്രകാശം ഏൽപ്പിച്ച് ആവശ്യാനുസരണം നനയ്ക്കുക. ഇത് തൈകൾക്ക് വേണ്ടത്ര കരുത്ത് നൽകും.
നടീൽ
അശോകത്തിന്റെ തൈകൾ നടാൻ ഏറ്റവും യോജിച്ച കാലം. ആഗസ്റ്റു മാസം പകുതിക്ക് ശേഷമാണ്. കടുത്ത മഴ കഴിഞ്ഞ് നടുന്ന തൈകൾ ഒന്നും നഷ്ടപ്പെടാതെ പിടിച്ചു കിട്ടും. നടാൻ 50 സെ.മീ. നീളം വീതി താഴ്ച്‌ചയിലുള്ള കുഴികളെടുത്ത് മേൽമണ്ണും 3 കിലോ കമ്പോസ്റ്റും ഒരു കിലോ ഉണങ്ങിയ കാലിവളവുമായി ചേർത്തിളക്കി കുഴി 30 സെ.മീ. നിറയ്ക്കുക. ഈ കുഴിയുടെ മധ്യത്തിൽ ഒരു ചെറു കുഴിയെടുത്ത് പോളിത്തീൻ കവറോടെ തൈ കുഴിയിലിറക്കി വച്ച്, മണ്ണ് മൂടുന്നതിനു മുൻപ് പോളിത്തീൻ കവർ ഒരു ബ്ലേഡു കൊണ്ട് മുറിച്ച് മാറ്റുക. മണ്ണ് ചേർത്ത് നന്നായി അമർത്തുക. അശോക തൈയ്യുടെ വേരിൽ പിടിച്ചിരിക്കുന്ന മണ്ണ് അടർന്ന് മാറാതെ നടേണ്ടതാണ്. ചെറുതൈകൾക്ക് ചുവട്ടിലെ മണ്ണിന് ഈർപ്പം നിലനിറുത്താൻ പാകത്തിന് നനയ്ക്കണം.