തെങ്ങിൻ തോപ്പിലെ ഭാഗിക തണലിൽ വളരാൻ ഇഷ്‌ടപ്പെടുന്നതും കൂടുതൽ വരുമാനം തരുന്നതുമായ പഴവർഗ വിളയാണു പഴങ്ങളുടെ റാണി എന്നറിയപ്പെടുന്ന മാങ്കോസ്റ്റിൻ. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കൃഷി ചെയ്തു വരുന്ന ഈ ഫലവൃക്ഷം ഇന്തോനേഷ്യൻ സ്വദേശിയാണ്. 100 വയസിൽ കൂടുതൽ ആയുസുള്ളതും വിളവെടുക്കാൻ 8 വർഷം വരെ കാത്തിരിക്കേണ്ടതുമായ ഒരു വിളയാണിത്.
മാങ്കോസ്റ്റിൻ നടുമ്പോൾ
1.വേനൽക്കാലത്ത് നന ആവശ്യമുള്ള വിളയാണു മാങ്കോസ്റ്റിൻ. അതിനാൽ, നനയ്ക്കാൻ സൗകര്യമുള്ള തെങ്ങിൻ തോപ്പുകൾ വേണം തെരഞ്ഞെടുക്കാൻ.
2. നേരിട്ടു സൂര്യപ്രകാശം പതിക്കുന്ന ശിഖരങ്ങളിൽ കായ്‌പിടിത്തം കുറവായിരിക്കും. അതിനാൽ ഭാഗികമായി തണൽ ലഭ്യമാകുന്ന തെങ്ങിൻതോട്ടമാണ് അഭികാമ്യം. 10-12 വർഷത്തിനു മേൽ പ്രായമുള്ള തെങ്ങിൻ തോട്ടമാണു നല്ലത്.
3. മൂന്നു മുതൽ നാലു വർഷം വരെ പ്രായമായ, രണ്ടു മുതൽ മൂന്നു തണ്ടുകൾ വളർച്ചയുള്ള മാങ്കോസ്റ്റിൻ തൈകൾ നടുന്നതായിരിക്കും ഉചിതം. പ്രായം കുറഞ്ഞ തൈകൾ നട്ടാൽ വേരു പിടിക്കാൻ കൂടുതൽ സമയം വേണ്ടി വരുന്നതിനാൽ തൈയുടെ വളർച്ച മന്ദഗതിയിലായിരിക്കും.
4. ചുരുങ്ങിയത് രണ്ടു തണ്ടുകളുള്ളതും നല്ല കരുത്തോടെ പോളിത്തീൻ ബാഗിൽ നേരെ വളരുന്നതുമായ തൈകൾ വേണം തെരഞ്ഞെടുക്കാൻ. പ്രായം കൂടിയ തൈകൾ വാങ്ങുമ്പോൾ പോളിത്തീൻ കവറിൻ്റെ വലിപ്പം കൂട്ടിയിട്ടുണ്ടോ എന്നും വേരു പടലം കവർ പൊട്ടി പുറത്തേക്കു വളർന്നു നശിച്ചു പോയിട്ടുണ്ടോ എന്നും ശ്രദ്ധിക്കണം.
5. മണ്ണിലേക്ക് വേര് പൊട്ടി ഇറങ്ങാൻ സമയം എടുക്കുന്ന വിളയായതിനാൽ നല്ല ഇളക്കമുള്ള മണ്ണിൽ വേണം മാങ്കോസ്റ്റിൻ നടാൻ. 21/2 അടി നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത് അതിൻ്റെ മുക്കാൽ ഭാഗം മേൽ മണ്ണും ചാണകപ്പൊടിയും നിറച്ചാണ് തൈകൾ നടേണ്ടത്. കുഴിയുടെ മധ്യഭാഗത്തായി പോളിത്തീൻ കവർ ഉൾക്കൊള്ളാൻ കഴിയുന്ന വലിപ്പമുള്ള ഒരു ചെറുകുഴിയുണ്ടാക്കി അതിൽ കവർ പൊട്ടിച്ച് വേര് പൊട്ടാതെ, മണ്ണോടുകൂടി തൈകൾ ഇറക്കി വച്ച് മണ്ണിട്ട് ഉറപ്പിക്കണം. ബലമുള്ള ഒരു കമ്പുനാട്ടി താങ്ങു കൊടുക്കുകയും വേണം.
6. തെങ്ങിനെ പോലെ തന്നെ ജൈവ വളമാണ് മാങ്കോസ്റ്റീനും നല്ലത്. ചാണകം, കോഴിവളം, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവ ജൈവവളങ്ങൾക്ക് മുൻതൂക്കം നൽകണം. പൂവിടുന്ന സമയത്ത് പൊട്ടാഷ് വളം നൽകുന്നത് കൂടുതൽ വിളവ് ലഭിക്കാൻ സഹായിക്കും.