കാലവർഷത്തിന് മുമ്പായി ഏപ്രിൽ-മെയ് മാസങ്ങളിൽ പുതുമഴ ലഭിച്ച് തുടങ്ങുന്നതോടെ താങ്ങുമരങ്ങൾ നടാം. കുരുമുളക് പടർത്താൻ ഉപയോഗിക്കുന്ന പ്രധാന താങ്ങുമരങ്ങൾ മുരിക്ക്, കിളിഞ്ഞിൽ, പെരുമരം / മട്ടി, സുബാബുൾ എന്നിവയാണ്. പ്ലാവ്, അക്വേഷ്യ തുടങ്ങിയ വിവിധോദ്ദേശ്യ സ്വഭാവമുള്ള മരങ്ങളാണ് താങ്ങായി ഉപയോഗിക്കുന്നതെങ്കിൽ അവസാന വിളവെടുപ്പിന് ശേഷം ഇതിന്റെ തടിയും വരുമാന മാർഗ്ഗമാക്കാം. ഇത് അധികാദായം ഉറപ്പു വരുത്തുന്നു. ഇത്തരം മരവൃക്ഷങ്ങൾ താങ്ങു മരമായി തിരഞ്ഞെടുക്കുമ്പോൾ ഇവ 3X3 മീ. അകലത്തിൽ നടണം (ഏക ദേശം 11*11 മരങ്ങൾ ഒരു ഹെക്‌ടറിൽ എന്ന കണക്കിൽ) ഇത് മികച്ച വിളവ് ഉറപ്പാക്കുന്നു.
മുരിക്ക് ഒരു മികച്ച താങ്ങുമരമാണെങ്കിലും ഗാളീച്ച ഒരു പ്രധാന ഭീഷണിയാണ്. നല്ല മുള്ളുള്ള മുരിക്കിനങ്ങളിൽ (എറിത്രിന വേരിഗേറ്റ) ഗാളീച്ചയുടെ ആക്രമണം കുറവാണ്. അതിനാൽ ഇത്തരം മുരിക്കുകൾ താങ്ങുകാലുകളാക്കാം. മുള്ളില്ലാത്ത മുരിക്കും സിൽവർ ഓക്ക് എന്നിവ ഉയർന്ന പ്രദേശങ്ങളിൽ കുരുമുളക് കൃഷിക്ക് യോജിച്ച മികച്ച താങ്ങുമരങ്ങളാണ്. ഇവ കുരുമുളക് തൈകൾ നടുന്നതിന് 2-3 വർഷം മുൻപു തന്നെ നടണം.
നിരപ്പായ സ്ഥലങ്ങളിൽ 3X3 മീറ്ററും ചരിവുള്ള പ്രദേശങ്ങളിൽ വരികൾ തമ്മിൽ 4 മീറ്ററും ചെടികൾ തമ്മിൽ 2 മീറ്ററും നടീൽ അകലം പാലിക്കണം. നട്ട കമ്പു കൾക്ക് ചുറ്റുമുള്ള മണ്ണ് ഉറപ്പിക്കണം.
താങ്ങുകാലുകളുടെ ചുവട്ടിൽ നിന്നും 15 സെ.മീ. അകലത്തിൽ വടക്ക് ഭാഗത്തായാണ് കുരുമുളക് തൈകൾ നടേണ്ടത്. 50 X 50 X 50 സെ.മീ. വലിപ്പത്തിലുള്ള കുഴികളിലാണ് തൈകൾ നടേണ്ടത്. ഓരോ കുഴിയിലും 5 കി.ഗ്രാം വീതം കമ്പോസ്റ്റോ അല്ലെങ്കിൽ ഉണങ്ങിയ ചാണകപ്പൊടിയും 50 ഗ്രാം വീതം ട്രൈക്കോഡർമ്മയും മേൽ മണ്ണുമായി കലർത്തി കുഴി നിറയ്ക്കണം. കാലവർഷാരംഭത്തോടെ (ജൂൺ-ജൂലൈ) മാസങ്ങളിൽ വേര് പിടിപ്പിച്ച രണ്ട് തൈകൾ വീതം താങ്ങുകാലുകളിൽനിന്നും 30 സെ.മീ. അകലത്തിൽ നടാം.
ഓരോ ചെടിയുടെ ചുവട്ടിലും കൂനകൂട്ടി മണ്ണുറപ്പിക്കുന്നത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് സഹായിക്കും. വളർന്നു വരുന്ന തലപ്പുകൾ താങ്ങുകാലുകളോട് ചേർത്ത് കെട്ടണം. ചെറിയ തൈകൾക്ക് നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ തണൽ നൽകേണ്ടത് അത്യാവശ്യമാണ്. തെങ്ങിലും കമുകിലുമാണ് കുരുമുളക് പടർത്തുന്നതെങ്കിൽ ചുവട്ടിൽ നിന്നും യഥാക്രമം 1.5 മീറ്റർ, 1 മീറ്റർ എന്നീ അകലത്തിലും തൈകൾ നടേണ്ടതാണ്. താത്ക്കാലിക താങ്ങുകളിൽ 1-2 വർഷം കുരുമുളക് പടർത്തണം. തടിയിലേക്ക് പടർത്താൻ പറ്റുന്ന നീളമാകുന്നതോടെ താത്ക്കാലിക താങ്ങ് മാറ്റി വള്ളികൾക്ക് കേടുപറ്റാതെ തലപ്പുകൾ താങ്ങുമരങ്ങളിലേക്ക് പടർത്തി വിടാം.