പത്തു മീറ്ററോളം പൊക്കത്തിൽ അവക്കാഡൊ വളരുന്നു. ധാരാളം ശാഖോപശാഖകളും അവ നിറയെ ഇലകളുമായി വളർന്നു നിൽക്കുന്ന ഈ മരം കാണാൻ നല്ല ചന്തമാണ്. തളിരിലകളുടെ നിറം ചുവപ്പാണ്. ക്രമേണ അവ പച്ചയായി മാറുന്നു.
അവക്കാഡൊയുടെ പ്രധാന മൂന്നിനങ്ങൾ
മെക്സിക്കൻ, ഗോട്ടിമാലൻ, വെസ്റ്റിന്ത്യൻ ഇവയാണ് മൂന്നിനങ്ങൾ. ഇവയിൽ വെസ്റ്റ് ഇന്ത്യൻ ഇനമാണ് നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യം.
അവക്കാഡൊ എന്ന പഴത്തിന് ഇന്ത്യയിൽ അധികം പ്രചാരം ലഭിക്കാതെ പോയത് എന്തു കൊണ്ടാണ്
ഒട്ടും മധുരവും രുചിയുമില്ലാത്തതിനാലാണ് ഇന്ത്യാക്കാർ ഈ പഴത്തെ ഉൾക്കൊള്ളാതിരുന്നത്. ഇതിന് വെണ്ണയുടെ സ്വാദാണ്. അതിനാൽ ഇതിനെ ബട്ടർ ഫ്രൂട്ട് അഥവാ വെണ്ണപ്പഴം എന്നും വിളിക്കുന്നു.
ഏതു രീതിയിലുള്ള കാലാവസ്ഥയിലും മണ്ണിലുമാണ് അവക്കാഡൊ നന്നായി വളരുന്നത്
കടുത്ത വേനലിലും കടുത്ത തണുപ്പിലും ഇവ വളരുന്നില്ല. അതു പോലെ പൂ മൊട്ടിടുമ്പോഴും പഴങ്ങൾ രൂപം കൊള്ളുമ്പോഴും കുറഞ്ഞ അന്തരീക്ഷ ഈർപ്പവും കടുത്ത വേനൽ ചൂടും മഞ്ഞു കാലത്തെ കടുത്ത തണുപ്പും ചെടിക്ക് സഹിക്കാൻ കഴിയുന്നില്ല. 400 മുതൽ 1200 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ ഇത് സമൃദ്ധിയായി വളർന്നു കാണുന്നു. നല്ല നീർവാർച്ചയുള്ളതും മണലും ചെളിയും സമം ചേർന്നതുമായ എക്കൽ മണ്ണിലാണ് അവക്കാഡൊ നന്നായി വളരുന്നത്.
അവക്കാഡൊയിൽ ഏതു രീതിയിലുള്ള പ്രവർധനത്തിനാണ് കൂടുതൽ പ്രചാരം
സാധാരണയായി വിത്ത് മുളപ്പിച്ച തൈകളാണ് നടാൻ ഉപയോഗിക്കുന്നത്. തവാരണയിൽ വിത്തു പാകി മുളപ്പിച്ച തൈകൾ ഏതാണ്ട് 30 സെ.മീറ്റർ പൊക്കമായാൽ പിരിച്ചു നടാവുന്നതാണ്. ഇളക്കി നടുമ്പോൾ വേരുകൾക്ക് കേടു സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ബഡ്ഡിംഗ് നടത്തിയും ഇവയുടെ തൈകൾ ഉൽപ്പാദിപ്പിക്കാറുണ്ട്.
തൈ നടുന്ന രീതി എങ്ങനെയാണ്
ഒരു മീറ്റർ വീതം, നീളം, വീതി, താഴ്‌ച എന്ന അളവിൽ കുഴിയെടുത്ത് മേൽമണ്ണ് ഇട്ട് കുഴി മൂടണം. നടുന്ന സമയത്ത് വളം ഒന്നും തന്നെ ചേർക്കേണ്ടതില്ല. ചെടി നട്ടു വളർന്നതിനു ശേഷം വളം ചേർത്താൽ മതി. നടുമ്പോൾ കമ്പോസ്റ്റോ കാലിവളമോ ചേർത്താൽ അവയിൽ നിന്ന് ഉൽഭവിക്കാവുന്ന ചൂടുനിമിത്തം ചെടിക്ക് വേര്പിടി ക്കാൻ താമസം നേരിടുന്നു.
നട്ട് എത്ര വർഷം പ്രായമാകുമ്പോൾ അവക്കാഡൊയിൽ നിന്നും ശരിയായ വിളവ് കിട്ടിത്തുടങ്ങും
ഒട്ടുതൈ ആണെങ്കിൽ അഞ്ചാം വർഷം മുതൽ കായ്ച്ചു തുടങ്ങും. ശുശ്രൂഷ പോലിരിക്കും വിളവ്, നല്ല ആരോഗ്യത്തോടു കൂടി വളരുന്ന ഒരു വൃക്ഷത്തിൽ നിന്നും ആണ്ടുതോറും ഉദ്ദേശം 300 പഴങ്ങൾ ലഭിക്കുന്നതാണ്. മൂപ്പെത്തിയ പഴം താനേ അടർന്നു വീഴും. എന്നാൽ നിറഭേദം വരുമ്പോൾ അവ പറിക്കേണ്ടതാണ്. സാധാരണ വയനാട്ടിൽ ആണ്ടിൽ രണ്ടു തവണ വിളവ് ലഭിക്കുന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളിലും മേയ്-ജൂൺ മാസങ്ങളിലും