പപ്പായ കൃഷിക്ക് യോജിച്ച കാലാവസ്ഥയും മണ്ണും
കേരളത്തിലെ കാലാവസ്ഥയിൽ സമൃദ്ധിയായി വളരുന്ന ഒരു ചെടിയാണ് പപ്പായ. വെള്ളം കെട്ടി കിടക്കുന്ന സ്ഥലങ്ങൾ ഒഴിച്ച് മറ്റെവിടെ വേണമെങ്കിലും പപ്പായ വളർത്താം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1000 മീറ്റർ വരെ ഉയരത്തിൽ പപ്പായ വളരുന്നു. ശീതോഷ്ണവും ഈർപ്പവുമുള്ള കാലാവസ്ഥയാണ് ഇതിന് വളരെ യോജിച്ചത്. മഴ കുറവുള്ള സ്ഥലങ്ങളിൽ ജലസേചനം ആവശ്യമാണ്.
മണ്ണിൽ ക്രമാതീതമായി വെള്ളം നിന്നാൽ പപ്പായ മരം ക്ഷീണിക്കുമെന്നു മാത്രമല്ല ഒരു തരം രോഗം ബാധിക്കുകയും ചെയ്യുന്നു. ഇതിൻ്റെ തണ്ടിന് ബലം കുറവാ ഇതു കൊണ്ട് ശക്തിയേറിയ കാറ്റിൽ നിന്നും രക്ഷ കിട്ടത്തക്ക സ്ഥലങ്ങളിൽ വേണം നടേണ്ടത്. ഒറ്റത്തടി വൃക്ഷമായി വളരുന്ന പപ്പായ ഏകദേശം 25 അടിയോളം ഉയരം വയ്ക്കുന്നു. ശിഖരങ്ങൾ ഇതിൽ അപൂർവമായിട്ടു മാത്രമേ കാണാറുള്ളു.
പപ്പായ തൈകൾ ഉൽപ്പാദിപ്പിക്കുന്ന വിധം എങ്ങനെ
പപ്പായ തൈകൾ ഉണ്ടാക്കാൻ വേണ്ടി നല്ലയിനം വൃക്ഷങ്ങളിൽ നിന്നും പഴുത്തു പാകമായ ഫലങ്ങൾ ശേഖരിക്കണം. അവയിൽ നിന്നും ലഭിക്കുന്ന വിത്തുകൾ കഴുകി ചാരം ചേർത്ത് ഇളക്കി ചെറിയ തണലിൽ വച്ച് ഉണക്കണം.
അധികം തൈകൾ ആവശ്യമാണെങ്കിൽ തവാരണകൾ തയാറാക്കി അതിൽ വിത്തു പാകുന്നതാണ് ഉത്തമം. കുറച്ചു തൈ മതിയെങ്കിൽ ചെടിച്ചട്ടിയിൽ അവ വളർത്തിയെടുക്കാവുന്നതാണ്. 15-20 ദിവസം കൊണ്ട് വിത്ത് മുളച്ചു പൊങ്ങുന്നു. ഒന്നരമാസത്തോളം പ്രായമെത്തിയാൽ തൈകൾ പറിച്ചു നടാം.
തൈ നടാൻ കുഴിയെടുക്കുന്ന വിധവും തൈ നടുന്ന രീതിയും
തൈ നടാൻ 50 സെ.മീറ്റർ സമചതുരവും ആഴവുമുള്ള കുഴിയെടുക്കണം. പപ്പായ തോട്ടമായി നടുമ്പോൾ രണ്ട് തൈകൾ തമ്മിൽ 2 മീറ്റർ മുതൽ 3 മീറ്റർ അകലം നൽകണം. 30 കി.ഗ്രാം ഉണങ്ങിയ ചാണകപ്പൊടിയും മേൽമണ്ണും കലർത്തി ഇട്ട് കുഴി മൂടണം. വർഷ കാലാരംഭമാണ് തൈകൾ കുഴികളിൽ നടാൻ പറ്റിയ സമയം. തൈയുടെ വേരുകൾക്ക് കേടുവരാത്ത വിധം ഇളക്കിയെടുത്തു വേണം കുഴികളിൽ നടേണ്ടത്. ആദ്യ കാലത്ത് ചെടികളെ നല്ലവണ്ണം ദിവസവും നനയ്ക്കുവാൻ ശ്രദ്ധിക്കണം.
പൂവ് വിരിഞ്ഞ് എത്ര നാൾ കഴിയുമ്പോൾ പഴങ്ങൾ പാകമാകുന്നു
പൂ വിരിഞ്ഞ് ആറു മാസം കഴിഞ്ഞാൽ പഴം പാകമാകും. ഒരു മരം 15-20 വർഷത്തോളം ഫലം തരുമെങ്കിലും അതിൽ നിന്നും 4-5 വർഷക്കാലം മാത്രമേ നല്ല ആദായം ലഭിക്കുകയുള്ളു. കേരളത്തിലെ കാലാവസ്ഥയിൽ പപ്പായ എല്ലാക്കാലത്തും കായ്ക്കുന്നുണ്ടെങ്കിലും കൂടുതൽ വിളവ് നൽകുന്നത് ആഗസ്റ്റ്, ഫെബ്രുവരി മാസങ്ങളിലാണ്.