ഏതു രീതിയിലുള്ള മണ്ണും കാലാവസ്‌ഥയുമാണ് കൈതച്ചക്ക വളർത്താൻ അനുയോജ്യം
ഉണക്കിനെ ചെറുക്കുവാനുള്ള ശേഷി കൈതച്ചക്കയ്ക്ക് വളരെ കൂടുതലാണ്. 15-30°C നും ഇടയ്ക്കുള്ള ചൂടാണ് ഇവയ്ക്ക് വളരാൻ ഏറ്റവും യോജിച്ചത്. വർഷം 600-2500 മീ. ലിറ്റർ മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ കൈതച്ചക്ക വളർത്താവുന്നതാണ്. ഏറ്റവും അനുയോജ്യം വർഷം 1500 മി.ലിറ്റർ മഴ ലഭിക്കുന്നതാണ്.
നല്ല നീർവാർച്ചയുള്ള ഏതുതരം മണ്ണിലും ഇതു നന്നായി വളരുന്നതാണ്. മണൽ കലർന്ന പശിമരാശി മണ്ണാണ് ഏറ്റവും അനുയോജ്യം.
കൈതച്ചക്ക നടാൻ അനുയോജ്യമായ സമയം
മേയ്-ജൂൺ മാസങ്ങളാണ് നടാൻ യോജിച്ചത്. കടുത്ത മഴയുള്ളപ്പോൾ നടുന്നതു ഒഴിവാക്കണം.
നിലമൊരുക്കുന്ന വിധം എങ്ങനെ
നടുന്നതിനും നാലഞ്ചു മാസം മുമ്പു തന്നെ സ്ഥലം ഒരുക്കാനുള്ള പ്രവർത്തനം ആരംഭിക്കണം. ട്രാക്‌ടർ ഉപയോഗിച്ച് 3-4 തവണ ഉഴണം. തറ നിരപ്പാക്കിയ ശേഷം 90 സെ.മീററർ വീതിയും 15-30 സെ. മീറ്റർ ആഴത്തിലുമുള്ള ചാലുകൾ സൗകര്യപ്രദമായ നീളത്തിൽ എടുക്കണം. അവസാന ചാൽ ഉഴവിന് മുമ്പായി ഹെക്ടറിന് 25 ടൺ എന്ന തോതിൽ കമ്പോസ്റ്റോ കാലിവളമോ ചേർക്കണം. രണ്ടു ചാലുകൾ തമ്മിൽ 165 സെ.മീറ്റർ അകലം നൽകണം.
തയാറാക്കിയ ചാലുകളിൽ രണ്ടു വരിയായാണ് കന്നുകൾ നടുന്നത്. കന്നുകൾ തിരഞ്ഞെടുക്കുമ്പോൾ ഒരേ സ്വഭാവമുള്ള കന്നുകൾ വേണം ഉപയോഗിക്കാൻ. രണ്ടു വരിയായി നടുമ്പോൾ കഴിയുന്നതും അവ നേർക്കു നേർ വരത്തക്ക വിധം നടാൻ ശ്രമിക്കണം. നടുമ്പോൾ 7.5 മുതൽ 10 സെ. മീറ്റർ വരെ താഴ്ത്തി നല്ല വണ്ണം ഉറപ്പിച്ചു വേണം നടാൻ. ഇങ്ങനെ കന്നുകൾ നടുമ്പോൾ നടുക്കാമ്പിൽ മണ്ണു വീഴാതെ സൂക്ഷിക്കേണ്ടതാണ്. ഇലകളുടെ കക്ഷത്തിലും നടുക്കാമ്പിലും മണ്ണു വീണാൽ കന്നുകൾ ചീഞ്ഞു നശിക്കുവാൻ ഇടവരും. ചരിവു സ്ഥലങ്ങളിൽ കൈതച്ചക്ക നടാൻ ചരിവിനെതിരെ വേണം ചാലുകൾ കീറുന്നത്.
കൈതച്ചക്കയിൽ ഹോർമോൺ തളിക്കുന്ന രീതി എങ്ങനെ
ക്യൂ ഇനത്തിൽപ്പെട്ട ചെടികൾക്ക് 7-8 മാസത്തെ കായികവളർച്ചയെങ്കിലും എത്തിയാൽ മാത്രമേ ചെടികളിൽ ഹോർമോൺ പ്രയോഗം നടത്തുവാൻ പാടുള്ളു. ഹോർമോൺ തളിച്ച് 40 ദിവസം കഴിയുമ്പോൾ ചെടികൾ പൂത്തു തുടങ്ങും. 70 ദിവസങ്ങൾക്കുള്ളിൽ 98% ചെടികളും പൂക്കുന്നതായി കാണാം.
എതിഫോൺ എന്ന ഹോർമോൺ ആണ് ഇതിനായി സാധാരണ ഉപയോഗിക്കുന്നത്. ക്ലോറോ ഈതൈൽ ഫോസ്ഫോണിക് അമ്ലമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. കൈതച്ചക്ക ചെടിയിൽ തളിക്കുവാൻ താഴെ കാണുന്നവ വെള്ളത്തിൽ കലർത്തി ലായനിയായി എടുക്കണം. എത്തിഫോൺ (39%) - 3.2 മി.ലിറ്റർ (മാർക്കറ്റിൽ സുലഭമായി ലഭിക്കുന്നു), യൂറിയ- 1 കി.ഗ്രാം, കാത്സ്യം കാർബണേറ്റ് - 20 ഗ്രാം, വെള്ളം - 50 ലിറ്റർ. ലയിപ്പിച്ചെടുക്കുന്ന ലായനി 1000 ചെടി കളിൽ തളിക്കാൻ കഴിയുന്നതാണ്. കായിക വളർച്ചയെത്തിയ ചെടികളുടെ നടുക്കുമ്പിൽ വേണം ഒഴിക്കേണ്ടത്. ലായനി ഒഴിക്കുമ്പോൾ വരണ്ട കാലാവസ്ഥ ആയിരിക്കണം. ഓരോ കൂമ്പിലും 50 മി.ലിറ്റർ വീതം ഒഴിക്കണം. ലായനി ഒഴിച്ച് 130-135 ദിവസങ്ങൾ കഴിയുമ്പോൾ ചക്ക വിളവെടുക്കാൻ കാലമാകും.