അനോണേസിയെ സസ്യകുടുംബത്തിലെ അനോണ എന്ന ജനുസ്സിൽ ഉൾപ്പെട്ട ആത്തച്ചക്കയുടെ കുടുംബത്തിൽ വിവിധതരത്തിലുള്ള പഴങ്ങളുണ്ട്. നമ്മുടെ തൊടിയിലും വീട്ടുവളപ്പിലും കാണുന്ന ഇത്തരം മരങ്ങളും അവയുടെ ഫലങ്ങളും ഇന്ന് വ്യാപകമായി കാണപ്പെടുന്ന പല രോഗങ്ങൾക്കും പ്രതിവിധി കൂടിയാണ്.
ഏതു രീതിയിലുള്ള പ്രവർധനമാണ് ആത്തിയിൽ പ്രചാരത്തിലുള്ളത്
വിത്തുപാകി കിളിർപ്പിച്ചു തൈകളുണ്ടാക്കിയാണ് വംശവർധന നടത്തുന്നത്. ഒട്ടിക്കൽ രീതിയും ആത്തിയിൽ വിജയകരമായി നടത്താൻ കഴിഞ്ഞിട്ടുണ്ട്. വശം ചേർത്തൊട്ടിക്കൽ അഥവാ ഇനാർച്ചിങ് ആണ് ആത്തിയിൽ നടത്താൻ ഏറ്റവും എളുപ്പം. മുകുളനം എന്ന രീതിയിലും ആത്തിയിൽ പരിശോധിച്ചതിൽ വിജയകരമായാണ് കാണാൻ കഴിഞ്ഞത്.
തൈ തയാറാക്കുന്ന വിധം
വിത്തു പാകി കിളിർപ്പിക്കാൻ 15 സെ.മീറ്റർ പൊക്കത്തിൽ തടങ്ങൾ നിർമിക്കുന്നതാണ് സൗകര്യം. നീളവും വീതിയും സൗകര്യം പോലെയും. നല്ലവണ്ണം കിളച്ച് കട്ടകൾ പൊടിച്ച് അതിൽ കമ്പോസ്റ്റോ കാലിവളമോ ചേർത്തു കൊടുക്കണം. ആറിഞ്ചു അകലത്തിൽ വിത്ത് തടത്തിൽ പാകണം. മഴയില്ലെങ്കിൽ കൂടക്കൂടെ നനച്ചു കൊടുക്കേണ്ടതാണ്. രണ്ടാഴ്‌ചയ്ക്കകം വിത്തുകൾ കിളിർക്കും. ഒരു വർഷം കൊണ്ട് തൈകൾക്ക് ഒരു മീറ്ററോളം ഉയരം വയ്ക്കുന്നതോടെ അവ പറിച്ചുനടാം.
തൈ നടുന്ന രീതി
40 സെ.മീറ്റർ വീതം നീളം, വീതി, താഴ്‌ചയുള്ള കുഴികളെടുത്ത് മേൽമണ്ണും ഉണക്കചാണകവും കലർത്തി കുഴി മൂടണം. ശേഷം മധ്യത്തായി തൈ നടണം. മൂന്നു വർഷങ്ങൾക്കകം മരങ്ങൾക്ക് 2 മീറ്റർ വരെ ഉയരം വയ്ക്കും. ഇതു കുറേശ്ശേ വർധിച്ച് മൂന്നു നാലു മീറ്റർ വരെ പൊങ്ങുന്നു.
കൂടുതൽ തൈകൾ നടുമ്പോൾ രണ്ട് തൈകൾ തമ്മിൽ എന്ത് അകലം നൽകണം
രണ്ട് തൈകൾ തമ്മിൽ 4-5 മീറ്റർ വരെ അകലം നൽകാവുന്നതാണ്.
ആത്തി കൃഷി ചെയ്യുമ്പോൾ ഏതെല്ലാം വളങ്ങൾ എത്ര വീതം നൽകണം
ആത്തിക്ക് സാധാരണ വളം ചേർക്കുന്ന പതിവില്ല. അതിനാൽ ക്രമേണ വിളവ് കുറഞ്ഞു വരുന്നതായാണ് കാണാറുള്ളത്. ചണമ്പ്, ഉഴുന്ന് ഇവയിലേതെങ്കിലുമൊന്ന് ഇടവിളയായി കൃഷി ചെയ്‌ത് പൂക്കുമ്പോൾ മുറിച്ച് മണ്ണിൽ ചേർത്ത് മണ്ണിലെ വളക്കൂറ് ഉയർത്താൻ കഴിയുന്നു. ഇത്തരം പച്ചിലവളപ്രയോഗം ആത്തിമരങ്ങൾ പുഷ്‌ടിയായി വളരാനും കൂടുതൽ ഫലങ്ങൾ നൽകാനും സഹായിക്കുന്നു. വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും 2:1 എന്ന അനുപാതത്തിൽ മണ്ണിൽ ചേർത്ത് വളക്കൂറു ഉയർത്താൻ സഹായിക്കുന്നതോടൊപ്പം വിളവ് വർധിപ്പിക്കാനും കഴിയുന്നതാണ്.
നട്ട് എത്ര വർഷം കഴിയുമ്പോൾ ചെടികൾ കായ്ച്‌ചു തുടങ്ങുന്നു
നട്ട് മൂന്നാം വർഷം മുതൽ വൃക്ഷങ്ങൾ കായ്ച്ചുതുടങ്ങും. ജൂലൈ, ഒക്ടോബർ മാസങ്ങളിലാണ് ധാരാളം പഴങ്ങൾ ലഭിക്കുന്നത്. മഞ്ഞു കാലത്ത് ഇല പൊഴിയുന്ന സ്വഭാവം ഈ മരത്തിൽ കാണുന്നു.
ഒരു മരത്തിൽ നിന്ന് എന്തു വിളവ് ലഭിക്കുന്നു
നല്ല പോലെ വളം ചെയ്‌ത് സംരക്ഷിക്കുകയാണെങ്കിൽ ഒരു മര ത്തിൽ നിന്നും നൂറിലധികം പഴങ്ങൾ ലഭിക്കുന്നതാണ്. സാധാരണ ഗതിയിൽ 15-20 വർഷം വരെ മാത്രമേ ഫലങ്ങൾ നല്ല പോലെ നൽകുന്നുള്ളു. അതിനു ശേഷവും കായ്ക്കുമെങ്കിലും എണ്ണത്തിൽ വളരെ കുറവായിരിക്കും