കേരളീയരുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് ചക്ക. പോഷകങ്ങളുടെ കലവറ കൂടിയാണ് ചക്ക. പലരുടെയും വീടുകളിൽ ചക്ക ഉണ്ടാവുകയും ചെയ്യും. എന്നാൽ ഉണ്ടായിട്ടു എന്ത് കാര്യം, പ്ലാവിലെ ഏറ്റവും മുകളിലെ ശിഖരത്തിൽ ചക്ക ഉണ്ടാവുകയാണെങ്കിൽ അത് പക്ഷികൾക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളൂ.
തൈ നടാൻ അനുയോജ്യമായ സീസൺ
മഴ ആരംഭിക്കുന്നതോടെ വിത്തു തൈകളോ ഒരുവർഷം പ്രായമായ ഒട്ടു തൈകളോ നടാം.
നടാൻ കുഴി തയാറാക്കുന്ന വിധം
60 x 60 x 60 സെ.മീറ്റർ വീതം നീളം, വീതി, താഴ്ച എന്ന ക്രമത്തിൽ കുഴിയെടുത്ത് മേൽമണ്ണ് ഇട്ട് കുഴി മൂടണം. ശേഷം മധ്യഭാഗത്തായി തൈ നടണം. നട്ടു കഴിഞ്ഞാൽ ചുവട് ഉറപ്പിക്കണം. ഒട്ടു തൈയാണ് നടാൻ ഉപയോഗിക്കുന്നതെങ്കിൽ ഒട്ടിയ ഭാഗം മണ്ണിന് മുകളിലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തൈ ഒടിഞ്ഞു പോകാതിരിക്കാൻ ആവശ്യമെന്നു തോന്നുന്ന പക്ഷം താങ്ങ് കൊടുക്കണം. വേനലിൽ തൈകൾക്ക് തണൽ കൊടുക്കേണ്ടതാണ്.
കൂടുതൽ തൈകൾ നടുമ്പോൾ തൈകൾ തമ്മിൽ എന്ത് അകലം നൽകണം
തൈകൾ തമ്മിൽ 12-15 മീറ്റർ അകലം നൽകണം.
പ്ലാവ് കൃഷി ചെയ്യുമ്പോൾ എന്തെല്ലാം വളങ്ങളാണ് നൽകേണ്ടത്
പ്ലാവിന് പ്രത്യേക വളപ്രയോഗം ആവശ്യമില്ല. കാരണം അതിന്റെ വേരുകൾ വളരെ ദൂരത്തിൽ വളർന്നു പോകുകയും ആഹാരം വലിച്ചെടുക്കുകയും ചെയ്യുന്നു എന്നതു തന്നെ.
നട്ടു കഴിഞ്ഞ് എത്രവർഷം കഴിയുമ്പോൾ പ്ലാവ് കായ്ക്കുന്നു
സാധാരണ തൈകൾ 8 വർഷം കഴിയുമ്പോഴും ഒട്ടുതൈകൾ 3 വർഷം കഴിഞ്ഞും കായ്ച്ചു തുടങ്ങുന്നു. ഡിസംബർ-ജനുവരി മാസങ്ങളിൽ കായ്കൾ ഉണ്ടാകുകയും മേയ്-ജൂൺ മാസത്തോടെ വിളവെടുപ്പ് തീരുകയും ചെയ്യും.
ഒരു മരത്തിൽ നിന്നും ഒരു വർഷം എത്ര ചക്കകൾ കിട്ടും
ഒരു മരത്തിൽ നിന്നും ഒരു വർഷം 10 മുതൽ 50 ചക്ക വരെ കിട്ടും.