Updated on: 10 March, 2024 1:04 PM IST
മാതളം

മാതളം ഒരു കുറ്റിച്ചെടിയായോ ചെറിയ മരമായോ വളരുന്നു. ഏകദേശം 5-10 മീറ്റർ പൊക്കത്തിൽ വളരുന്നു. മൃദുത്വമേറിയ പുറന്തൊലിക്ക് ഇരുണ്ട ചാര നിറമാണ്.

ഇന്ത്യയിൽ എല്ലായിടത്തും മാതളം വളരുന്നുണ്ടെങ്കിലും വരണ്ട വേനലിലും തണുപ്പുള്ള സ്ഥലങ്ങളിലുമാണ് നന്നായി വളരുന്നത്. ജലസേചന സൗകര്യം കൂടി ഉണ്ടാകണമെന്ന് മാത്രം.  കേരളത്തിൽ വിളയുന്നവയ്ക്ക് കാബൂളിലെ കായ്ക്‌കളോളം ഗുണമില്ല. ഫ്ളോറിഡ, ഹാവായ് എന്നി വിടങ്ങളിൽ കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടും മാതള കൃഷി വൻതോതിൽ നടത്തിവരുന്നു.

വളക്കൂറില്ലാത്ത മണ്ണിൽ പോലും മാതളം വളരുന്നു. വായുമണ്ഡലത്തിൽ ഈർപ്പം കുറയുന്തോറും പഴത്തിൻ്റെ മേന്മ വർധിക്കുന്നു.

മാതളത്തിന്റെ പ്രധാന ഇനങ്ങൾ ഏതെല്ലാം

മാതളത്തിൻ്റെ പ്രധാന ഇനങ്ങൾ ധോൾകാ, ബദന, മസ്‌കറ്റ് റെഡ്, പേപ്പർ ഷെൽ, സ്‌പാനിഷ് റൂബി, വെള്ളോട് എന്നിവയാണ്. പല ഇനത്തിലുള്ള മാതളം കാണുന്നു. ഉദ്യാനങ്ങളിൽ അലങ്കാരമായി വളർത്തുന്ന ഉയരം കുറഞ്ഞ ഒരിനമുണ്ട്. എന്നാൽ ഇന്ത്യയിൽ പ്രധാനമായി കാണാറുള്ളത് വെളുപ്പും ചുവന്നതും ഫലങ്ങൾ ഉള്ളതായ രണ്ടിനങ്ങളാണ്. വെളുത്ത ഇനത്തിൻ്റെ കുരുവിന് കടുപ്പം കുറയും. നീരിന് കൂടുതൽ മധുരവും.

ബോംബെ, ഗുജറാത്ത്, തെക്കേ ഇന്ത്യ എന്നീ പ്രദേശങ്ങളിൽ വിത്ത് ഉപയോഗിച്ചാണ് പ്രധാനമായി പ്രജനനം നടത്തുന്നത്. കഠിന കാണ്‌ഡം ഉപയോഗിച്ചുള്ള പ്രവർധനത്തിനാണ് അന്തർദേശീയ തലത്തിൽ മാതളത്തിന് പ്രചാരമുള്ളത്.

കഠിനകാണ്ഡം ഉപയോഗിച്ച് തൈകൾ തയാറാക്കുന്ന വിധം

25-50 സെ.മീറ്റർ നീളത്തിൽ കഴിഞ്ഞ സീസണിൽ വളർന്നതായ മൂപ്പു കൂടിയ കമ്പുകൾ മുറിച്ചെടുത്ത് രണ്ടോ മൂന്നോ മുകുളങ്ങൾ മണ്ണിന് മുകളിലായി വരത്തക്ക വിധം തവാരണകളിൽ നടുന്നു. ഒരു വർഷത്തിനു ശേഷം വേരിറങ്ങിയ കമ്പുകൾ ചുവട്ടിൽ നിന്ന് സ്ഥലത്തെ മണ്ണോടുകൂടി വേരിന് കേടു പറ്റാതെ ഇളക്കിയെടുക്കണം. ഇനി അത്തരം തൈകൾ തോട്ടത്തിൽ നടണം.

തൈകൾ നടുമ്പോൾ അവ തമ്മിൽ എന്ത് അകലം നൽകണം

ഫലപുഷ്ടി കുറഞ്ഞ മണ്ണിൽ 3.5-4.5 മീറ്റർ അകലം രണ്ടു തൈകൾ തമ്മിൽ ഉണ്ടായിരിക്കണം. എന്നാൽ വളക്കൂറുള്ള മണ്ണിൽ 5.5 മീറ്റർ വീതം അകലം നൽകണം.

നടാൻ കുഴിയെടുക്കുന്ന രീതിയും നടീൽ രീതിയും

നടാനുള്ള കുഴിക്ക് 60 സെ.മീറ്റർ വീതം നീളം, വീതി, താഴ്‌ച ഉണ്ടായിരിക്കണം. വേനൽകാലത്താണ് കുഴി തയാറാക്കേണ്ടത്. പറമ്പിലെ ഉണക്ക കരിയിലയിട്ടു കുഴി ചുടുന്നത് നല്ലതാണ്. ശേഷം 30 കി.ഗ്രാം ചാണകവും മേൽമണ്ണും കൂടി കലർത്തി കുഴിയിലിട്ട് മൂടണം. ആദ്യ മഴയോടെ തൈ നടാം. മഴയില്ലെങ്കിൽ നട്ട് ഒരാഴ്‌ച വരെ തൈ നനച്ചു കൊടുക്കണം. 6 മാസം പ്രായമാകുന്നതുവരെ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉണക്കു കാലത്ത് നനയ്‌ക്കേണ്ടതാണ്.

മാതളത്തിന് വളം ചേർക്കുന്ന രീതി

ഒരു വർഷം പ്രായമെത്തിയ മാതളത്തിന് 3-6 കുട്ട കാലിവളം ചുവട്ടിൽ തടമെടുത്ത് ഇട്ട ശേഷം മണ്ണിട്ടു മൂടണം. കായ്‌കൾ നന്നായി പിടിക്കുകയും അവ വലുതായി തുടങ്ങുകയും ചെയ്യുമ്പോൾ 2-2.5 കി.ഗ്രാം വീതം നിലക്കടല പിണ്ണാക്ക് ചുവട്ടിൽ ഇട്ട് മണ്ണ് മൂടുന്നത് ഗുണകരമാണ്. കാലിവളത്തോടൊപ്പം ചെറിയ അളവിൽ അമോണിയം സൽഫേറ്റ് നൽകുന്നതും പ്രയോജനകരമാണ്. രാസവളം നൽകി രണ്ടാഴ്ച്‌ച കഴിഞ്ഞ ശേഷം കുറേശെ ചാമ്പലും കുമ്മായവും കൂടി നൽകണം. ഈ രീതിയിലുള്ള വളം ചേർക്കൽ എല്ലാ വർഷവും തുടരണം.

മാതളത്തിന് ജലസേചനം

മരത്തിന് ചുവട്ടിൽ ചുറ്റുമായി തടം തുറന്ന് മഴക്ക് ശേഷം ഇടക്കിടെ നനച്ചാൽ മരങ്ങൾ നന്നായി പ്രതികരിക്കുകയും മികച്ച വിളവ് ലഭിക്കുകയും ചെയ്യുന്നു. കായ് പിടുത്തമുള്ളപ്പോൾ ജലസേചനം വളരെ ആവശ്യമാണ്.

മാതളത്തിന് കൊമ്പുകോതൽ

മാതളത്തിന് സാധാരണ കൊമ്പുകോതലിന്റെ ആവശ്യമില്ല. ചുവട്ടിൽ നിന്നും ധാരാളമായി പൊട്ടി കിളിർക്കാറുള്ള സക്കറുകളും അതോടൊപ്പം മരത്തിന് ഒരു നല്ല ഷേപ്പ് ലഭിക്കാൻ വേണ്ടി മുഴച്ചു നിൽക്കുന്നതായ ശിഖരഭാഗങ്ങളും കോതുന്നത് നല്ലതാണ്. പ്രധാന തടി ഭംഗിയായും വൃത്തിയായും വളരുവാൻ സഹായകമാകും വിധം ശിഖരങ്ങൾ ചുറ്റും നിന്ന് ആവശ്യമെങ്കിൽ കുറെശേ കോതാവുന്നതാണ്. കൊമ്പുകൾ കോതുമ്പോൾ പഴയ കൊമ്പുകളുടെ നീളം കുറയ്ക്കുകയാണ് വേണ്ടത്.

മുറ്റിയ തടിയിൽ നിന്നും കിളിർത്തു പൊങ്ങുന്ന ചെറിയ കിളിർപ്പുകളുടെ തുമ്പറ്റത്താണ് പഴങ്ങൾ രൂപം കൊള്ളാറുള്ളത്. വർഷം തോറും ധാരാളം പുതിയ മുളകൾ കിളിർത്തു വരാനായി മരത്തിന്റെ ചുറ്റുമുള്ള ആവശ്യമില്ലാത്ത ശിഖരങ്ങളും ഭാഗങ്ങളും നീക്കം ചെയ്യുന്നത് കൂടുതൽ ഫലങ്ങൾ ലഭിക്കാൻ സഹായിക്കും.

English Summary: Steps to get more yield from Pomegremate
Published on: 09 March 2024, 11:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now