ഏതു രീതിയിലുള്ള മണ്ണും കാലാവസ്‌ഥയുമാണ് സപ്പോട്ട വളരാൻ അനുയോജ്യം
ഉഷ്ണമേഖലയിലെ ധാരാളം മഴയുള്ള തീരപ്രദേശങ്ങളിൽ സമൃദ്ധിയായി വളരുന്ന ഇവ നമ്മുടെ നാട്ടിൽ കൃഷി ചെയ്യാൻ വളരെ യോജിച്ചതാണ്. മണ്ണിന് നല്ല നീർവാർച്ച ഉണ്ടായിരിക്കണം. അധികം കളിയും കുമ്മായവും കാണുന്ന മണ്ണ് സപ്പോട്ട കൃഷിക്ക് യോജിച്ചതല്ല. അടിമണ്ണിൽ പാറകൾ കാണുന്ന സ്ഥലങ്ങൾ സപ്പോട്ട നടാൻ തിരഞ്ഞെടുക്കരുത്.
സപ്പോട്ടയിലെ പ്രവർധന രീതികൾ
പതിവയ്ക്കൽ, ഒട്ടിക്കൽ എന്നീ രീതികളിലാണ് പ്രധാനമായി സപ്പോട്ടയിൽ പ്രവർധനം നടത്തുന്നത്. സാപ്പഡില്ല കുടുംബത്തിലെ അംഗമായ ക്രീണി എന്ന സസ്യം മൂലകാണ്ഡമായി ഉപയോഗിച്ച് സപ്പോട്ടയിൽ ഒട്ടിക്കൽ അനായാസം ചെയ്യാൻ കഴിയുന്നു. സപ്പോട്ടയിൽ ചേർത്തൊട്ടിക്കൽ രീതിയിൽ ഒട്ടിക്കൽ നടത്താൻ മൂലകാണ്‌ഡമായി ഏറ്റവും യോജിച്ചത് കൃണിയാണ്.
സപ്പോട്ട നടാൻ അനുയോജ്യമായ സീസൺ
സപ്പോട്ട് നടാൻ ഏറ്റവും യോജിച്ച സമയം മേയ്-ജൂൺ ആണ്. കടുത്ത മഴയുള്ളപ്പോൾ നടീൽ ഒഴിവാക്കണം.
സപ്പോട്ട ഗ്രാഫ്റ്റുകൾ നടുന്ന രീതി
60 X 60 X 60 സെ.മീറ്റർ നീളം, വീതി, താഴ്ച്‌ച എന്ന ക്രമത്തിൽ കുഴികൾ 7-8 മീറ്റർ അകലത്തിൽ എടുത്ത് മേൽമണ്ണും ഉണക്ക ചാണകപ്പൊടിയും കൂടി നന്നായി കലർത്തി ഇട്ട് കുഴി നിറയ്ക്കണം. കുഴിയുടെ മധ്യഭാഗത്തായി ഇനി തൈ നടാം. കാലവർഷാരംഭത്തിൽ വേണം തൈ നടാൻ. നട്ട ശേഷം ചുവട്ടിലെ മണ്ണ് ഉറപ്പിക്കുയും നല്ല പോലെ നനയ്ക്കുകയും വേണം. വർഷം തോറും നല്ല പോലെ വളം ചെയ്യണം.
എന്തു പ്രായമെത്തുമ്പോൾ ഒട്ടുതൈകൾ കായ്ച്ചു തുടങ്ങുന്നു
രണ്ടാം വർഷം മുതൽ ഒട്ടുതൈകൾ കായ്ച്ചു തുടങ്ങും. പക്ഷേ നാലഞ്ചു വർഷങ്ങൾ വേണം നല്ല വിളവ് കിട്ടിത്തുടങ്ങാൻ. അഞ്ചാം വർഷം ശരാശരി 250 പഴങ്ങൾ വരെ കിട്ടും. അതു ക്രമേണ വർധിച്ച് മുപ്പതാമത്തെ വർഷത്തിൽ 3000-ൽപ്പരം പഴങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. 75 വർഷം കഴിഞ്ഞിട്ടും നല്ല വിളവ് ലഭിച്ച വൃക്ഷങ്ങൾ ഇല്ലാതില്ല. എങ്കിലും 40 വർഷത്തിലേറെ പ്രായം ചെന്ന വൃക്ഷത്തെ വാർധക്യം ബാധിച്ചതായി കണക്കാക്കാം.
സപ്പോട്ട എല്ലാ മാസങ്ങളിലും കായ്ക്കുമെങ്കിലും ജനുവരി-ഫെബ്രുവരി, മേയ്-ജൂൺ എന്നീ മാസങ്ങളിലാണ് കൂടുതൽ കായ്കൾ നൽകുന്നത്. തൊലിപ്പുറത്ത് നേർമയിൽ ഒരു പൊടി പറ്റിയിരിക്കുകയും നല്ല തവിട്ടുനിറം വരുകയും ചെയ്‌താൽ കായ്‌കൾ പറിക്കാൻ പാകമായി. നല്ല വണ്ണം വിളഞ്ഞ കായ്‌കൾ അഞ്ചു ദിവസങ്ങൾക്കകം നല്ല പോലെ പഴുക്കുകയും ചെയ്യും.