മെച്ചപ്പെട്ട വിളവ് ലഭിക്കുവാൻ ധാരാളം വളം ചേർക്കണം. പൂവിടലും കായുണ്ടാകലും മുളകിൽ രണ്ടു മൂന്നു മാസം നീണ്ടു നിൽക്കുന്നതിനാൽ അടിവളം ചേർക്കലിന് പുറമേ പല പ്രാവശ്യം മേൽവളവും നൽകണം.
ഹെക്ടറിന് 20-25 ടൺ എന്ന തോതിൽ ചാണകമോ കമ്പോസ്റ്റോ കോഴിവളമോ മണ്ണിൽ നന്നായി കലർത്തണം. ജൈവവളങ്ങൾക്ക് പുറമെ രാസവളങ്ങളും നൽകണം. 180 കി.ഗ്രാം അമോണിയം സൾഫേറ്റും 220 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റും 20 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും അടിവളമായി നൽകണം. കൂടാതെ 40 കി.ഗ്രാം അമോണിയം സൾഫേറ്റും 20 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും മേൽവളമായി നട്ടു മൂന്നാഴ്‌ച കഴിയുമ്പോൾ നൽകണം. ഒരു മാസം കൂടി കഴിഞ്ഞ് വീണ്ടും ഇതേ അളവിൽ വളപ്രയോഗം നടത്തണം. വളം ചേർത്തു കഴിഞ്ഞാൽ ഉടൻ നനയ്ക്കുകയും വേണം.
അടുക്കളത്തോട്ടത്തിൽ മുളക് പറിച്ചുനടാൻ സ്ഥലമൊരുക്കുമ്പോൾ അടിവളമായി ഒരു സെൻ്റിന് 100 കി.ഗ്രാം ഉണക്കി പൊടിച്ച ചാണകം നൽകണം. അതിൻ്റെ കൂടെ 750 ഗ്രാം അമോണിയം സൾഫേറ്റും ഒരു കിലോഗ്രാം സൂപ്പർ ഫോസ്‌ഫേറ്റും 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും കൂടി നൽകണം. പറിച്ചു നട്ട് 20-25 ദിവസങ്ങൾക്കു ശേഷം 375 ഗ്രാം അമോണിയം സൾഫേറ്റും 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും കൂടി മേൽവളമായി ചേർക്കണം.
രണ്ടോ മൂന്നോ തവണ ചെടികളുടെ ഇടയിളക്കി കൊടുക്കുകയും കളകൾ നീക്കം ചെയ്യുകയും വേണം. അതോടൊപ്പം മണ്ണ് ചെടിയുടെ ചുവട്ടിൽ കൂട്ടിക്കൊടുക്കണം.
രണ്ടര മൂന്നു മാസം പ്രായമാകുമ്പോൾ ചെടി പൂത്തു തുടങ്ങും. മൂന്നു മാസത്തോളം അതു നീണ്ടുനിൽക്കുന്നു. പുഷ്‌പിച്ചു ഒരു മാസത്തിനകം പച്ചമുളക് പറിച്ചെടുക്കാം.