അടുക്കളയില്‍ എല്ലാതരം കറിക്കൂട്ടിലും ഒരേ പ്രധാന്യത്തോട ഉപയോഗിക്കുന്ന വസ്തുവാണ് കറിവേപ്പ്. വീട്ടില്‍ തന്നെ ഒന്നോ രണ്ടോ കറിവേപ്പ് ചെടികള്‍ വളര്‍ത്തിയാല്‍ ഈ പ്രശ്നത്തിന് പരിഹാരമായി.
കറിവേപ്പ് വളര്‍ത്തി നല്ല പോലെ ഇലകള്‍ ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
1. നീളത്തില്‍ വളരാന്‍ അനുവദിക്കരുത്
വലിയ മരമായി നീളത്തില്‍ വളരാന്‍ കറിവേപ്പിനെ അനുവദിക്കരുത്. ഒരാള്‍ പൊക്കത്തിലെത്തിയാല്‍ കമ്പുകള്‍ മുറിച്ചു കൊടുക്കണം.
ഇങ്ങനെ ചെയ്താല്‍ ധാരാളം ശിഖിരങ്ങളുണ്ടായി ഇവയില്‍ നിറയെ ഇലകള്‍ വളരും.
2. വളപ്രയോഗം
കറിവേപ്പ് ചെടി വളര്‍ന്ന് നല്ല പോലെ ഇലകള്‍ നല്‍കാന്‍ വലിയ പ്രയാസമാണ്. ചെടി മുരടിച്ചു നില്‍ക്കുകയാണെന്ന പരാതിയായിരിക്കും മിക്കവര്‍ക്കും. തടത്തില്‍ ആവശ്യത്തിന് ജൈവവളം നല്‍കിയാല്‍ ഇലകള്‍ ധാരാളമുണ്ടാകും. ഒരു കിലോ ചാണപ്പോടി, ഒരു പിടി വീതം വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയും ഇടയ്ക്ക് തടത്തിലിട്ടു കൊടുക്കുക.
3. കഞ്ഞിവെള്ളം തളിക്കാം
കഞ്ഞിവെള്ളം കറിവേപ്പിന് നല്ലൊരു വളവും ജൈവ കീടനാശിനിയുമാണ്. രണ്ടോ മൂന്നോ ലിറ്റര്‍ കഞ്ഞിവെള്ളത്തില്‍ ഒരു പിടി കടലപ്പിണ്ണാക്കിട്ട് രണ്ടു ദിവസം പുളിക്കാന്‍ വയ്ക്കുക. നെല്ലിക്ക വലിപ്പത്തില്‍ ശര്‍ക്കരയുമിതിലേക്കിടുന്നത് നല്ലതാണ്.
രണ്ടു ദിവസം കഴിഞ്ഞ് ഈ ലായനിയെടുത്ത് ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യാം.
5. അടുക്കള അവശിഷ്ടങ്ങള്‍
കറിവേപ്പിന് നന്നായി വളരാനുള്ള വളം അടുക്കളയില്‍ നിന്നു തന്നെ ലഭിക്കും. മീന്‍-ഇറച്ചി എന്നിവ കഴുകിയ വെളളം നല്ല വളമാണ്. തടത്തില്‍ തളിച്ചു നല്‍കാം.
6. അടുക്കള അവശിഷ്ടങ്ങള്‍ കമ്പോസ്റ്റാക്കിയ ശേഷം വളമായി നല്‍കണം. ഭക്ഷണ പദാര്‍ഥങ്ങള്‍ അതു പോലെ ചുവട്ടിലിട്ടു നല്‍കിയാല്‍ ഉറുമ്പു പോലുള്ള പ്രാണികളുടെ ശല്യമുണ്ടാകും.
7. കറിവേപ്പ് വിളവെടുക്കുമ്പോള്‍ ഇലകള്‍ അടര്‍ത്തി എടുക്കാതെ ശീഖിരങ്ങള്‍ ഒടിച്ച് എടുക്കുകയാണ് വേണ്ടത്.ഇങ്ങനെ ചെയ്യുമ്പോള്‍ ഒടിച്ചതിന്റെ തഴെ നിന്ന് പുതിയ ധാരാളം തലപ്പുകള്‍ വന്നു കൊള്ളും.