മണ്ണിൻ്റെ pH 6.5 മുതൽ 6.8 വരെയായാൽ വളരെ നല്ലത്. വിത്ത് മുളപ്പിച്ച തൈകളാണ് നടാനായി ഉപയോഗിക്കുന്നത്. വർഷം മുഴുവൻ വാടാമല്ലി നടാം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. AGS 3 (വെള്ള). AGS 5 (പർപ്പിൾ), AGS 6 (പിങ്ക്) എന്നീ ഇനങ്ങൾ വാടാമല്ലിയിൽ ലഭ്യമാണു. ഒരു സെൻ്റിന് ഒന്നു മുതൽ രണ്ട് ഗ്രാം വിത്ത് ആവശ്യമാണ്.
ആവശ്യമെങ്കിൽ വിതയ്ക്കുന്നതിന് മുമ്പ് സ്യൂഡോമോണാസ് ഉപയോഗിച്ച് വിത്ത് പരിചരിക്കാവുന്നതാണ്. ബെഡുകൾ എടുത്ത് വിത്തു വിതയ്ക്കാം മൂന്നാഴ്ച കഴിഞ്ഞാൽ തൈകൾ പറിച്ചു നടാൻ പാകമാകും. വരികൾ തമ്മിൽ 30 സെൻ്റിമീറ്ററും വരിയിലെ ചെടികൾ തമ്മിൽ 30 സെന്റിമീറ്ററും അകലം പാലിക്കണം.
ഒരു സെന്റിന് ഏകദേശം 450 മുതൽ 500 തൈകൾ വേണ്ടി വരും. നിലമൊരുക്കുമ്പോൾ സെന്റ്റ് ഒന്നിന് 100 കിലോഗ്രാം ജൈവവളം ചേർക്കണം. ഒരു സെൻ്റിന് 200 : 25 : 250 ഗ്രാം NPK രണ്ടു തവണയായി മണ്ണിൽ ചേർത്തു കൊടുക്കണം. ശുപാർശ ചെയ്തിരിക്കുന്നതിൻ്റെ പകുതി നൈട്രജനും മുഴുവൻ ഫോസ്‌ഫറസും പൊട്ടാസ്യവും അടിവളമായും ബാക്കി പകുതി നൈട്രജൻ പറിച്ചുനട്ട് 45 ദിവസങ്ങൾക്ക് ശേഷവും നൽകാം.
മഴ കൂടുതലുള്ള സമയത്ത് 30 മുതൽ 45 ദിവസം ഇടവിട്ട് കളകൾ പറിച്ചു മാറ്റുന്നത് ചെടികളുടെ വളർച്ചയ്ക്ക് നല്ലതാണ്. പറിച്ചു നട്ട് 30 ദിവസത്തിനു ശേഷം ആഗ്ര മുകുളം നുള്ളി വിടുന്നത് കൂടുതൽ പാർശ്വശിഖരങ്ങൾ വളരാൻ സഹായിക്കുന്നു.
80 ദിവസം കഴിയുമ്പോൾ ഒരു ചെടിയിൽ നിന്നും 150 മുതൽ 200 ഗ്രാം വരെ പൂക്കൾ ലഭിക്കും. ഒരു സെന്ററിൽ നിന്നും 30 മുതൽ 35 കിലോ പൂക്കൾ വിളവെടുക്കാവുന്നതാണ്. സാധാരണ കിലോക്കു 60 മുതൽ 70രൂപ കിട്ടുമ്പോൾ സീസണിൽ ഇതിനു 180 വരെ ലഭിക്കും.
പൊതുവേ വാടാമല്ലിക്ക് കീടരോഗബാധകൾ കുറവാണ്. എന്നാൽ തണുപ്പും ഈർപ്പവും കൂടുതലുള്ള സാഹചര്യങ്ങളിൽ ഇലപ്പുള്ളി രോഗം വരാൻ സാധ്യതയുണ്ട്.