മഴ സമയത്ത് കൂട് നനയാതെ സൂക്ഷിക്കണം. അടിപ്പലകയിൽ വെള്ളത്തിന്റെ അംശം ഉണ്ടായാൽ മെഴുക് പുഴുക്കൾ വളരുന്നതിന് സഹായകമാവും. സെല്ലുകൾ അടച്ച് മെഴുക് പൊട്ടിച്ച് കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുമ്പോൾ കൂടിന്റെ അടിപ്പലകയിലേക്ക് വീഴുന്ന മെഴുകിന്റെയും വേലക്കാരിയീച്ചകൾ കൊണ്ട് വരുന്ന പൂമ്പൊടിയുടെയും അവശിഷ്ടങ്ങൾ മാറ്റി ആഴ്ചയിലൊരിക്കലെങ്കിലും തുടച്ച് വൃത്തിയാക്കി കൊടുക്കണം.
ഇങ്ങിനെ ചെയ്തില്ലെങ്കിൽ മെഴുക് ഭക്ഷിക്കാൻ വേണ്ടി വരുന്ന ഒരിനം ഷഡ്പദം അടിപ്പലകയിൽ മുട്ട ഇടുകയും മുട്ട വിരിഞ്ഞ് പുഴു ആകുകയും ആ മെഴുക് പുഴുക്കൾ തേനീച്ചക്കൂടിന്റെ സെല്ലുകളിൽ മൊത്തമായി കൈയേറി വല കെട്ടി നശിപ്പിക്കുകയും അത് കാരണം ഈച്ചകൾ കൂട് ഉപേക്ഷിച്ച് പോകുകയും ചെയ്യും.
മെഴുക് പുഴുവിനെ പ്രതിരോധിക്കാൻ അടിപ്പലകയിൽ മഞ്ഞൾ പൊടിയോ ഗന്ധകമോ ഇട്ട് വെക്കുന്നത് നല്ലതായിരിക്കും. പച്ചമഞ്ഞൾ കൊണ്ട് അടിപ്പലകയിൽ വരകളിട്ടാലും മതിയാവും. പ്രകൃതിയിൽ തേനാവുന്നത് വരെ നിർബന്ധമായും ലായനി കൊടുക്കേണ്ടി വരും. തേനീച്ചകളുടെ എണ്ണം പെരുകുന്നതിനനുസരിച്ച് ലായനിയുടെ അളവ് കൂട്ടുന്നത് നല്ലതായിരിക്കും.
അങ്ങനെ ചെയ്താൽ തേൻകാലം ആവുമ്പോഴേക്കും കൂട് നിറയെ തേനീച്ചകൾ ഉണ്ടാവാനും കൂടുതൽ തേൻ കിട്ടാനും സഹായകമാവും.
അടിപ്പലക വൃത്തിയാക്കുകയും പഞ്ചസാര ലായനി കൊടുക്കുകയും ചെയ്യുന്നത് ഒരേ ദിവസം തന്നെയായാൽ കുറഞ്ഞ സമയം കൊണ്ട് ഇവ രണ്ടും ചെയ്ത് തീർക്കാം. ക്ഷാമകാലം മുഴുവൻ ആഴ്ചയിലൊരിക്കൽ പഞ്ചസാര ലായനി കൊടുത്ത് കൂട് വൃത്തിയാക്കിയാൽ മാത്രം മതിയാവും. ഇങ്ങനെ പഞ്ചസാര ലായനി കൊടുത്തും കൂട് വൃത്തിയാക്കിയും കൂടുമായി കൂടുതൽ അടുക്കുമ്പോൾ തേനീച്ചകളോട് നമ്മളിണങ്ങും.