പ്രകൃതിയിലെ ഏതൊരു സൃഷ്‌ടിയും മറ്റൊരു സൃഷ്‌ടിക്ക് വേണ്ടിയുള്ളതാണ്. ഇവയുടെ പരസ്‌പര ബന്ധത്തിലൂടെ രണ്ട് സൃഷ്‌ടികളുടെയും നിലനിൽപ്പ് സാധ്യമാകുകയും ചെയ്യുന്നു. നില നിൽക്കുന്നതും നില നിർത്തേണ്ടതുമായ പ്രകൃതി നിയമമാണിത്.
സസ്യങ്ങളുടെ നില നിൽപ്പിന് മണ്ണും മണ്ണിൻ്റെ നലിനിൽപ്പിന് സസ്യങ്ങളും ആവശ്യമാണ്. ഇപ്രകാരം പരസ്‌പരാധിഷ്‌ഠിത ബന്ധം സസ്യങ്ങളും ജീവികളും തമ്മിലും ഉണ്ട്.
സസ്യ സൃഷ്‌ടി ജീവികളെ വിശപ്പകറ്റി നില നിർത്തുമ്പോൾ. ജീവികളുടെ വിസർജ്ജ്യം ആവശ്യമായ പോഷകങ്ങൾ നൽകി സസ്യങ്ങളെയും നിലനിർത്തുന്നു. ഈ ബന്ധം തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവ്വികർ. ഇവരുടെ കൃഷി രീതിയും ഈ പ്രപഞ്ച ബന്ധം ഉൾക്കൊള്ളുന്നതായിരുന്നു ഈ പ്രപഞ്ച ബന്ധ കൃഷിരീതി തന്നെയാണ് സുഗന്ധ വിളകൾക്കും അഭികാമ്യം. മണ്ണിൻ്റെ ഫലപുഷ്‌ടിയെ ദീർഘനാൾ നിലനിർത്താനും വർദ്ധിച്ച വിളവ് നേടാനും ഇത് വഴിയൊരുക്കും. അതോടൊപ്പം വിഷാംശരഹിത സുഗന്ധ വിളകൾ ഉത്പാദിപ്പിച്ച് ലോക ജനതയുടെ പ്രിയം നേടാനുമാകും.
പക്ഷികൾ, സൂക്ഷ്‌മ ജീവികൾ ജന്തുക്കൾ ഇവയുടെ വിസർജ്ജ്യവും അവയുടെ പ്രവർത്തനങ്ങളും മണ്ണിൻ്റെ ജൈവാംശ മേന്മയെ സഹായിക്കുന്ന ഘടകങ്ങളാണ് കൃഷിയിടത്തിലും അടുക്കളയിലും ഉ ണ്ടാകുന്ന ജൈവ അവശിഷ്ട്‌ടങ്ങളും മണ്ണിന് നല്ലതാണ്.
മണ്ണിൽ നിന്നും ഉയിർകൊണ്ടവ മണ്ണിലേക്ക് ലയിച്ച് ചേരണമെന്നത് പ്രകൃതി നിയമമാണ്. ഈ പ്രകൃതി നിയമമാണ് മണ്ണിന്റെ ഗുണം നിലനിർത്തി വരുന്നത്. ഇരുമ്പ് തുരുമ്പ് പിടിക്കുന്നതും തുരുമ്പ് മണ്ണായി മാറുന്നതും ഇതിനാണ് സസ്യാവശിഷ്‌ടങ്ങൾ മണ്ണിൽ ലയിക്കുന്നതും സസ്യ വേരുകൾ ഈ ഊർജ്ജത്തെ തങ്ങളിലേക്ക് ആഹരിക്കുന്നതും ഈ പ്രകൃതി നിയമത്തിൻ്റെ ഫലമാണ്
അടുക്കളയിൽ പാഴാക്കി കളയുന്ന കഞ്ഞിവെള്ളത്തിനും ഗുണങ്ങൾ നിരവധിയാണ്. സസ്യങ്ങളിൽ കോശങ്ങളുടെ സെല്ലുലോസ് ഭിത്തിയിൽ കൂടുതലായി കാണുന്ന കാർബോഹൈഡ്രേറ്റ് കഞ്ഞി വെള്ളത്തിലും ധാരാളമുണ്ട്. കൂടാതെ ചെടിത്തടങ്ങളിൽ കഞ്ഞിവെള്ളം ഒഴിക്കുന്നത് വഴി മണ്ണിലെ ഈർപ്പം കൂട്ടാം. കാക്കയും കോഴിയും തീറ്റ ചിക്കി പരത്തുന്നതും കാഷ്‌ഠിക്കുന്നതും ചെടികൾക്ക് നല്ല ഉ ത്തേജകവുമാണ്. ഇത്തരം കൃഷിയിടങ്ങൾ മണ്ണിരകളുടെ സാന്നിദ്ധ്യം ഉള്ളവയുമാണ്.
പച്ചിലവളം കൊണ്ട് മണ്ണിൽ ജൈവ പദാർത്ഥങ്ങളുടെ അളവ് കൂട്ടി വിളകളുടെ ഉത്പാദന ശേഷി വർധിപ്പിക്കാനാകും.
പച്ചില വളം മണ്ണിലെ അണു ജീവികളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. മണ്ണിൻ്റെ ഘടന നന്നാക്കുന്നു. വെള്ളവും മണ്ണും ഒലിച്ച് പോകുന്നത് തടയുന്നു.