കൊപ്ര ഉൽപാദനത്തിനായി തേങ്ങ പിളർന്ന് തേങ്ങാവെള്ളം കളഞ്ഞതിനു ശേഷമാണ് ഉണക്കാൻ വയ്‌ക്കേണ്ടത്. മുറിച്ചു വച്ച തേങ്ങയിൽ ഏകദേശം 42-46 ശതമാനം വരെ ജലാംശം കാണപ്പെടുന്നു. ആയതിനാൽ തേങ്ങ പിളർന്ന് മണിക്കുറുകൾക്കുള്ളിൽ ഉണക്കേണ്ടതാണ്. കൊപ്രയുടെ ഈർപ്പം 6 ശതമാനം ആക്കുകയാണ് ഉണക്കുന്നതിലൂടെ ചെയ്യുന്നത്.
ജലാംശം, കാർബൺ, പ്രോട്ടീൻ, ധാതുലവണങ്ങൾ മുതലായവ കൊപ്രയിൽ ഉള്ളതിനാൽ സൂക്ഷ്‌മാണുക്കൾ വളരാൻ സാധ്യതയേറെയാണ്. പ്രധാനമായും നാല് ജനുസ്സുകളിലെ കുമിളുകളാണ് കൊപ്രയെ ബാധിക്കുന്നത്. റൈസോപസ് (വെള്ള പൂപ്പൽ), ആസ്‌പർജില്ലസ് (ബ്രൗൺ/മഞ്ഞ/കറുപ്പ് പൂപ്പൽ), പെൻസീലിയം (പച്ച/മഞ്ഞ പൂപ്പൽ), ഫ്യൂസേറിയം (വെള്ള/പിങ്ക് പൂപ്പൽ) എന്നിവയാണ് പ്രധാനികൾ. ഇവയുടെ ആക്രമണം മൂലം നാൽപത് ശതമാനം വരെ എണ്ണ നഷ്ടം ഉണ്ടാകുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
കൊപ്രയുടെ ഈർപ്പം 12 ശതമാനം കൂടുതൽ ആണെങ്കിൽ ആസ്‌പർജില്ലസ് പുറപ്പെടുവിക്കുന്ന മാരകമായ അഫ്ളാടോക്സിനുകൾ ഉണ്ടാകുന്നതായി കാണാം. ഇവയ്ക്ക് ഉയർന്ന താപനില അതിജീവിച്ച് മനുഷ്യരിൽ മാരകമായ അസുഖങ്ങൾ ഉണ്ടാക്കാൻ കാരണമാകാം. ബാക്ടീരിയയുടെ ആക്രമണം മൂലം കൊപ്ര വഴുവഴുത്തതായി നശിച്ചുപോകുന്നു. കേടുവന്നു തുടങ്ങിയ കൊപ്രയിൽ കലവറ കീടങ്ങളുടെ ആക്രമണവും ഉണ്ടാകുന്നു. കീടങ്ങളുടെ ആക്രമണം മൂലം കൊപ്ര പൊടിഞ്ഞ്, അളവിൽ സാരമായ കുറവുണ്ടാകുന്നു. കൊപ്രയുടെ വിപണി വിലയെയും എണ്ണ ഉൽപാദനത്തെയും ബാധിക്കുന്ന ഘടകങ്ങളാണിവ.
കൃത്യമായി ഉണക്കിയ കൊപ്രയിൽ ഇത്തരത്തിലുള്ള നഷ്ടങ്ങൾ ഉണ്ടാകാറില്ല. ആയതിനാൽ കൊപ്ര സംസ്ക്‌കരണത്തിലും സംഭരണത്തിലും കൃത്യമായ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. കേടുവന്നതും ചീഞ്ഞതുമായ കൊപ്ര എണ്ണയുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നു. കൊപ്ര ഉത്പാദനത്തിൽ എടുക്കുമ്പോൾ തേങ്ങയുടെ പുറം ഭാഗത്തും കണ്ണിന്റെ ഭാഗത്തും കേടുപാടുകൾ ഇല്ല എന്ന് ഉറപ്പാക്കണം. ഇങ്ങനെയുള്ളവയുടെ ഉൾഭാഗത്ത് സാധാരണഗതിയിൽ കേടുപാടുകൾ കാണാറില്ല. കൂടുതൽ കാലം കൊപ്ര സൂക്ഷിക്കേണ്ട സാഹചര്യങ്ങളിൽ ഈർപ്പം 4 ശതമാനം വരെ കുറയക്കേണ്ടതാണ്. യാതൊരു കാരണവശാലും കൊപ്ര കൂന കൂട്ടിയിടാൻ പാടില്ല.
വെയ്ലത്തോ, പുക ഉപയോഗിച്ചോ, ചൂട് കാറ്റ് ഉപയോഗിച്ചോ, കൊപ്രയ്ക്കായി തേങ്ങ ഉണക്കാവുന്നതാണ്. വെയ്‌ലത്ത് ഉണക്കിയെടുക്കുവാൻ 8 ദിവസം വരെ എടുക്കും. വെയിലത്ത് ഉണക്കുമ്പോൾ കൊപ്രയിൽ മഴ, മഞ്ഞ് എന്നിവ മൂലം പുറമേയുള്ള ജലാംശം പറ്റിപിടിക്കുന്നത് വെളിച്ചെണ്ണയുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുകയും വെളിച്ചെണ്ണ പെട്ടെന്ന് കേടായി നശിക്കുകയും ചെയ്യാൻ കാരണമാകുന്നു. എന്നാൽ സോളാർ ഡ്രൈയർ ഉപയോഗിക്കുകയാണെങ്കിൽ കൊപ്രയുടെ ഗുണമേന്മ കൂടുന്നതോടൊപ്പം 4 ദിവസം കൊണ്ട് ഉണക്കിയെടുക്കാവുന്നതാണ്. 3500 മുതൽ 4000 വരെ തേങ്ങകൾ ഉണക്കാൻ സാധിക്കുന്ന വിവിധ തരത്തിലുള്ള കൊപ്ര ഡ്രയറുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.