ചാണകവും. ചാരവും, പച്ചിലകളും ഇട്ടുള്ള നമ്മുടെ പരമ്പരാഗത കൃഷി ജൈവവള പ്രയോഗകൃഷിയാണ്. ജൈവകൃഷി പാരമ്പര്യകൃഷിയിലേയ്ക്കുള്ള മടങ്ങിപ്പോക്കല്ല. ജിവനെപ്പറ്റി, പ്രപഞ്ചത്തെപ്പറ്റിയൊക്കെ മനസ്സിലാക്കിക്കൊണ്ട് നടത്തുന്ന മനുഷ്യ ഇടപെടലാണ്. ഇക്കോളജി എന്ന ശാസ്ത്രം പാലിച്ച് കൃഷി ചെയ്തു പഠിക്കുന്ന മനുഷ്യൻ Deep Ecology എന്ന വിഷയത്തിലേയ്ക്ക് കടക്കേണ്ടി വരും.
മണ്ണിന്റെ pH മൂല്യം ന്യൂട്രൽ (Neutral) ആയി നിർത്തുക എന്നത് കൃഷിയിലെ പരമപ്രധാനമായ കാര്യമാണ്. കൃഷിയിലെ pH എന്നത് അമ്ല -ക്ഷാര (Acid-Alkaline) നിലവാരം അളക്കുന്ന ഒരു അളവുകോലാണ്. അത് 0-14വരെയാണ്. നടുവിലെ 7 ആണ് Neutral നില. 7ന് താഴേയ്ക്ക് അമ്ലവും, 7ന് മുകളിലേയ്ക്ക് ക്ഷാരവുമാണ്. വെള്ളത്തിൻ്റെ pH മൂല്യം 7 ആയിരുന്നാൽ മാത്രമേ മത്സ്യകൃഷി സാധ്യമാവു. 7ന് താഴെ പോയാൽ മത്സ്യങ്ങൾക്ക് രോഗം വരും. മണ്ണിന്റെ pH മൂല്യം 7 ആയിരുന്നാൽ മാത്രമേ മണ്ണിൽ ചെടികൾക്ക് ആരോഗ്യത്തോടെ വളരുവാൻ സാധിക്കുകയുള്ളൂ. മനുഷ്യൻ്റെ രക്തത്തിൻ്റെ pHഉം 7 ആയിരിക്കണം. രക്തത്തിൻ്റെ pHമൂല്യം 7ൽ താഴെ ആയാൽ ഏതുസമയവും കുഴഞ്ഞു വീണ് മരണം സംഭവിയ്ക്കാം. മനുഷ്യൻ്റെ ഒട്ടുമിക്ക രോഗങ്ങൾക്കും കാരണം. pH മൂല്യത്തിന്റെ വ്യതിയാനമാണെന്ന് കാണാം.
pH മൂല്യം ഏഴ് ആയിരിയ്ക്കുമ്പോൾ, മണ്ണിൽ ഒരു പറ്റം സൂക്ഷ്മജീവികൾ ജീവിയ്ക്കുന്നുണ്ടാവും. ഇവയൊന്നും തന്നെ ചെടികൾക്ക് ദോഷകാരികളായിരിക്കില്ല. pH മൂല്യം 6ൽ ആണെങ്കിൽ അതിൽ ജീവിക്കുന്ന സൂക്ഷ്മജീവികൾ മറ്റൊരു പറ്റം ആയിരിയ്ക്കും. ഇവയൊക്കെ സസ്യങ്ങൾക്ക് രോഗം വരുത്തിത്തുടങ്ങും. വീണ്ടും pH താഴ്ന്ന് 5ൽ എത്തുമ്പോൾ pH 6ലും 7ലുമുള്ള സൂക്ഷ്മ ജീവികൾ ആയിരിക്കില്ല ഉണ്ടാവുക. ഇവയൊക്കെ തന്നെ ചെടികൾക്ക് ദോഷകാരികൾ ആയിരിക്കും.
ചെടികളുടെ കോശങ്ങൾക്ക് കരുത്തില്ലാതായാൽ തണ്ടുതുരപ്പൻ വർഗ്ഗത്തിൽപെട്ട ജീവികൾ വന്ന് ചെടികളെ തുരന്ന് നശിപ്പിക്കും. ചെടികളുടെ കോശങ്ങൾക്ക് കരുത്തു നല്കുന്നത് മണ്ണിലെ കാൽസ്യമാണ്. ഈ കാൽസ്യം തന്നെയാണ് pH മൂല്യം നിലനിർത്തേണ്ടതും. ആയതിനാൽ ഇവ രണ്ടും കുമ്മായത്തിന്റെ പ്രയോഗം കൊണ്ടാണ് ആധുനിക രീതിയിൽ പരിഹരിച്ചു വരുന്നത്.