ഏതു രീതിയിലുള്ള മണ്ണും കാലാവസ്‌ഥയുമാണ് വാഴ കൃഷി ചെയ്യുവാൻ അനുയോജ്യം
ഉഷ്ണമേഖലയിൽ നന്നായി വളരുന്ന വിളയാണ് വാഴ. ചൂടേറിയതും ധാരാളം മഴ ലഭിക്കുന്നതുമായ കാലാവസ്ഥയാണ് ഇതിന് ആവശ്യം. സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരം വരെ നന്നായി വളരുന്നു. ഇതിന്റെ വളർച്ചയ്ക്ക് അനുയോജ്യമായ താപനില 27° സെൽഷ്യസ് ആണ്.
ധാരാളം ജൈവവസ്‌തുക്കൾ അടങ്ങിയ മണ്ണാണ് ഇതിന്റെ കൃഷിക്ക് യോജിച്ചത്. ഇതിന്റെ വേരുകൾ ഏകദേശം മൂന്നടിയോളം ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നു. വാഴയുടെ മിക്കവാറും വേരുകൾ ഉപരിതലത്തിൽ നിന്നും ഒന്നര അടി ആഴത്തിലുള്ള മണ്ണിൽ കേന്ദ്രീകരിച്ചു വളരുന്നു. മണൽ കലർന്ന പശിമരാശി മണ്ണിലും ആറ്റിൻകര യിൽ കാണുന്നതായ അലൂവിയൽ മണ്ണിലും ഇവ നന്നായി വളരുന്നു. .
വാഴ നടാൻ നിലം തയാറാക്കുന്നതെങ്ങനെ
കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം നല്ലവണ്ണം ഉഴുതോ കിളച്ചോ ഒരുക്കണം. കളകളും കല്ലുകളും നീക്കം ചെയ്യണം. ശേഷം കുഴികളെടുക്കണം. 50 X 50 X 50 സെ.മീറ്റർ വീതം നീളം, വീതി, താഴ്ചയുളള കുഴികൾ വേണം വാഴ നടാൻ തയാറാക്കുന്നത്
.നടാൻ കന്നു തിരഞ്ഞെടുക്കുമ്പോൾ
പൊക്കം കുറഞ്ഞ്, ഇലകൾ വിരിഞ്ഞ് ദുർബലമായി വളരുന്ന വാട്ടർ സക്കർ നടാൻ യോജിച്ചവയല്ല. രോഗബാധയില്ലാത്തതും നല്ല ആരോഗ്യമുള്ളതുമായ മാതൃവാഴയിൽ നിന്ന് വേണം കന്നുകൾ തിരഞ്ഞെടുക്കാൻ.
കന്നുകൾ 3-4 മാസം പ്രായമുള്ളതും 700 ഗ്രാം മുതൽ ഒരു കി.ഗ്രാംവരെ ഭാരമുള്ളതും ഇല വിരിയാതെ സൂചി പോലെ വളരുന്നതുമായ സൂചികന്നുകൾ വേണം തിരഞ്ഞെടുക്കുവാൻ. കന്നുകൾക്ക് 35-45 സെ.മീറ്റർ ചുറ്റളവ് ഉണ്ടായിരിക്കണം.
നേന്ത്രൻ വാഴയുടെ കന്നുകൾ നടാൻ തയാറാക്കുന്ന വിധം
ചുവട്ടിലുള്ള മാണത്തോടൊപ്പം ശേഷിക്കത്തക്ക വിധം 15-20 സെ. മീറ്റർ നീളത്തിൽ കപട കാണ്ഡം നിർത്തി ബാക്കി ഭാഗം നീക്കം ചെയ്യണം. അതിനു ശേഷം കന്നുകൾ ചാണകവും ചാരവും കൂടി കലക്കിയ ലായനിയിൽ മുക്കിയെടുത്ത് സൂര്യപ്രകാശത്തു വച്ച് 3-4 ദിവസം ഉണക്കണം. ഇനി കന്നുകൾ നടാൻ ഉപയോഗിക്കാം.