വിത്തിലൂടെയാണ് മരോട്ടി വംശവർധനവ് നടത്തുന്നത് . വർഷകാലത്തെ തകൃതിയായ വളർച്ചയോടൊപ്പമുണ്ടാകുന്ന ഇളം ചില്ലകൾ മൂപ്പെത്തുന്ന മുറയ്ക്ക് മരോട്ടി മരങ്ങൾ പുഷ്‌പിക്കുന്നു. പേരയ്ക്കാ വലിപ്പത്തിലുള്ള ഇടത്തരം ഫലങ്ങൾക്കുള്ളിൽ ഫലമജ്ജയോടൊപ്പം ഇളം മഞ്ഞനിറത്തിലുള്ള വിത്തുകൾ 'പാക്ക് ചെയ്ത്‌തിരിക്കുന്നു.
സെപ്റ്റംബർ-ഒക്ടോബർ മാസം പാകമാകുന്ന കായ്കൾ നിലത്തു താനേ വീഴാറുണ്ട്. പാകമായാൽ കായ്കൾ ഏറിയ കൂറും വിണ്ട് വെടിച്ചിരിക്കും. ഫലമജ്ജ കൈ കൊണ്ട് മർദിച്ച്, പല ആവർത്തി കഴുകി അരിച്ചെടുത്ത്, ആറു ദിവസം തണലിൽ ഉണക്കുക. നന്നായി ഉണങ്ങിയ വിത്ത് വെള്ളത്തിൽ കുതിർത്താൽ ഉടനടി പാകാം.
തൈകൾ തയാറാക്കുന്ന വിധം
20x15 സെ.മീ. വലിപ്പവും 200 ഗേജ് കനവുമുള്ള പോളിത്തീൻ കവറിൽ തരിമണലും വളക്കൂറുള്ള മേൽമണ്ണും ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും ചേർത്തിളക്കി നിറച്ച് രണ്ടു വിത്തു വീതം പാകാം. വിത്ത് 2 സെ.മീറ്ററിൽ കൂടുതൽ താഴ്ത്തി നടുവാൻ പാടില്ല. വിത്തുകൾ തമ്മിൽ 4 സെ.മീ. അകലം ക്രമീകരിക്കുക.
നനയും തണലും ക്രമീകരിച്ച് നാലില പ്രായം മുതൽ ഇളക്കി നടാം. പ്രധാന കുഴിയിൽ തൈകൾ നഷ്ടപ്പെടാതെ നല്ല ശക്തിയോടെ വേഗതയിലുള്ള വളർച്ച ലഭിക്കാൻ ആറില പ്രായമെത്തണം.
കുഴിതയാറാക്കലും നടീലും
തൈകൾ നടാൻ ഏറ്റവും പറ്റിയ സമയം ആഗസ്റ്റു മാസത്തിൽ വലിയ മഴ കഴിയുന്ന മുറയ്ക്കാണ്. ഒരു ഇടത്തരം വൃക്ഷമെന്ന നിലയ്ക്ക് 50x50x50 സെ.മീ എന്ന അളവിൽ നീളം, വീതി, താഴ്‌ച ഇവ ക്രമീകരിച്ച് കുഴികുത്തി, മേൽമണ്ണും 4 കിലോ ഉണങ്ങിയ കാലിവളവും ചേർത്ത് കുടി പൂർണമായും മൂടുക. ആറിലപ്രായത്തിലുള്ള തൈ കവാാടെ പിള്ള കുഴിയിൽ വച്ച്, പോളിത്തീൻ കവർ മാറ്റി നടുക. താണ്ട്, തണൽ ജലസേചനം എന്നിവ ആവശ്യാനുസരണം നടത്തണം.