ചുക്കുണ്ടാക്കുന്നതിനു വേണ്ടി മുഖ്യമായും രണ്ടു ഘട്ടങ്ങളാണുള്ളത്.
ഇഞ്ചിയുടെ പുറം തൊലി ചുരണ്ടികളയുക
വെയിലിൽ ഉണക്കുക.
തൊലി കളയൽ
ഇഞ്ചിയുടെ പുറമെയുള്ള ആവരണം നീക്കുന്നതുവഴി ഇഞ്ചിയുടെ തൊലിയിലെ ചെറിയ ശൽക്കങ്ങൾ നീക്കം ചെയ്യപ്പെടുകയും ഉണങ്ങുന്നതിന്റെ സമയം കുറഞ്ഞു കിട്ടുകയും ചെയ്യുന്നു. കത്തി ഉപയോഗിച്ച് ആഴത്തിൽ ചുരണ്ടുന്നത് ഒഴിവാക്കണം. ഇത് ഇഞ്ചിയിലെ തൈലവും മറ്റും ഉൽപാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നു.
കൂടാതെ ബാഷ്‌പീകൃത തൈലത്തിന്റെ അളവ് കുറയ്ക്കുന്നു. തൊലി ചുരണ്ടിയ ഇഞ്ചി ഉണക്കുന്നതിന് മുമ്പ് കഴുകി വൃത്തിയാക്കുന്നു. ഇങ്ങനെ ഉണക്കിയ ചുക്കിന് നല്ല മണവും ഗുണവും ഉണ്ടായിരിക്കും.
ജമൈക്കൻ ചുക്കിനെ അപേക്ഷിച്ച് ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ചുക്ക് ആഴത്തിൽ തൊലി കളയുന്നവയാണ്. പ്രകന്ദത്തിലെ പരന്ന പ്രതലത്തിലെ തൊലി മാത്രമാണ് കളയുന്നത്. ഇങ്ങനെ ഉൽപാദിപ്പിക്കുന്ന ഇഞ്ചി റഫ് പീൽഡ് അല്ലെങ്കിൽ അൺ ബ്ലീച്ച്‌ഡ് ജിഞ്ചർ എന്നു പറയുന്നു. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ഒട്ടു മിക്ക ചുക്കും ഇത്തരത്തിലുളളതാണ്. ചില അവസരങ്ങളിൽ ഇന്ത്യയിൽ നിന്നും തൊലികളയാത്ത ചുക്കും കയറ്റുമതി ചെയ്യുന്നുണ്ട്.
ഇഞ്ചി വിളവെടുക്കുമ്പോൾ 80-82 ശതമാനം ഈർപ്പം ഉണ്ടായിരിക്കും. ഉണങ്ങിയ ചുക്ക് സംഭരിക്കുമ്പോൾ ഈർപ്പം 10 ശതമാനമാക്കി കുറച്ചു കൊണ്ടു വരുന്നു. പരമ്പരാഗത രീതിയിൽ തുറസ്സായ സ്ഥലങ്ങളിൽ നിരത്തി വെയിലിൽ ഉണക്കുമ്പോൾ 7-10 ദിവസം വേണ്ടി വരും. വെയിലിൽ ഉണക്കിയ ചുക്ക് തവിട്ടു നിറത്തിൽ ചുക്കി ചുളിഞ്ഞിരിക്കും. ഇതിൻ്റെ ഉൾഭാഗം ഇരുണ്ട തവിട്ടു നിറമായിരിക്കും. പച്ച ഇഞ്ചിയുടെ 19-25 ശതമാനമാക്കിയിരിക്കും ചുക്ക് ഇനത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് ഇതിൻ്റെ തൂക്കം വ്യത്യാസപ്പെട്ടിരിക്കുന്നു.