ഏകദേശം പത്തു മീറ്റർ വരെ ഉയരത്തിൽ പനിനീർ ചാമ്പ വളരുന്നു. ഇലകൾ നീണ്ട് രണ്ടറ്റവും കൂർത്തിരിക്കുന്നതിനാൽ കാണാൻ നല്ല ആകർഷണീയമാണ്.
പൂക്കളുടെ സവിശേഷത
ഇതിന്റെ പൂക്കൾ അനവധി കേസരങ്ങളോടെ വിരിഞ്ഞു നിൽക്കുന്നതു കാണാൻ നല്ല അഴകാണ്.
കായ്കളുടെ പ്രത്യേകത
കായ്കൾക്ക് ഗോൾഫ് ബാളിനോളം വലിപ്പം കാണുന്നു. കായകൾ പച്ച കലർന്ന ഇളം മഞ്ഞ നിറവും ഉരുണ്ടതുമായിരിക്കും. കാണാൻ നല്ല ഭംഗിയാണ്. മൃദുത്വമുള്ള പുറന്തോടാണ് തിന്നാൻ ഉപയോഗി ക്കുന്നത്. അതിനുള്ളിലായി ഒരു വലിയ വിത്ത് കാണുന്നു. ഇതിന്റെ പഴത്തിന് വാണിജ്യപ്രാധാന്യം വളരെ കുറവാണ്.
ഏതു രീതിയിലുള്ള കാലാവസ്ഥയും മണ്ണുമാണ് ഇതിന്റെ കൃഷിക്ക് അനുയോജ്യം
കേരളത്തിലെ കാലാവസ്ഥ ഇതിൻ്റെ കൃഷിക്ക് വളരെ യോജിച്ചതാണ്. ഈർപ്പമുള്ള അന്തരീക്ഷത്തിലും വരണ്ട കാലാവസ്ഥയിലും ഇത് കൃഷി ചെയ്യാം. സമുദ്ര നിരപ്പിൽ നിന്നും 500 മുതൽ 1200 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഏതു മണ്ണിലും പനിനീർ ചാമ്പയ്ക്ക് വളരാൻ കഴിയും. ഇളംപ്രായത്തിൽ ചുവട്ടിൽ വെള്ളം അധിക ദിവസം കെട്ടിക്കിടക്കാതെ സൂക്ഷിക്കണം.
ഏതു രീതിയിലുള്ള പ്രവർധനമാണ് പനിനീർ ചാമ്പയിൽ നടപ്പിലാക്കി വരുന്നത്
വിത്ത് കിളിർപ്പിച്ചും പതി വെച്ചും തൈകൾ ഉൽപ്പാദിപ്പിക്കാമെങ്കിലും എളുപ്പം വിത്ത് കിളിർപ്പിച്ചുള്ള രീതിയാണ്.
നടുന്ന വിധം എങ്ങനെയാണ്
50 സെ.മീറ്റർ നീളം, വീതി, താഴ്ചയിൽ കുഴിയെടുത്ത് മേൽമണ്ണും ഉണക്കി പൊടിച്ച ചാണകവും ചേർത്ത് കുഴിയുടെ മൂന്നിൽ രണ്ടു ഭാഗം മൂടണം. വർഷകാലാരംഭത്തോടെ കുഴിയുടെ മധ്യഭാഗത്തായി തൈ നടണം. നട്ട ശേഷം ചുവട് നല്ല പോലെ ഉറപ്പിക്കുകയും നനച്ചു കൊടുക്കുകയും വേണം. തുടർച്ചയായി ഉണക്കുണ്ടെങ്കിൽ ആഴ്ച്‌ചയിലൊരിക്കൽ നന്നായി നനയ്ക്കേണ്ടതാണ്. ചെടി വളർന്ന് തടി മുറ്റിക്കഴിഞ്ഞാൽ പിന്നെ അധികം ശ്രദ്ധ ആവശ്യമില്ല.
നട്ട് എത്ര വർഷം പ്രായമാകുമ്പോൾ പനിനീർ ചാമ്പ കായ്ച്ചു തുടങ്ങുന്നു
വളാംശമുള്ള മണ്ണിൽ വളരുന്ന വൃക്ഷങ്ങൾ അഞ്ചുവർഷം പ്രായമാകുമ്പോൾ കായ്ച്ചു തുടങ്ങും. നല്ല വളർച്ചയെത്തിയ ഒരു മരത്തിൽ നിന്നും 3 കി.ഗ്രാമിൽ കുറയാതെ കായ്കൾ ലഭിക്കുന്നു. ആദ്യ കാലങ്ങളിൽ കായ്കൾ വളരെ കുറവായിരിക്കും. ജനുവരി മാസത്തിലാണ് സാധാരണ ചെടി പൂക്കുന്നത്. മാർച്ച്-ഏപ്രിൽ മാസമാകുമ്പോഴേക്കും കായ്ക്കൾ വിളഞ്ഞു തുടങ്ങും.