തേയിലയിൽ ഏതു രീതിയിലുള്ള പ്രവർദ്ധനമാണ് സ്വീകരിച്ചു വരുന്നത് ?
വിത്ത് മുളപ്പിച്ചു തൈകൾ നട്ടാണ് സാധാരണ പ്രവർദ്ധനം നടത്തുന്നത്. വിത്തുകൾ വെള്ളത്തിലിട്ടാൽ മുങ്ങിക്കിടക്കുന്നവ മാത്രമേ മുളപ്പിക്കാനെടുക്കാവൂ. വിത്തു പാകി നാലോ ആറോ ആഴ്ചകൾ കൊണ്ട് മുളയ്ക്കാൻ തുടങ്ങും. 9-12 മാസം പ്രായമായാൽ തൈകൾ പറിച്ചു നടാം.
വിത്ത് കിളിർപ്പിച്ച് നേരിട്ട് തോട്ടത്തിൽ നടുകയോ 12-18 മാസം പ്രായമെത്തുമ്പോൾ തവാരണയിൽ നിന്നു പറിച്ചു നടുകയോ ചെയ്യാം.
തൂപ്പുവെട്ടിന്റെ പ്രധാന ഉദ്ദേശം എന്താണ് ? ഏതു ഘട്ടത്തിലാണ് തൂപ്പു വെട്ട് നടത്തേണ്ടത് ?
ചെടി വേരുപിടിച്ചു കഴിഞ്ഞാൽ അതു പന്തലിച്ച് ഒരു കുറ്റിച്ചെടിയായി വളരുന്നതിനും വിളവെടുക്കാൻ സൗകര്യപ്രദമായ ഉയരം നിലനിർത്തുവാനും വേണ്ടി കാലാകാലങ്ങളിൽ പലവിധ തൂപ്പുവെട്ടു പണികളും ചെയ്യാറുണ്ട്. ഇലനുള്ളൽ തുടങ്ങുന്നതിനു മുമ്പു തന്നെ ആദ്യമായി ചെയ്യേണ്ടത് തണ്ടുകളുടെ ഒരു ഫ്രെയിം അഥവാ ചട്ടക്കൂട് രൂപപ്പെടുത്തുക എന്നതാണ്. അങ്ങനെ ചെയ്യുന്നതുകൊണ്ട് ധാരാളം ശാഖകളും ഉപശാഖകളും ഉണ്ടാകുന്നു. ഇത്തരം തൂപ്പു വെട്ട് സാധാരണ നടത്തുന്നത് വളർച്ചയുടെ ആദ്യഘട്ടത്തിലാണ്.
തേയിലച്ചെടിയിൽ പ്രധാനശാഖ മുറിച്ചു മാറ്റുന്നതു മൂലം ചെടിക്ക് എന്ത് പ്രയോജനമാണ് ? എപ്പോഴാണ് അങ്ങനെ ചെയ്യേണ്ടത് ?
ചെടിയിലെ പ്രധാന തണ്ടായി വളരുന്ന അഗ്രശാഖയെ ചുവട്ടിൽ 8-10 മൂത്ത ഇലകൾ നിർത്തിയ ശേഷം അതിനു മുകളിൽ വച്ച് മുറിച്ചു മാറ്റണം. അങ്ങനെ ചെയ്യുന്നതു മൂലം ചുവട്ടിൽ നിന്നും ധാരാളം ശാഖകൾ പൊട്ടി വളരാൻ സഹായകമാകുന്നു.
നട്ട് 4-6 മാസത്തിനു ശേഷം അന്തരീക്ഷത്തിലും മണ്ണിലും വേണ്ട വിധം ഈർപ്പമുള്ളപ്പോൾ വേണം മുറിക്കലിനും നടത്തേണ്ടത്.
പ്രധാന ശാഖ മുറിച്ചതിനും കൊമ്പുകോതലിനും ശേഷം ആദ്യത്തെ വിളവെടുപ്പ് നടത്താം.
തണൽ ക്രമീകരണം തേയില കൃഷി ചെയ്യുമ്പോൾ തണൽ നൽകാൻ യോജിച്ച തണൽമരം ഏതാണ് ? അവ നട്ടു വളർത്തുന്ന രീതി എങ്ങനെയാണ് ?
തേയില തോട്ടത്തിൽ തണൽ ക്രമീകരിക്കാൻ കേരളത്തിൽ നട്ടു വളർത്തുന്നത് സാധാരണ സിൽവർ ഓക്ക് എന്ന മരമാണ്. വിത്തു പാകി കിളിർപ്പിച്ച തൈകൾ നടാൻ ഉപയോഗിക്കാം. തേയിലച്ചെടി കൾ നട്ട വരികളിൽ തന്നെ 6 x 6 മീറ്റർ അകലത്തിൽ 6-9 മാസം പ്രായമായ തൈകൾ നടാവുന്നതാണ്. നടുന്നതിനു മുമ്പ് മണ്ണിൽ 100 ഗ്രാം റോക്ഫോസ്ഫേറ്റും 400 ഗ്രാം ഡോളോമൈറ്റും ഓരോ കുഴിയിലും ചേർത്ത് കൊടുക്കണം. ചെറിയ തണൽ മാത്രമേ തേയിലയ്ക്ക് ആവശ്യമുള്ളൂ.
ശാഖകൾ മുറിക്കൽ ശാഖകൾ മുറിക്കുന്ന രീതി എങ്ങനെയാണ്
വശങ്ങളിൽ കാണുന്ന ശാഖകളിൽ നിന്നും മുകളിലേയ്ക്ക് കുത്തനെ വളർന്നു പൊങ്ങുന്ന കമ്പുകൾ മുറിച്ചു മാറ്റേണ്ടതാണ്. മഴ ആരംഭിക്കുന്നതിനു മുമ്പു തന്നെ ഇതു ചെയ്യണം. വശങ്ങളിലേയ്ക്ക് ഉള്ള ശാഖകൾ നിലനിർത്തുകയും വേണം.
മുറിച്ചു മാറ്റുന്ന ഉയരത്തിൻ്റെ അടിസ്ഥാനത്തിൽ ശാഖകൾ മുറിക്കൽ പല പേരുകളിൽ അറിയപ്പെടുന്നു. ഏപ്രിൽ-മേയ് മാസത്തിൽ 30 സെ.മീറ്റർ നീളത്തിൽ മുറിച്ചു മാറ്റുന്നതിനെ റെജുവിനേഷൻ അഥവാ പുനരുജ്ജീവനം എന്നറിയപ്പെടുന്നു. 30-45 സെ.മീറ്റർ ഉയരത്തിൽ ഏപ്രിൽ-മേയ് മാസത്തിൽ മുറിക്കുന്നതിനെ ഹാർഡ്പ്രൂണിംഗ് എന്നറിയപ്പെടുന്നു. 45-60 സെ: മീറ്റർ ഉയരത്തിൽ ആഗസ്റ്റ്-സെപ്‌തംബറിൽ മുറിക്കുന്നതിനെ ലൈറ്റ് പ്രൂണിംഗ് എന്നറിയപ്പെടുന്നു. സ്കിഫിംഗ് അഥവാ ലഘു പ്രൂണിംഗ് നടത്തുമ്പോൾ ഒക്റ്റോബർ മാസത്തിൽ 65 സെ.മീറ്റർ ഉയരത്തിലാണ് തൂപ്പു വെട്ടുന്നത്.