മലയാളിക്ക് കുടമ്പുളി ഏറെ സുപരിചിതമാണ്. മദ്ധ്യതിരുവിതാംകൂറിൽ ഇതിനു വളരെയധികം പ്രചാരമുണ്ട്. പിണംപുളി, മലബാർ പുളി, തോട്ടുപുളി, കൊറുക്കപുളി എന്നിങ്ങനെ പല പേരുകളിൽ ഇത് അറിയപ്പെടുന്നു. കുടമ്പുളി ചേർത്ത് തയ്യാറാക്കിയ മീൻകറിക്കു പ്രത്യേക സ്വാദാണ്. ഇതിന്റെ കായ്കളിൽ നിന്നു വേർതിരിച്ചെടുക്കുന്ന ഹൈഡ്രോക്സി സിട്രിക് ആസിഡ് എന്ന രാസവസ്തുവിന് അമിത വണ്ണം കുറയ്ക്കുവാനുള്ള കഴിവുണ്ട്.
തനിവിളയായും തെങ്ങ്, കമുക് എന്നിവയോടൊപ്പം ഒരിടവിളയായും കുടമ്പുളി കൃഷി ചെയ്യാം. 75 സെ. മീറ്റർ വീതം നീളം, വീതി, താഴ്ച എന്ന ക്രമത്തിൽ കുഴിയെടുത്ത് അതിൽ മേൽമണ്ണും ഉണങ്ങി പൊടിച്ച ചാണകവും തുല്യമായി കലർത്തി നിറച്ച ശേഷം തൈകൾ നടാവുന്നതാണ്. നട്ട തൈകളുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം.
മണ്ണിന്റെ തരമനുസരിച്ചും വളർച്ചാരീതി അനുസരിച്ചും ചെടികൾ തമ്മിലുള്ള അകലം വ്യത്യാസപ്പെടുന്നു. ഒട്ടുതൈകൾക്കു 4. മീ. വീതം അകലം നല്കിയാൽ മതി. വിത്തുതൈകൾക്ക് 7 മീറ്റർ വീതം അകലം നൽകണം. 15 ശതമാനമോ അതിൽ കൂടുതലോ ചരിവുള്ള കുന്നിൻ പ്രദേശങ്ങളിൽ 5 മുതൽ 5.5 മീറ്റർ അകലത്തിലുള്ള വരികളിലാണ് ഒട്ടുതൈകൾ നടേണ്ടത്. തൈകൾ തമ്മിൽ 3.5 മീറ്റർ അകലം മതിയാകും.
കാലവർഷാരംഭത്തോടെ ജൂലൈ മുതൽ ഒക്ടോബർ വരെ തൈകൾ നടാവുന്നതാണ്. 25 വർഷവും അതിൽ കൂടുതലും പ്രായമായ തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കുടമ്പുളി കൃഷി ചെയ്യുമ്പോൾ തെങ്ങും കുടമ്പുളിയും ഒന്നിടവിട്ട നിരകളിൽ വരത്തക്കവിധം വേണം നടാൻ. കുട്ടനാടൻ പ്രദേശങ്ങളിൽ ഇടവിട്ട് ബണ്ടുകളും തോടുകളും നിർമ്മിച്ചു തെങ്ങു നട്ടിട്ടുള്ള സ്ഥലങ്ങളിൽ രണ്ടു തെങ്ങുകൾക്കിടയിൽ ഒരു കുടമ്പുളി എന്ന രീതിയിൽ നട്ടു വളർത്താവുന്നതാണ്.
കുടമ്പുളി നടാനായി കുഴികൾ തയ്യാറാക്കിയ ശേഷം 5 കി. ഗ്രാം കാലി വളമോ കമ്പോസ്റ്റോ മേൽമണ്ണുമായി ചേർത്ത് ഇളക്കി നിറച്ച് അതിൽ 10 ഗ്രാം സെവിൻ 10% പൊടി (കീടനാശിനി) വിതറണം. ചിതലിന്റെ ആക്രമണത്തിൽനിന്നും സംരക്ഷണം നൽകാൻ ഇത് സഹായിക്കും. തൈകൾ നടുമ്പോൾ ഒട്ടിച്ച ഭാഗം മണ്ണിനു മുകളിൽ വരത്തക്കവിധം വേണം നടാൻ.