ഓണത്തിനു വിളവെടുക്കാൻ തുലാം അവസാനം ( നവംബർ പകുതി) ഞാലിപ്പൂവൻ വാഴക്കന്ന് നടും. ആദ്യം വയൽ കിളച്ചൊരുക്കി ചാൽ കോരും. ഏഴടി അകലത്തിൽ മാണത്തിൻ്റെ അളവുള്ള ചെറുകുഴി വെട്ടി അതിലാണ് കന്ന് നടുന്നത്. നട്ട് 35-40 ദിവസമാകുമ്പോൾ മൂന്നു മുതൽ നാല് ഇല വിരിയും. ഈ സമയം വാഴയുടെ തടം തെളിച്ച് കോഴി വളം, ചാണകം എന്നിവ നൽകും. കോഴിവളവും ചാണകവും കൂട്ടിച്ചേർത്ത് 10 ദിവസം കൂട്ടിയിടുമ്പോൾ നീറിപ്പൊടിയും. ഈ മിശ്രിതമാണ് ഒന്നാം വളമായി നൽകുക.
വാഴ നട്ടു മൂന്നാം മാസം രണ്ടാം വളം നൽകും. ഒന്നാം തവണത്തേതു പോലെ ചാണകം, കോഴിക്കാഷ്‌ഠം മിശ്രിതമാണ് നൽകുക. കോഴിവളത്തിൻ്റെ ചൂട് വാഴയെ ബാധിക്കാതിരിക്കാൻ എല്ലാ ദിവസവും നനയ്ക്കണം. 15 നാൾ കഴിഞ്ഞ് ജൈവവളവും യൂറിയയും ചേർക്കും
നാലും അഞ്ചും മാസങ്ങളിൽ കടലപ്പിണ്ണാക്ക് 100 ഗ്രാം വീതം നൽകും. നട്ട് ആറ് മാസം പിന്നിടുമ്പോൾ ആറ് തവണ വള പ്രയോഗം നടന്നിട്ടുണ്ടാകും. ഏഴാം മാസം വാഴ കുലയ്ക്കും. അടുത്ത രണ്ട് തവണ യൂറിയയും പൊട്ടാഷും മാത്രം 100 ഗ്രാം വീ തം നൽകും. അവശേഷിക്കുന്ന ഒരു മാസത്തോളം കാലം വളപ്രയോഗം ആവശ്യമില്ല. വാഴ നട്ട് ഒമ്പത്, 10 മാസമാകുമ്പോൾ കുല മുറിക്കാം. ഒരു കുലയ്ക്ക് സാധാരണ നിലയിൽ 12 കിലോ തൂക്കം കാണും.