തെങ്ങിനെ പ്രധാനമായും ഉപദ്രവിക്കുന്നത് രണ്ടിനം എലികളാണ്. കരിക്ക് കുത്തിനശിപ്പിക്കുന്ന വീട്ടെലിയും തൈകളുടെ ചുവട് കടിച്ചു മുറിക്കുന്ന എലിയും. പെരുച്ചാഴിയും ഉപദ്രവമാകാറുണ്ട്.
നിയന്ത്രണം
എലിവിഷം ഉപയോഗിച്ച് എലിയെ കൊല്ലുകയാണ് സാധാരണ രീതി. കറുത്ത് പൊടിരൂപത്തിലുള്ള സിങ്ക് ഫോസ്ലൈഡ് എന്ന വിഷമാണ് പ്രചാരത്തിലുള്ളത്. ഇത് ഭക്ഷണ സാധനങ്ങളിൽ കലർത്തി വയ്ക്കുന്നു. കഴിച്ചാലുടൻ എലി ചാകും. 3-4 ദിവസം വിഷം കലർത്തിയ തീറ്റവച്ച് അത് എലി എടുക്കുന്നുണ്ട് എന്നുറപ്പു വരുത്തിയിട്ടു വേണം വിഷത്തീറ്റ വയ്ക്കാൻ. വിഷം ഏതെങ്കിലും സസ്യഎണ്ണയിൽ ചാലിച്ചു വച്ചാൽ ഏറെ നല്ലത്.
ഇതിനു പുറമേ ബ്രോമോഡയലോൺ എന്ന വിഷം 0.005% വീര്യത്തിൽ കലർത്തിയ വിഷക്കട്ടകൾ വിപണിയിൽ വാങ്ങാൻ കിട്ടും. റോബൻ, മുഷ്-മുഷ് എന്നിങ്ങനെ പേരുകളിൽ. ഇത് എലി കഴിച്ചാൽ അതിന്റെ രക്തം കട്ടപിടിക്കാതെ തുടർച്ചയായി രക്തസ്രാവം ഉണ്ടാക്കി എലി ചാകും. 2-3 ദിവസം കൊണ്ടേ ചാകുകയുള്ളൂ.
ഇതു കൂടാതെ കേക്ക്, പേസ്റ്റ് എന്നീ രൂപങ്ങളിലും എലിവിഷം വാങ്ങാൻ കിട്ടും. പേസ്റ്റ് 'റാറ്റോൾ' എന്ന പേരിൽ വിപണിയിലുണ്ട്. ഇത് റൊട്ടിക്കഷണത്തിൽ ജാം പോലെ പുരട്ടി സാൻഡ്‌വിച്ചായി വച്ചാൽ മതി.
ഇതിനു പുറമേയാണ് പരമ്പരാഗത എലി നിയന്ത്രണ മാർഗങ്ങളായ എലിവില്ല്, എലിപ്പെട്ടി മുതലായവ. ഇവ വീട്ടെലികളെ പിടിക്കാൻ ഉത്തമമാണ്. കൂടാതെ റിമോട്ട് ട്രിഗേർഡ് ട്രാപ്പ്, സ്ട്രാപ്പ് ട്രാപ്പ്, മണ്ണെണ്ണ ടിൻ കെണി എന്നിവയുമുണ്ട്. ഇതിൽ മണ്ണെണ്ണ ടിൻ കെണി മുകൾവശം വെട്ടിക്കളഞ്ഞ മണ്ണെണ്ണപ്പാട്ട ഉപയോഗിച്ചു തയാറാക്കുന്നതാണ്. ഇതിൽ മുകളിൽ നിന്ന് 15 സെ.മീ. താഴെ നിൽക്കും വിധം വെള്ളം നിറയ്ക്കും.
കുറച്ച് പതിര് വെള്ളത്തിനു മുകളിൽ ഇട്ടാൽ എലിക്ക് വെള്ളം കാണാൻ സാധിക്കില്ല. ഉണക്ക മീനോ തേങ്ങ വറുത്തതോ ഭാരം കുറഞ്ഞ മരക്കഷണത്തിലോ കോർക്കിലോ ഉറപ്പിച്ച് പതിരിനു മുകളിൽ വയ്ക്കണം. എലിക്ക് മുകളിലേക്കു കയറാൻ ഒരു പലകക്കഷണവും ചാരി വയ്ക്കും. ഇരയെടുക്കാൻ വരുന്ന എലി അപ്രതീക്ഷിതമായി വെള്ളത്തിൽ വീണ് മുങ്ങിച്ചാകും.
വാർഫാറിൻ എന്ന എലിനാശിനി ഉപയോഗിച്ച് വിഷക്കട്ടകൾ നമുക്കു തന്നെ തയാറാക്കാൻ കഴിയും. ഇതും എലികളിൽ ആന്തരികരക്തസ്രാവമുണ്ടാക്കിയാണ് അവയെ കൊല്ലുന്നത് വാർഫാറിൻ കട്ട ഇങ്ങനെ തയാറാക്കാം. ഇതിനു വേണ്ട ചേരുവകൾ നോക്കാം.
അരിപ്പൊടി/ഗോതമ്പുപൊടി 63 ഭാഗം
ശർക്കര 2 ഭാഗം
മെഴുക് 30 ഭാഗം
വാർഫാറിൻ 5 ഭാഗം
ഒരു കുഴിയൻ പാത്രത്തിൽ തീറ്റയും ശർക്കരയും വാർഫാറിനും കൂട്ടി കലർത്തിയ ശേഷം അതിൽ ഉരുക്കിയ മെഴുക് ഒഴിച്ച് ഇളക്കി യോജിപ്പിക്കണം. കട്ടിയാകുമ്പോൾ 5 സെ.മീ. വലിപ്പത്തിൽ മുറിച്ചെടുക്കാം. തെങ്ങിന്റെ മണ്ടയിലും അതു പോലെ എലി സാധാരണ സഞ്ചരിക്കുന്ന വഴികളിലും ഈ കട്ടകൾ വയ്ക്കാം.