ഇഞ്ചിയുടെ ഏറ്റവും വിനാശകാരിയായ കീടമാണ് തണ്ടുതുരപ്പൻ പുഴുക്കൾ തണ്ടിനുള്ളിൽ തുരന്നു കയറി കോശങ്ങൾ തിന്നു തീർക്കുന്നതിന്റെ ഫലമായി ഇലകൾ മഞ്ഞളിച്ച് തണ്ട് ഉണങ്ങുന്നു. പുഴുക്കൾ തുരക്കുന്ന ദ്വാരങ്ങളിൽ കൂടി വിസർജ്യവസ്തുക്കൾ പുറത്തു വരുന്നതും ചിനപ്പിന്റെ മദ്ധ്യ ഭാഗത്തുള്ള തണ്ടുകൾ ഉണങ്ങുന്നതുമാണ് രോഗത്തിൻ്റെ ബാഹ്യ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ നിരീക്ഷിച്ച് ഈ കീടത്തിന്റെ ആക്രമണം കാലേക്കൂട്ടി നിർണ്ണയിക്കുവാൻ കഴിയും.
കീടനിയന്ത്രണത്തിന് മാലത്തിയോൺ (0.1%) 21 ദിവസത്തിലൊരിക്കൽ ജൂലായ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ തളിച്ച് കൊടുക്കണം. തണ്ടിന്റെ അഗ്രഭാഗത്തുള്ള ഇലകളിൽ മഞ്ഞളിപ്പ് കണ്ടാൽ ഉടൻ തന്നെ മരുന്നു തളി ആരംഭിക്കാം. കീടബാധയുള്ള തണ്ടുകൾ ജൂലായ് മുതൽ ആഗസ്തത് വരെയുള്ള സമയത്ത് രണ്ടാഴ്‌ച ഇടവിട്ട് മുറിച്ചുകളയുന്നത് ഈ കീടത്തെ നിയന്ത്രിക്കുവാനുള്ള മാർഗ്ഗമാണ്.
ശൽക്ക കീടങ്ങൾ
ശൽക്ക കീടങ്ങൾ ഇഞ്ചിത്തോട്ടങ്ങളിലും, സംഭരിച്ചു വയ്ക്കുന്ന ഇഞ്ചിയിലും കണ്ടു വരുന്നു. ഇവ പ്രകന്ദങ്ങളിലെ നീരൂറ്റി കുടിക്കുന്നതിന്റെ ഫലമായി പ്രകന്ദങ്ങൾ ശുഷ്‌കിച്ച്, ഉറച്ച് കട്ടിയായി തീരുന്നു. ശൽക കീടാക്രമണം വിത്തിഞ്ചിയുടെ ബീജാങ്കുരണ ശേഷിയെ സാരമായി ബാധിക്കുന്നു.
കീടാക്രമണം തടയുവാൻ വിത്തിഞ്ചി ക്വിനൽഫോസ് (0.075%) കീടനാശിനിയിൽ 30 മിനുട്ട് മുക്കിയെടുത്ത ശേഷം സംഭരിക്കുക. വീണ്ടും രോഗബാധ കാണാനിടയായാൽ നടുന്നതിന് മുമ്പ് ഒരിക്കൽ കൂടി ഈ പ്രക്രിയ ആവർത്തിക്കാം. രൂക്ഷമായി കീടബാധയേറ്റ പ്രകന്ദങ്ങൾ നശിപ്പിച്ചു കളയേണതാണ്.
മറ്റു കീടങ്ങൾ
ഇല ചുരുട്ടിപുഴു ഇഞ്ചിയിലകൾ തിന്നു നശിപ്പിക്കുന്നു. ഇവയെ നിയന്ത്രിക്കാൻ കാർബാറിൽ (0.1%) അല്ലെങ്കിൽ ഡൈമിത്തോയെറ്റ് (0.05%) ചെടികളിൽ തളിയ്ക്കാം.
വേരുതീനി പുഴു ഇഞ്ചിയുടെ ഇളം വേരുകൾ, ചെറു പ്രകന്ദങ്ങൾ എന്നിവയെ നശിപ്പിക്കുന്നു. കീടനിയന്ത്രണത്തിന് വാരങ്ങൾ ക്ലോർപൈറിഫോസ് (0.075%) ലായനി ഉപയോഗിച്ച് കുതിർക്കുക.