നഴ്സറി തടങ്ങളിലും പ്രായം കുറഞ്ഞ മുളക് തൈകളിലും അഴുകൽ സാധാരണയായി കാണാറുണ്ട്. വിത്ത് മുളയ്ക്കാതിരിക്കുക, തൈകൾ നന്നായി വളരാതി രിക്കുക തുടങ്ങിയവയാണ് ഇതിന്റെ ഫലം. പിതിയം, ഫൈറ്റോഫ്ലോറ, ഫ്യുസാരിയം, റൈസക്ടോറിയ തുടങ്ങിയ പലതരം കുമിളകൾ ഇതിന് കാരണമാണ്.
പ്രതിരോധമാർഗ്ഗങ്ങൾ
1. കൂട്ടം കൂടാതെയിരിക്കാൻ അധികം അടുപ്പിച്ചല്ലാതെ വേണം വിത്തുകൾ നടാൻ
2. ഇളക്കമുള്ളതും ചെറുതായി നനച്ചതും ശരിയായ നിർവാർച്ചയുള്ളതും നന്നായി അഴുകിപ്പൊടിഞ്ഞ കാലിവളം ചേർത്തതുമായ നഴ്സറി തടങ്ങളിൽ രോഗകാരികൾ വളരാൻ സാഹചര്യം കുറവാണ്. ഇതുവഴി ചീയൽ ഒഴിവാക്കാം.
3. രോഗാണുക്കളെ പ്രതിരോധിക്കുന്നതും രോഗവാഹകരല്ലാത്തതുമായ മറ്റുവിളകൾ ഉപയോഗിച്ച് രണ്ടോ മൂന്നോ വർഷത്തെ ഇടവേളകളിൽ വിളപരിക്രമണം നടത്തുന്നതും ഉയർന്ന നഴ്സറി തടങ്ങളിൽ തൈകൾ മുളപ്പിക്കുന്നതും രോഗസാധ്യത കുറയ്ക്കും.
4. നല്ല നീർവാർച്ചയ്ക്കായി നഴ്സറി തടങ്ങൾ ഉയർത്തി വേണം തയാറാക്കാൻ.
5. രാസകുമിൾനാശിനികൾ (ക്യാപ്റ്റാൻ) ഒരു കിലോ വിത്തിന് 2.5-3 ഗ്രാം എന്ന തോതിൽ ശുപാർശ ചെയ്യുന്നുണ്ട്.
6. ജൈവഏജന്റുകളായ റൈസോബാക്ടീരിയ അസോസ്പൈറില്ലം സ്പീഷിസ്, അസോബാക്ടർ സ്പീഷിസ്, സ്യൂഡോമൊണാസ് ഫ്ളൂറസെൻസ് എന്നിവ വിത്ത് മുളക്കുന്നത് സഹായിക്കുകയും റൈസോക്ടോണി സൊളാനി മൂലമുള്ള ചീയൽ രോഗത്തെ തടയുകയും ചെയ്യും. പിതിയം സ്പീഷിസ് മൂലമുള്ള ചീയൽ തടയുന്നതിന് ട്രൈക്കോഡെർമ്മ വിരിഡേ, ട്രൈക്കോഡെർമ്മ ഹാർസിയാനം, ലേറ്റി സാരിയ അർവാലിസ് എന്നിവയുടെ ഉപയോഗം സഹായിക്കും. ഇവ കുമിൾനാശിനികളുടെ അത്ര തന്നെ ഫലപ്രദമായി ഉപയോഗിക്കാം.
7. കൃഷിയിടം സുതാര്യമായ പ്ലാസ്റ്റിക് ഉപയോഗിച്ചു് വേനൽക്കാലത്ത് രണ്ടോ മൂന്നോ മാസത്തേയ്ക്ക് മൂടിയിടുന്നതും (Tarping) മെറ്റാലാക്സിൽ രണ്ടു തവണ തളിച്ചുകൊടുക്കുന്നതുമായ സംയോജിത രീതി ഉപയോഗപ്പെടുത്താം. ഈ രീതി ഫലപ്രദവും ചെലവു കുറഞ്ഞതുമാണ്.