കുരുടിപ്പ് രോഗം അഥവാ മൊസൈക് രോഗം, മരച്ചീനി കൃഷി ചെയ്യുന്ന എല്ലാ രാജ്യങ്ങളിലും കർഷകർ നേരിടുന്ന പ്രധാന ഭീഷണി ആണ്. ചെടിയുടെ ഇനം, കാലാവസ്ഥ, പ്രായം, വൈറസിന്റെ അളവ് എന്നിവയെ ആശ്രയിച്ചിരിക്കും രോഗതീവ്രത. ഇലകൾക്ക് രൂപാന്തരമുണ്ടാക്കി വികൃതമാക്കുന്നു.
നടീൽ വസ്‌തുവിലൂടെയും വെള്ളീച്ചകളിലൂടെയുമാണ് രോഗ സംക്രമണം. രോഗം ബാധിച്ച, കപ്പത്തണ്ടാണ് നടാൻ ഉപയോഗിക്കുന്നതെങ്കിൽ, പൊടിച്ച് വരുമ്പോൾ തന്നെ രോഗം ബാധിയ്ക്കുകയും കൂടുതൽ വിളനാശം ഉണ്ടാകുകയും ചെയ്യും. എന്നാൽ, ചെടിയ്ക്ക് 5-6 മാസം വളർച്ചയെത്തിയതിന് ശേഷമാണ് രോഗം വരുന്നതെങ്കിൽ, വിളനഷ്ടം കുറവായിരിക്കും.
രോഗ നിയന്ത്രണത്തിനായുള്ള മുൻകരുതലുകൾ
കേന്ദ്ര കിഴങ്ങ് വിള ഗവേഷണ സ്ഥാപനത്തിൽ നിന്ന് രോഗ പ്രതിരോധ ശക്തിയുള്ള പല ഇനങ്ങളും പുറത്തിറക്കിയിട്ടിട്ടുണ്ട്. ശ്രീ രക്ഷ, ശ്രീ ശക്തി, ശ്രീ സുവർണ, ശ്രീ കാവേരി തുടങ്ങിയവ.
രോഗമില്ലാത്ത തണ്ടുകൾ മാത്രം നടാൻ ഉപയോഗിക്കുക
കൃഷിയിടത്തിൽ വച്ച് തന്നെ രോഗമില്ലാത്തവയെ ശ്രദ്ധാപൂർവം അടയാളപ്പെടുത്തുക. ഒന്നോ രണ്ടോ മുളകൾ മാത്രമുള്ള തൈകൾ നഴ്‌സറിയിൽ ഉണ്ടാക്കി കൃഷിയിടത്തിലേക്ക് പറിച്ച് നടുന്ന രീതി സ്വീകരിക്കുകയാണെങ്കിൽ, ആദ്യമേ രോഗം ബാധിക്കുന്ന തൈകളെ തിരിച്ചറിഞ്ഞു മാറ്റാൻ കഴിയും.
കൃഷിയിട ശുചീകരണം- മുന്നാത്തെ വിളയുടെ അവശിഷ്ടങ്ങൾ മാറ്റുകയോ ശരിയായ രീതിയിൽ സംസ്‌കരിക്കുകയോ ചെയ്യുക. ഒപ്പം തനിയെ മുളച്ച മരച്ചീനി പറിച്ച് കളയുക.