കൃഷിമുറകളിൽ ഒരു ശാസ്ത്രീയ സമീപനത്തിൻ്റെ പ്രാധാന്യതയ്ക്കാണ് ഈ ചൊല്ല് ഊന്നൽ നൽകുന്നത്. ഇന്നിപ്പോൾ ഏതൊരു കാർഷികവിളയുടെ കാര്യത്തിലായാലും കളകൾ വളരാൻ അനുവദിക്കാതെ അവയെ നശിപ്പിക്കുകയാണ് ഏറ്റവും അഭികാമ്യമെന്നാണ് ശാസ്ത്രീയ കാഴ്‌ചപ്പാട്. കളകൾ കുറച്ചു വളരുവാൻ അനുവദിച്ച ശേഷം വളർച്ചയുടെ ഒരു ഘട്ടമെത്തുമ്പോൾ അവയെ നശിപ്പിക്കുകയായിരിക്കും ഉത്തമമെന്ന നിഗമനവും നില നിന്നിരുന്നു. അൽപ്പമാത്രമായിപ്പോലും കളകൾ വളരുവാൻ അനുവദിച്ചാൽ വിളകൾക്ക് കിട്ടേണ്ടതായ പോഷകമൂലകങ്ങളാകും അവ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്തുക. അതിനവസരമുണ്ടാകാതെ കളകൾ മുളച്ചു തുടങ്ങുമ്പോൾ തന്നെ അവയെ ഉൻമൂലനം ചെയ്യുകയാണ് ഏറ്റവും ശാസ്ത്രീയമായ സമീപനം.
എത്രയോ കാലങ്ങൾക്കു മുൻപു തന്നെ നമ്മുടെ പൂർവികരായ കർഷകർ ഈ ശാസ്ത്രീയ കൃഷിരീതി സ്വീകരിച്ചിരുന്നു എന്നതു കൊണ്ടാണല്ലോ 'ഉഴവിലേ കളതീർക്കണം' എന്നു നിർദേശിച്ചിരുന്നത്. വിത്തിറക്കുവാനായി കൃഷിയിടം ഒരുക്കുമ്പോൾ തന്നെ കളകൾ നശിപ്പിച്ചിരിക്കണമെന്നാണ് സൂചന. ശരിയായ രീതിയിൽ ഉഴവു നടത്തുകയും കൃഷിയിടം നന്നായി പരുവപ്പെടുത്തുകയും വെള്ളം അങ്ങിങ്ങായി കെട്ടി നിൽക്കാത്തവിധം നിലം നല്ല നിരപ്പായി കിടക്കുകയും ചെയ്താൽ തന്നെ നല്ലൊരുപങ്ക് കളശല്യം ഒഴിവാക്കുവാൻ കഴിയുമെന്നാണ് യഥാർഥ കൃഷി ക്കാരുടെ പക്ഷം.
ഉഴവിന്റെ കാര്യത്തിൽ പഴയകാലത്തെ കൃഷി സമ്പ്രദായവുമായി തട്ടിച്ചു നോക്കുമ്പോൾ നാം വേണ്ടത്ര പ്രാധാന്യം നൽകുന്നുണ്ടോ? നിലം രണ്ടും മൂന്നും ചാല് പൂട്ടുകയും നന്നായി നിരപ്പടിക്കുകയുമൊക്കെ ചെയ്യുന്നത് പണ്ട് പതിവു രീതിയായിരുന്നു. കൊയ്ത്‌തു കഴിഞ്ഞാലുടൻ തന്നെ, പ്രത്യേകിച്ച് രണ്ടാം വിള കൊയ്ത്തിനു ശേഷം, നെൽപ്പാടം ഒരു ചാൽ ഉഴവു നടത്തുന്ന പതിവും അന്നുണ്ടായിരുന്നു.
വേനൽച്ചാലു പൂട്ടുക, കച്ചിക്കുറ്റി ഒടിക്കുക എന്നിങ്ങനെയാണ് ചില പ്രദേശങ്ങളിൽ ഈ ഉഴവിനെ പറഞ്ഞിരുന്നത്. ഇന്നിപ്പോൾ കാളയും കലപ്പയും തടിച്ചെരുപ്പും ചക്രവും അറയുമെല്ലാം നമ്മുടെ നെൽക്കൃഷിരംഗത്തു നിന്ന് അപ്രത്യക്ഷമായി ക്കൊണ്ടിരിക്കുകയുമാണ്.
ട്രാക്റ്ററോ പവർടില്ലറോ ഉപയോഗിച്ചുള്ള, മണ്ണുമായി മനുഷ്യസ്പർശമില്ലാത്ത യാന്ത്രിക ഉഴവാണല്ലോ ഇപ്പോൾ നാം നടത്തുന്നത്. യന്ത്രങ്ങൾ ഉപയോഗിക്കാതെ ഇന്നു നെൽക്കൃഷി സാധ്യമല്ലെന്നത് യാഥാർഥ്യം തന്നെയാണ്. പക്ഷേ മിക്കപ്പോഴും കൃഷിയിടം വേണ്ട വിധം ഉഴവാകുകയോ പരുവപ്പെടുകയോ ചെയ്യുന്നില്ല. ശരിയായ രീതിയിൽ നിലം ഉഴുത് നിരപ്പാക്കി കൃഷി ചെയ്‌താൽ തന്നെ നല്ലൊരളവ് കളനിയന്ത്രണം സാധ്യമാകും. അതുകൊണ്ടാണ് കാരണവൻമാർ പറഞ്ഞത് 'ഉഴവിലേ കള തീർക്കണം' എന്ന്.