നല്ല ചൂടും ഈർപ്പവുമുള്ള ഉഷ്‌ണമേഖലാ പ്രദേശമാണ് ഇഞ്ചി കൃഷിക്കനുയോജ്യം. സമുദ്ര നിരപ്പിൽ നിന്നും 1500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഇഞ്ചി കൃഷി ചെയ്‌തു വരുന്നു. മഴ ലഭിക്കുന്ന പ്രദേശങ്ങളിലും ജലസേചന സൗകര്യമുള്ളിടത്തും ഇഞ്ചി കൃഷി ചെയ്യാം.
ഇഞ്ചികൃഷിക്ക് നടുന്നതു മുതൽ മുളക്കുന്നതുവരെ മിതമായ മഴയും, വളരുന്ന സമയത്ത് ക്രമമായ നല്ല മഴയും വിളവെടുപ്പിൻ്റെ തൊട്ടുമുമ്പായി വരണ്ട കാലാവസ്ഥയും ലഭിക്കണം. വെള്ളം കെട്ടിനിൽക്കാത്ത പശിമരാശിയേറിയ മണ്ണാണ് ഇഞ്ചിക്കാവശ്യം. ധാരാളം പോഷകാംശം വലിച്ചെടുക്കുന്ന വിളയാണ് ഇഞ്ചി. അതിനാൽ ഒരേ സ്ഥലത്ത് തുടർച്ചയായി ഇഞ്ചികൃഷി ചെയ്യുന്നത് അഭികാമ്യമല്ല.
മൃദു ചീയൽ
മൃദുചീയൽ അഥവാ മുടു ചീയലാണ് ഇഞ്ചിയുടെ ഏറ്റവും മാരകമായ രോഗം. പിത്തിയം അഫാനിഡർമേറ്റം എന്നയിനം കുമിളാണ് ഈ രോഗത്തിനു കാരണം. കൂടാത പിത്തിയം വെക്‌സൻസ്, പിത്തിയം മിറിയോടൈലം എന്നീ കുമിളുകളും രോഗത്തിന് കാരണമാകുന്നുണ്ട്. മഴക്കാലത്ത് കുമിളിൻ്റെ പ്രജനനം മണ്ണിൽ വർദ്ധിക്കുന്നു. മുളച്ച് വരുന്ന ചെടികൾക്കാണ് ആദ്യം കുമിൾബാധ ഉണ്ടാകുന്നത്. ചെടിയുടെ കടഭാഗത്ത് കുമിൾ ബാധയേറ്റ് അവിടെ നനഞ്ഞ പാടുകൾ ഉണ്ടാകുന്നു.
ഈ പാടുകൾ തണ്ടിൻ്റെ മുകൾ ഭാഗത്തേക്കും കടഭാഗത്തേക്കും വ്യാപിക്കുന്നു. ക്രമേണ തണ്ട് ചീഞ്ഞുണങ്ങുന്നതായി കണ്ടു വരുന്നു. ഇതിനു പുറമെ വേരുകളിലും കുമിൾ ബാധ കാണാറുണ്ട്. ഇലകളുടെ അരിക് മഞ്ഞ നിറമായി ക്രമേണ മുഴുവൻ ഇലകളും മഞ്ഞളിക്കുന്നു. പ്രാരംഭ ഘട്ടത്തിൽ ഇലയുടെ അരിക് മാത്രം മഞ്ഞളിക്കുന്നത് കാണാം. മഞ്ഞളിപ്പ് വ്യാപിക്കുന്നതോട് കൂടി ഇലകൾ കൂമ്പി ഇലകളും തണ്ടും ഉണങ്ങിപ്പോകുന്നു.
വിത്തിഞ്ചി മാങ്കോസബ് 0.3 ലായനിയിൽ 30 മിനുറ്റ് മുക്കിയെടുത്ത് തണലിലിട്ട് വെള്ളം വാർത്തതിനു ശേഷം നടുവാനുപയോഗിച്ചാൽ രോഗം ഒരു പരിധിവരെ നിയന്ത്രിക്കാം. നീർവാർച്ചയുള്ള പ്രദേശം മാത്രമേ ഇഞ്ചികൃഷിക്കായി തിരഞ്ഞെടുക്കാവൂ. വിത്തിഞ്ചി രോഗമില്ലാത്ത പ്രദേശങ്ങളിൽ നിന്ന് മാത്രം സംഭരിക്കവാൻ പ്രത്യേകം ശ്രദ്ധിക്കണം. ട്രൈക്കോഡെർമ എന്ന ജൈവ കുമിൾ 1 കി. വേപ്പിൻ പിണ്ണാക്കിൽ കലർത്തി വാരങ്ങളിൽ ഇടുന്നത് രോഗ നിയന്ത്രണത്തിലുള്ള ഒരു മാർഗ്ഗമാണ്. രോഗബാധയേറ്റ ചെടികൾ യഥാസമയം പറിച്ചുകളയുകയും മാങ്കോസബ് 0.3% ലായനി വാരങ്ങളിൽ കുതിർക്കുകയും വേണം.