ചെടികളുടെ തലപ്പ് മുറിച്ചുമാറ്റുമ്പോൾ സ്വാഭാവികമായും ചെടികളുടെ വളർച്ച കുറയുന്നു, അതിനാൽ കായിക വളർച്ചയും, പ്രത്യുൽപ്പാദന വളർച്ചയും തമ്മിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്തുവാൻ സാധിക്കുന്നു. ചെടികളുടെ ഉയരം കുറയ്ക്കുന്നതിന് പ്രൂണിങ് സഹായിക്കുന്നു എന്നു മാത്രമല്ല, മരങ്ങളുടെ ചെറുശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിനോടൊപ്പം അവയിലുള്ള കാർബോഹൈഡ്രേറ്റുകളും നഷ്ടമാകുന്നു. തണ്ടും ഇലകളും നീക്കം ചെയ്യുമ്പോൾ ഭക്ഷ്യോൽപ്പാദനത്തിൻ്റെ തോത് ചെടികളിൽ കുറയുകയാണ് ചെയ്യുന്നത്.
കായിക-പ്രത്യുൽപ്പാദന സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് പ്രൂണിങ് സഹായകമാണ്. തലപ്പ് മുറിച്ചുമാറ്റുമ്പോൾ ആ ചെടിയുടെ അനേകം വളരുന്ന സ്ഥാനങ്ങൾ നഷ്‌ടപ്പെടുന്നു. അവശേഷിക്കുന്ന ചുരുക്കം ചില സ്ഥാനങ്ങളിലേക്ക് നൈട്രജനും മറ്റ് അത്യാവശ്യ സാധനങ്ങളും പ്രവഹിക്കുന്നു. അത് കോശവർധനവിന് അനുകൂലമായ ഒരു ഘടകമാണ്.
ചുരുക്കത്തിൽ തലപ്പ് മുറിക്കുമ്പോൾ കാർബോഹൈഡ്രേറ്റ് കോശവിഭജനത്തിന് ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നതു മൂലം കായികവളർച്ച ത്വരിതപ്പെടുത്തുകയും ഉൽപ്പാദനഘട്ടം മന്ദീഭവിക്കുകയും ചെയ്യുന്നു. ഇത് എപ്പോഴും അഭികാമ്യമായിരിക്കണമെന്നില്ല. അതു കൊണ്ട് ചെടിയുടെ വളർച്ചാഘട്ടം പരിഗണിച്ചാണ് പ്രൂണിങ് ചെയ്യേണ്ടത്.
ഉദാഹരണമായി വളരെ വീര്യത്തോടു വളർന്നു വരുന്ന ഇളം ശിഖരങ്ങൾക്ക് വളരെ ലഘുവായ രീതിയിലുള്ള പ്രൂണിങ് മതിയാകും. അതേസമയം മൂത്തതും, ബലഹീനവും ആയ പഴത്തോട്ടങ്ങളിലെ മരങ്ങൾക്ക് കഠിനമായ പ്രൂണിങ് നൽകാം, കാരണം വീര്യമുള്ള പുതുശിഖരങ്ങൾ ഉണ്ടാകുന്നതിന് ഇത് സഹായിക്കും.